ഹോട്ടലുകൾ മാത്രമല്ല...ബേക്കറികളും തട്ടുകടകളും അരിച്ച് പെറുക്കും, കർശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷ വകുപ്പിന് നിർദ്ദേശം, ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കും...!

സംസ്ഥാനത്ത് നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന തുരുകയാണ്. വിവിധ ജില്ലകളിലായി ഇതിനോടകം നിരവധി കടകൾ അടപ്പിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങളാണ് ഹോട്ടലുകളിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ഇപ്പോൾ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ.
എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും അധികാരപരിധിയിൽ വരുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്താൻ സർക്കാർ നിർദ്ദേശം നൽകി.പാതയോരങ്ങളിലെ ഐസ്‌ക്രീം, ശീതളപാനീയ വിൽപനശാലകൾ, തട്ടുകടകൾ എന്നിവയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് അടിയന്തര പരിശോധന നടത്താൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.
ഇവിടങ്ങളിലെ ശുചിത്വം, ആഹാരസാധനങ്ങളുടെയും പാനീയങ്ങളുടെയും പഴക്കം, ആരോഗ്യത്തിന് ഹാനികരമായ രാസപദാർഥങ്ങൾ ചേർത്തിട്ടുണ്ടോയെന്ന വിവരം തുടങ്ങിയവ ഉദ്യോഗസ്ഥർ വിലയിരുത്തണം.ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം.
അന്തരീക്ഷ താപനില ഉയർന്നതിനാൽ മാംസാഹാരങ്ങൾ വേഗം കേടാകാൻ സാധ്യതയുണ്ട്. ഇത്തരം ഭക്ഷണം വിൽക്കുന്ന കടകളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണം.ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണം.
ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപന കേന്ദ്രങ്ങൾ, ആഹാരം പാകംചെയ്തും അല്ലാതെയും വിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തണം. ലൈസൻസില്ലെങ്കിൽ ഉടൻ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
https://www.facebook.com/Malayalivartha