വിതുമ്പലടക്കാനാവാതെ അയല്‍ക്കാര്‍... കുടുംബജീവിതത്തിലെ വഴക്കും പിണക്കവുമെല്ലാം കടന്നെത്തുമ്പോള്‍ ആശ്വാസവാക്കുകളുമായി നജ്‌ലയെയും മക്കളെയും നെഞ്ചോടു ചേര്‍ത്തുനിര്‍ത്തിയ അയല്‍ക്കാര്‍ക്ക് ഇവരുടെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാകുന്നില്ല... റെനീസും നജ്‌ലയുമായി ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കം പതിവായിരുന്നെന്ന് അയല്‍ക്കാര്‍

കുടുംബജീവിതത്തിലെ വഴക്കും പിണക്കവുമെല്ലാം കടന്നെത്തുമ്പോള്‍ ആശ്വാസവാക്കുകളുമായി നജ്‌ലയെയും മക്കളെയും നെഞ്ചോടു ചേര്‍ത്തുനിര്‍ത്തിയ അയല്‍ക്കാര്‍ക്ക് താങ്ങാനാകുന്നില്ല അവരുടെ അപ്രതീക്ഷിത വേര്‍പാട്. ആര്‍ക്കും ഇത് വിശ്വസിക്കാനാവുന്നില്ല.
ആലപ്പുഴ എ.ആര്‍. ക്യാമ്പിനു സമീപത്തെ പോലീസ് ക്വാര്‍ട്ടേഴ്സിന്റെ മൂന്നാം നിലയിലെ എ-12 മുറിയിലെ താമസക്കാരായിരുന്നു നജ്‌ലയും ഭര്‍ത്താവും മക്കളും . ഈ കുടുംബം ഇവിടെയെത്തിയിട്ടു നാലുവര്‍ഷത്തോളമായി.
നജ്‌ലയോട് അന്നുമുതലുള്ള ബന്ധമാണ് തൊട്ടടുത്തു താമസിക്കുന്ന അശ്വിനിക്കും രാധികയ്ക്കും. ഇവരുടെ മക്കളോടൊപ്പമായിരുന്നു ടിപ്പുസുല്‍ത്താനും മലാലയും കളിച്ചിരുന്നതും. നിറഞ്ഞ പുഞ്ചിരിയുമായി എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്ന പ്രകൃതമായിരുന്നു നജ്‌ലയുടേതെന്ന് രണ്ടുപേരും പറയുന്നു.
തിങ്കളാഴ്ച രാത്രി 10.30-നാണ് അയല്‍ക്കാര്‍ നജ്‌ലയെയും മക്കളെയും അവസാനമായി കണ്ടത്. അശ്വിനിയുടെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ടിപ്പുസുല്‍ത്താനെ വിളിക്കാനെത്തിയപ്പോഴായിരുന്നു അത്.
പതിവായി ട്യൂഷനു വിട്ടിരുന്ന കുട്ടിയെ അന്നു വിടാത്തതിനു കാരണം ചോദിച്ചപ്പോള്‍ നജ്‌ല ഒന്നും മിണ്ടിയില്ല. ആ മൗനം ഇതിനായിരുന്നുവെന്നു തിരിച്ചറിഞ്ഞില്ലെന്നു പറയുമ്പോള്‍ അശ്വിനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.
റെനീസും നജ്‌ലയുമായി ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കം പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാധികയുമായി നജ്‌ലക്ക് അടുപ്പമേറെയായിരുന്നു. ശനിയാഴ്ച കുതിരപ്പന്തിയിലെ കുടുംബവീട്ടിലേക്കുപോയ രാധിക ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് ദുരന്തവാര്‍ത്തയറിയുന്നത്.
കഴിഞ്ഞമാസം 21-ന് രാധികയുടെ സഹോദരന്റെ വിവാഹച്ചടങ്ങില്‍ റെനീസും നജ്ലയും കുട്ടികളും പങ്കെടുത്തിരുന്നു. നജ്‌ല രണ്ടാമത്തെ പ്രസവം കഴിഞ്ഞു കൊല്ലം ചന്ദനത്തോപ്പിലെ വീട്ടില്‍നിന്നു ക്വാര്‍ട്ടേഴ്സിലെത്തിയിട്ട് അധികനാളായിട്ടില്ല. മാതാവ് ലൈലാബീവി അടുത്തദിവസംവരെ കൂടെയുണ്ടായിരുന്നു.
നജ്‌ലയുടെ നാലാമത്തെ വയസ്സില്‍ മരിച്ച പിതാവ് ഷാജഹാന്റെ ചരമവാര്‍ഷികം ചൊവ്വാഴ്ച ചന്ദനത്തോപ്പിലെ വീട്ടില്‍ നടത്താനുള്ള ഒരുക്കവും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച രാത്രിയില്‍ ഫോണ്‍ വിളിച്ചപ്പോള്‍ നടുവേദനയായതിനാല്‍ വരാനാകില്ലെന്ന് നജ്‌ല അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഭര്‍ത്താവ് ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതില്‍പൊളിച്ചു കയറിയപ്പോഴാണ് പിഞ്ചോമനകളടക്കമുള്ളവരുടെ വേര്‍പാട് അയല്‍ക്കാരും അറിയുന്നത്.
അതേസമയം എ.ആര്‍. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്സിലാണ് പോലീസുകാരന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്‌ല(27), മകന്‍ എല്‍.കെ.ജി. വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്. ഭര്‍ത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മാനസികപീഡനമാണു യുവതിയുടെ മരണത്തിനു കാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് .
"
https://www.facebook.com/Malayalivartha