അതങ്ങനെയേ വരൂ... 'സിബിഐ'യുടെ കണ്‍മുന്നില്‍ 2.8 ലക്ഷം രൂപ മോഷ്ടിച്ച കള്ളനെ പിടിക്കാന്‍ അവസാനം കേരള പോലീസിന് തന്നെ വരേണ്ടി വന്നു; ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്ക് നടന്ന മേഷണം കൗണ്ടര്‍ പൊളിച്ച്; രണ്ടു ദിവസത്തെ വരുമാനവും ബാങ്ക് ഡ്രാഫ്റ്റ് എടുക്കാന്‍ സൂക്ഷിച്ച പണവും നഷ്ടമായി

സാധാരണ കേരള പോലീസ് അന്വേഷിച്ചാലൊന്നും പലര്‍ക്കും പിടിക്കില്ല. സാക്ഷാല്‍ സിബിഐ തന്നെ വരണം. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ്. ആ സിബിഐ അന്വേഷിക്കേണ്ട പോലീസ് അന്വേഷിച്ചാല്‍ മതി. 'സിബിഐ'യുടെ കണ്‍മുന്നില്‍ നിന്നും 2.8 ലക്ഷം രൂപ മോഷ്ടിച്ചാണ് കള്ളന്‍ കടന്നു കളഞ്ഞത്. 'സിബിഐ 5' സിനിമ പ്രദര്‍ശിപ്പിക്കുന്ന കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി–ശ്രീ തിയറ്റര്‍ കോംപ്ലക്‌സിലെ ഭക്ഷണ കൗണ്ടറുകളില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കു ശേഷം മോഷണം നടന്നത്.
സിബിഐയുടെ അന്വേഷണം തകര്‍ത്ത് കയ്യടി നേടിയപ്പോഴാണ് കള്ളന്റെ വിലാസം. കൈരളി തിയറ്ററിന്റെ ഫസ്റ്റ് ക്ലാസ് പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള ഭക്ഷണ കൗണ്ടറില്‍നിന്നാണ് ഏറ്റവുമധികം തുക മോഷണം പോയത്. കൈരളി തിയറ്ററിന്റെ ബാല്‍ക്കണി, ശ്രീ തിയറ്ററിന്റെ പ്രവേശനകവാടം എന്നിവയുടെ സമീപത്തുള്ള രണ്ടാമത്തെ കൗണ്ടറില്‍ നിന്ന് അയ്യായിരത്തോളം രൂപയും നഷ്ടപ്പെട്ടു. രണ്ടു ദിവസത്തെ വരുമാനവും ബാങ്ക് ഡ്രാഫ്റ്റ് എടുക്കാന്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്.
തമിഴ്‌നാട് സ്വദേശി മുരുകനാണ് ഭക്ഷണ കൗണ്ടറുകളുടെ നടത്തിപ്പ് കരാറുകാരന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 12ന് പ്രത്യേക മിഡ്‌നൈറ്റ് ഷോ നടക്കാറുണ്ട്. ആ പ്രദര്‍ശനം അവസാനിച്ചത് പുലര്‍ച്ചെ രണ്ടേമുക്കാലിനാണ്. ഇതിനുശേഷം ജീവനക്കാര്‍ ഉറങ്ങാന്‍ പോയ സമയത്താണ് മോഷണം നടന്നത്. കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണത്തിന് ആകെ നാലു മിനിറ്റ് സമയമാണ് എടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തലയില്‍ തോര്‍ത്തിട്ടു മൂടി മാസ്‌ക് അണിഞ്ഞ് 3.44ന് തിയറ്ററില്‍ എത്തിയ മോഷ്ടാവ് പണമെടുത്ത് 3.47ന് പുറത്തിറങ്ങി. ക്യാമറയിലെ ദൃശ്യങ്ങളില്‍ മോഷണം വ്യക്തമാണെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം സിബിഐ 5 തകര്‍ത്തോടുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോക സിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. സിബിഐ സീരിസില്‍ നിന്നും അഞ്ചാമത്തെ ചിത്രമിറങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ചിത്രത്തിനു വേണ്ടി ആവേശപൂര്‍വ്വം കാത്തിരിക്കുകയിരുന്നു മലയാളസിനിമാലോകവും പ്രേക്ഷകരും.
'സിബിഐ 5: ദ ബ്രെയിന്‍' എന്ന ചിത്രത്തെ കയ്യടിച്ചും അനുകൂലിച്ചും ആള്‍ക്കാര്‍ രംഗത്തുണ്ട്. 'ബാസ്‌കറ്റ് കില്ലിങ്' ആണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ഒന്നിനു പിറകെ ഒന്നായി നടക്കുന്ന കൊലപാതകങ്ങള്‍. യഥാര്‍ത്ഥ കൊലയാളിയെ തേടിയുള്ള പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാവും മുന്‍പുതന്നെ സിബിഐ ക്രൈം സീനിലേക്ക് എത്തുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്യുന്നു. ചിന്നി ചിതറി കിടക്കുന്ന സംശയങ്ങളും നിഗമനങ്ങളും വെച്ച് സത്യത്തിന്റെ പൊരുള്‍ തേടിയുള്ള സേതുരാമയ്യരുടെയും സംഘത്തിന്റെയും യാത്ര അവിടം തുടങ്ങുകയാണ്.
ഒരുപാട് നാളത്തെ അലച്ചിലിനൊടുവില്‍ പരസ്പരം പൂരിപ്പിക്കാനാവാതെ കിടക്കുന്ന ആ ഡോട്ടുകള്‍ ബന്ധിപ്പിച്ച് യഥാര്‍ത്ഥ കുറ്റവാളിയിലേക്ക് അയ്യര്‍ എത്തിച്ചേരുന്നു. മുന്‍ ചിത്രങ്ങളില്‍ താന്‍ പരീക്ഷിച്ചു വിജയിച്ച ആ പഴയ ശൈലിയില്‍ തന്നെയാണ് സിബിഐ 5ന്റെ കഥയും എസ് എന്‍ സ്വാമി പറയുന്നത്. പതിഞ്ഞ താളത്തിലാണ് കഥ വികസിക്കുന്നത്. ഇന്റര്‍വല്‍ വരെ കഥയെങ്ങോട്ടാണ് പോവുന്നതെന്നോ ആരാണ് കുറ്റവാളിയെന്നോ യാതൊരുവിധ സൂചനയും തരുന്നില്ല. അതുകൊണ്ടുതന്നെ, ഇതെങ്ങോട്ടാണ് പോവുന്നതെന്ന ഉദ്വേഗം പ്രേക്ഷകരില്‍ വളര്‍ത്തി കൊണ്ട് പോവാന്‍ ആദ്യപകുതിയ്ക്ക് കഴിയുന്നുണ്ട്. എന്നാല്‍, ആദ്യപകുതിയുടെ ത്രില്‍ നിലനിര്‍ത്താന്‍ രണ്ടാം പകുതിയ്‌ക്കോ ക്ലൈമാക്‌സിനോ സാധിക്കുന്നില്ല എന്നതാണ് ചിത്രത്തിന് തിരിച്ചടിയാവുന്നത്.
https://www.facebook.com/Malayalivartha