ഇടുക്കി വാഗമണ്ണിൽ അനുമതിയില്ലാതെ ഓഫ് റോഡ് റെെഡ് നടത്തി! നടൻ ജോജു ജോർജിനെതിരെ വീണ്ടും കേസ്.. വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് നിർദ്ദേശം

നടൻ ജോജു ജോർജിനെതിരെ വീണ്ടും കേസ്. അനുമതിയില്ലാതെ ഓഫ് റോഡ് റെെഡ് നടത്തിയതിനാണ് നടപടി. ഇടുക്കി വാഗമണ്ണിലായിരുന്നു റെെഡ്. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ജോജു ജോർജ്ജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോർജിനോട് നിർദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha