തലസ്ഥാന നഗര മധ്യത്തിൽ അനൂപ് കൊലക്കേസ് പ്രതി സുമേഷിനെ (28) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്കും തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. നിഹാസടക്കം 3 പ്രതികൾക്ക് ജാമ്യമില്ല. ആരോപണം ഗൗരവമേറിയതാണെന്നും കുറ്റകൃത്യം കാഠിന്യമേറിയതാണെന്നും നിരീക്ഷിച്ചാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി. ബാലകൃഷ്ണൻ മൂന്നു പ്രതികൾക്കും ജാമ്യം നിരസിച്ചത്. അന്വേഷണം പുരോഗമിക്കുന്ന കേസിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യതയുണ്ട്. കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന സ്ഥിതിവിശേഷമുണ്ടായാൽ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും. ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ വിചാരണ ചെയ്യാൻ പ്രതികളെ ലഭിക്കാത്ത സാഹചര്യം സംജാതമാകുമെന്നും വിലയിരുത്തിയാണ് ജാമ്യഹർജി തള്ളിയത്. പാങ്ങോട് സ്വദേശികളായ നിഹാസ് (27) , റജി (28) , മാറനല്ലൂർ സ്വദേശി ഷമീം (24) എന്നിവർക്കാണ് ജാമ്യം നിരസിച്ചത്. പ്രതികൾ ഏപ്രിൽ 1 മുതൽ ജില്ലാ ജയിലിൽ റിമാൻറിൽ കഴിയുകയാണ്. മാർച്ച് 31 പുലർച്ചെ കാരാളി അനൂപ് വധക്കേസിലെ പ്രതി കുങ്കൻ എന്ന സുമേഷിനെ നിഹാസും സംഘവും ചാക്കയിൽ വച്ച് കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ബൈക്കിൽ പുറകിലിരുന്ന സുമേഷിൻ്റെ സുഹൃത്ത് സൂരജിൻ്റെ മൊഴിയാണ് റോഡ് ട്രാഫിക് ആക്സിഡൻ്റ് കേസായി തള്ളപ്പെടുമായിരുന്ന കൊലക്കേസിന് തുമ്പുണ്ടാക്കിയത്. ഈഞ്ചക്കൽ ബാറിൽ വച്ച് പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പോലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. അനൂപ് വധക്കേസുമായി നിലവിലെ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രതികൾ തങ്ങൾക്ക് നൽകിയതായി പറയുന്ന കുറ്റസമ്മത മൊഴി പ്രകാരം പോലീസും ആവർത്തിക്കുന്നത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് സംഭവം നടന്നത്.രണ്ടാം പ്രതി റജിയുടെ ഭാര്യയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റജിക്കൊപ്പമാണ് നിഹാസും ഷമീമും നഗരത്തിലെത്തുന്നത്. മാർച്ച് 30 ബുധനാഴ്ച രാത്രി 11.45 മണിയോടെ ഈഞ്ചക്കൽ ബാറിൽ നിന്ന് പുറത്തിറങ്ങവേ പാർക്കിംഗ് ഏര്യയിൽ വച്ച് സുമേഷിൻ്റെ ബൈക്ക് നിഹാസിൻ്റെ കാറിലിടിച്ചു. തുടർന്ന് സുമേഷും സുഹൃത്ത് സൂരജും നിഹാസും സംഘവുമായി വാക്കു തർക്കവും ബലപ്രയോഗവും നടന്നു. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടാണ് ഇരുകൂട്ടരെയും പിടിച്ചു മാറ്റിയത്. എന്നാൽ പിന്തിരിഞ്ഞ് പോകാൻ മദ്യ ലഹരിയിലായിരുന്ന നിഹാസും സംഘവും തയ്യാറായില്ല. കാറിനകത്ത് സുമേഷിനെയും സൂരജിനെയും കാത്തിരുന്ന 3 പേരും മാർച്ച് 31 വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെ ബാറിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയ സുമേഷിനെയും സൂരജിനെയും കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുമേഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആദ്യം അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിഹാസാണ് കാറോടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. വാഹനം മുന്നോട്ടുപോകാനാകാത്ത സ്ഥിതിയായതോടെ അട്ടക്കുളങ്ങര ഭാഗത്ത് വച്ച് കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് മൂവരും പോലീസ് പിടിയിലായത്.2014 ൽ കാരാളി അനൂപ് എന്ന ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. നിരവധി ക്രൈം കേസുകളിലെ പ്രതിയായ ഇയാളെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
"