'ഒരേ സമയം കോണ്‍ഗ്രസുകാരനായി ജീവിക്കുകയും സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന്, ഇതെന്തൊരു തമാശ'.. സംസ്ഥാന ഘടകത്തിന് ചില അധികാരങ്ങള്‍ ഉണ്ട്; കെവി തോമസിന്റെ വെല്ലുവിളിക്ക് ഭീഷണിയുമായി കെസി വേണുഗേപാല്‍

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വേണ്ടി തെരഞ്ഞടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍.
തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന് കഴിയുമെന്നാണ് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ടെന്നും നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാല്‍ മതിയെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു.
മാത്രമല്ല കോണ്‍ഗ്രസുകാരനായിരിക്കെ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറയുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. ആര് പാര്‍ട്ടി വിട്ട് പോകും ആരു പോകുന്നുവെന്നതിനേക്കാള്‍ ചിന്തന്‍ ശിബിരത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കുറ്റപ്പെടുത്തലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കെവി തോമസ് രംഗത്തിന് പിന്നാലെയാണ് വേണുഗോപാല്‍ പ്രതികരിച്ചത്. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന് പറഞ്ഞിരുന്നതല്ലേ എന്നിട്ട് എന്തായി എന്നാണ് കെവി തോമസ് ചോദിക്കുന്നത്. സ്വന്തം വീട്ടില്‍കയറാന്‍ പോകുമ്പോള്‍ ഗേറ്റ് അടച്ചിടുന്ന അവസ്ഥയാണിപ്പോള്‍.
മാത്രമല്ല തന്നെ പുറത്താന്‍ 2018 മുതല്‍ തന്നെ കോണ്‍ഗ്രസില്‍ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നുമാണ് കെ വി തോമസ് തുറന്നടിച്ചത്. അതേസമയം പുറത്തുപോയാലും താന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും കെവി തോമസ് പ്രതികരിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതില്‍ തെറ്റില്ല എന്ന വാദത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ് കെവി തോമസ്. മാത്രമല്ല ഇനിയും എല്‍ഡിഎഫുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. അതായത്, പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നുമാണ് അദ്ദേഹം ഇപ്പോള്‍ അറിയിച്ചത്.
അതേസമയം താന്‍ ഇന്നും എന്നും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താന്‍ മാത്രമല്ലെന്ന ഓര്‍മ്മപ്പെടുത്തലും കെവി തോമസ് നല്‍കിയിട്ടുണ്ട്.
ഇതിനെതിരെയാണ് കെസി വേണുഗേപാല്‍ രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha