ഒരാഴ്ച നിര്‍ണായകം... തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പിസി ജോര്‍ജിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; പി.സി. ജോര്‍ജ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും തടയണമെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴും അറസ്റ്റ് ഉടന്‍ ലക്ഷ്യമല്ല

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി 17ലേക്ക് മാറ്റിയിരിക്കുകയാണ്. കാര്യങ്ങള്‍ പിസി ജോര്‍ജിന് അനുകൂലമല്ലെങ്കിലും ഉടന്‍ അകത്താക്കാന്‍ സാധ്യത കുറവാണ്.
തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണെന്ന് പിസിയും അതിനെ അടിവരയിട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനിടെ ഒരു ചെറിയ വിഭാഗത്തിന്റെ പോലും എതിര്‍പ്പ് വിളിച്ച് വരുത്താന്‍ എല്‍ഡിഎഫിനും താത്പര്യമില്ല. അതിനാല്‍ തന്നെ പിസിയ്ക്ക് ഉടനെ അകത്ത് പോകേണ്ടി വരില്ല.
അതേസമയം ജോര്‍ജിനു ജാമ്യം നല്‍കിയപ്പോള്‍ പ്രോസിക്യൂഷനെ കേട്ടില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനൊപ്പമാണു ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയതെന്നും എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന കാര്യം പൊലീസിനു വിവരിക്കാമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ജോര്‍ജിനു കോടതി ഒരാഴ്ച അനുവദിച്ചു.
മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സംസ്ഥാനത്ത് വര്‍ഗീയ വിപത്ത് സൃഷ്ടിക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജാമ്യ വ്യവസ്ഥകള്‍ ജോര്‍ജ് ലംഘിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.
ജാമ്യം നേടിയ ശേഷം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ജോര്‍ജ് പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞിരുന്നു. വിദ്വേഷ പ്രസ്താവനകള്‍ പൊതുപരിപാടികളിലും സാമൂഹ മാധ്യമങ്ങളിലും ആവര്‍ത്തിച്ചു. ഇതു കോടതിയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ്. ഇക്കാരണങ്ങളാല്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കോടതി ഒരാഴ്ച സമയം അനുവദിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്റെ അഭാവത്തില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് ഹൈക്കോടതി സര്‍ക്കുലറിന് എതിരാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ കഴിയുന്ന പ്രതി കോടതിയില്‍ കീഴടങ്ങുമ്പോള്‍ ജാമ്യം സര്‍ക്കാര്‍ ഭാഗം കൂടി പരിഗണിച്ചേ നല്‍കാവൂവെന്നാണ് ഹൈകോടതി സര്‍ക്കുലറിലുള്ളതെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പാലാരിവട്ടത്തെ ക്ഷേത്രത്തില്‍ ജോര്‍ജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കല്‍ ഹര്‍ജിയില്‍ ഉടനെ തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്‍. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വിശദമായ വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അപേക്ഷ കോടതി മാറ്റി.
പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതി വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പ്രോസിക്യൂഷന്‍ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകള്‍ പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി
എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകനെ കേള്‍ക്കാതെ ജാമ്യം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ഒളിവില്‍ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു.ജോര്‍ജിന്റെ തര്‍ക്കം സമര്‍പ്പിക്കാന്‍ കേസ് 17 ലേക്ക് മാറ്റി.
https://www.facebook.com/Malayalivartha