കയ്യില്‍ പണമില്ല; പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയാതെ മന്ത്രിമാര്‍; പിണറായി കാബിനറ്റില്‍ കൂട്ടയടി; മന്ത്രിമാര്‍ ചേരിതിരിഞ്ഞു; ഇങ്ങനെ മുന്നോട്ടു പോകാനാവില്ല; കൈ മലര്‍ത്തി ബാലഗോപാല്‍; ധനമന്ത്രിക്കെതിരെ മന്ത്രിമാരുടെ പടയൊരുക്കം

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ കാബിനറ്റിലെ സഹമന്ത്രിമാരുടെ യുദ്ധപ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് വകുപ്പുകള്‍ക്കൊന്നും പണം നല്‍കുന്നില്ലെന്നാണ് ആരോപണം. സി പി ഐ മന്ത്രിമാര്‍ ബാലഗോപാലിനെതിരെ കാബിനറ്റില്‍ ആഞ്ഞടിച്ചതായും അറിയുന്നു. മുഖ്യമന്ത്രി പറയുന്നവര്‍ക്കൊഴികെ ആര്‍ക്കും പണം നല്‍കുന്നില്ലെന്നാണ് ആക്ഷേപം.
പണമില്ലെന്നത് ഒരു വസ്തുതയാണെങ്കിലും തങ്ങള്‍ക്ക് ഭരിക്കണ്ടേ എന്നാണ് സഹമന്ത്രിമാര്‍ ചോദിക്കുന്നത്. വകുപ്പു മന്ത്രിമാര്‍ക്കെതിരെ വ്യാപകമായ ആക്ഷേപമാണ് നാട്ടുകാരില്‍ നിന്ന് ഉയരുന്നത്. പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ മന്ത്രിമാര്‍ക്ക് മടിയുണ്ട്. പല മന്ത്രിമാരും നിരാശയിലാണ്.ഒരു മുഖ്യ ഘടകകക്ഷിമന്ത്രിയുടെ ഔദ്യോഗിക വീട്ടില്‍ പാര്‍ടൈം തൂപ്പുകാരനെ നിയമിക്കാനുള്ള ഫയല്‍ . ധനമന്ത്രിയുടെ ഓഫീസില്‍ ഉറങ്ങിയത്. ഒരു വര്‍ഷമാണ് ഒടുവില്‍ മന്ത്രി ബാലഗോപാലിനോട് ക്ഷോഭിച്ചു സംസാരിച്ചതോടെയാണ് ഫയല്‍ അംഗീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചത്.
അതേ സമയം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ വാഹന ബ്രിഗേഡിനും കറുത്ത ഇന്നോവയെടുക്കാന്‍ പണം എവിടെന്നാണ് മന്ത്രിമാര്‍ രഹസ്യമായി ചോദിക്കുന്നത്. മന്ത്രിമാരെല്ലാം ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഓടിയ ഇന്നോവ കാറുകളാണ് ഉപയോഗിക്കുന്നത്. ധനമന്ത്രിക്ക് പോലും പുതിയ കാറില്ല. ധനമന്ത്രി സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടത്തിലായ സംഭവവും കടുത്ത കാലത്തുണ്ടായി.
സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പണമില്ല.എന്നാല്‍ മുഖ്യ മന്ത്രിയുടെ വകുപ്പില്‍ എന്തും ചെയ്യാന്‍ പണം നല്‍കും.മുഖ്യമന്ത്രിയുടെ സെക്രട്ടറി ചോദിച്ചാല്‍ പോലും കിട്ടുന്ന സാമ്പത്തിക സഹായം മന്ത്രിമാര്‍ ചോദിച്ചാല്‍ കിട്ടില്ല എന്നതാണ് അവസ്ഥ.
തങ്ങള്‍ക്ക് കീഴിലെ വകുപ്പുകളിലുള്ള ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം പോലും ധനമന്ത്രി അംഗീകരിക്കുന്നില്ല. വകുപ്പുകളിലെ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നു. വാട്ടര്‍ അതോറിറ്റിയിലെയും മറ്റും ജീവനക്കാര്‍ ഇതിന്റെ പേരില്‍ സമരത്തിന് ഇറങ്ങേണ്ടി വന്നു. ഒരു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം 50 ശതമാനത്തിനകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കെഎസ് ആര്‍റ്റിസി പ്രതിസന്ധിയിലായപ്പോള്‍ ധനമന്ത്രി മുഖം തിരിച്ചു. ഇതിന്റെ പേരില്‍ മന്ത്രി ആന്റണി രാജു വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വിധേയനായി.ജോലി ചെയ്യുന്ന ജീവനകാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തത് ഗതാഗത മന്ത്രിയുടെ കുഴപ്പമായ് വ്യാഖ്യാനിക്കപ്പെടുന്നു.
ബാലഗോപാലിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടോ എന്ന് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചു.കാനം രാജേന്ദ്രനെയും ഇക്കാര്യം മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നാണ് കാനം ഉറപ്പു നല്‍കിയത്. ഘടകകക്ഷി മന്ത്രിമാരാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവരുടെ വാക്കുകള്‍ക്ക് സി പി എമ്മില്‍ ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. സി പി എം മന്ത്രിമാര്‍ ആകട്ടെ മുഖ്യമന്ത്രിയെ പോക്കറ്റിലാക്കി അവര്‍ക്ക് ആവശ്യമുള്ള ചിലതെല്ലാം നേടികൊണ്ടു പോകും. ഒടുവില്‍ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ ചിത്രം മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉന്നയിച്ചു. കേരളം വായ്പ എടുക്കുന്നതില്‍ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാല്‍ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി തന്റെ വീഴ്ചയല്ലെന്ന് വരുത്തി തീര്‍ക്കാനാണ് ബാലഗോപാല്‍ ശ്രമിച്ചത്. എന്നാല്‍ ബാലഗോപാലിന്റെ വിശദീകരണം മന്ത്രിമാര്‍ അംഗീകരിച്ചില്ല. സാമ്പത്തിക പ്രതിസന്ധി കേരളം ഉണ്ടായ കാലം മുതല്‍ തുടങ്ങിയതാണെന്ന് പറഞ്ഞ് മന്ത്രിമാര്‍ ചിരിച്ചുവെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രി ബാലഗോപാലിനൊപ്പമാണുള്ളത്. മുഖ്യമന്ത്രിയെ സംബന്ധിച്ചേെത്താളം ബാലഗോപാല്‍ ഒരു റിലീഫാണ്. തോമസ് ഐസക് മുഖ്യമന്ത്രിയെ അനുസരിച്ചിരുന്നില്ല. ഭരണത്തിലെ സീനിയോറിറ്റിയായിരുന്നു കാരണം.എന്നാല്‍ ബാലഗോപാല്‍ പുതുമുഖമാണ്. അദ്ദേഹം മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുക.
തോമസ് ഐസക് ഇതെല്ലാം കണ്ട് ചിരിക്കുകയാണ്. ബാലഗോപാലിനെ ധനകാര്യ മന്ത്രിയാക്കിയതു തന്നെ ഇങ്ങനെ നിശബ്ദനാവാന്‍ വേണ്ടിയാണ്. ഐസക്ക് ഒരിക്കലും പിണറായിയുടെ വാക്കുകള്‍ പൂര്‍ണമായി അനുസരിക്കുന്ന ഒരാളായിരുന്നില്ല. ഐസക്കിന് എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെതായ അഭിപ്രായമുണ്ടായിരുന്നു. ബാലഗോപാലിനും സ്വന്തമായി അഭിപ്രായിരുന്നെങ്കിലും അദ്ദേഹം പിണറായിക്ക് മുമ്പില്‍ അനുസരണക്കേട് കാണിക്കാറില്ല. ഇതാണ് പിണറായിക്ക് താത്പര്യം.
സംസ്ഥാനം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചപ്പോള്‍ ബാലഗോപാലിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഇതര സംസ്ഥാനങ്ങള്‍ വില കുറയ്ക്കുമ്പോള്‍ കേരളം കുറയ്ക്കാതിരുന്നാല്‍ അത് ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ അഭിപ്രായം.അങ്ങനെ വന്നാല്‍ താന്‍ ഒരു മോശം ധനമന്ത്രിയായി തീരും എന്നും ബാലഗോപാല്‍ കരുതി. എന്നാല്‍ ബി ജെ പി ക്കാരുടെ ഇംഗിതങ്ങള്‍ക്ക് മുന്നില്‍ തലകുനിയ്ക്കണ്ടതില്ലെന്നാണ് പിണറായി പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുമ്പോള്‍ കേരളം കുറയ്ക്കാതിരിക്കുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് നിശബ്ദതയായിരുന്നു പിണറായിയുടെ മറുപടി. തുടര്‍ന്ന് മറ്റാര്‍ക്കും പിണറായിയെ ധിക്കരിക്കാന്‍ ധൈര്യമുണ്ടായില്ല. കോടിയേരിക്കും ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനിച്ചത്.. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കേന്ദ്രം അധിക നികുതി പിന്‍വലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അപ്പോഴും മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനത്തിന് ശേഷം ആലോചിക്കാമെന്നായിരുന്നു ധന മന്ത്രിയുടെ ആശയം. ഇതു വരെ പതിനൊന്ന് സംസ്ഥാനങ്ങളാണ് ഇന്ധന നികുതി കുറച്ചത്. ബീഹാറും ഒഡീഷയും ഒടുവില്‍ നികുതി കുറയ്ക്കാന്‍ തയ്യാറായി. ഗുജറാത്ത്, ആസാം, ത്രിപുര , ഗോവ ,കര്‍ണാടക, മണിപ്പുര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതമാണ് വാറ്റ് നികുതി കുറച്ചത്. മുന്‍ ധനമന്ത്രി ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യക്കാരായിരുന്നു. പ്രധാനമന്ത്രി പറഞ്ഞിട്ട് പോലും നികുതി കുറയ്ക്കാന്‍ സം സ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ധനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. വായ്പയെടുക്കാന്‍ അനുമതി നേടാന്‍ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാന്‍ മുഖ്യമന്ത്രി ധനമന്ത്രിയോട് നിര്‍ദ്ദേശിച്ചു. വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. കിഫ്ബി ബാധ്യതകളെ സംസ്ഥനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം പറയുന്നു. കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും കേരളം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും കേന്ദ്രത്തിന് കൈമാറി. കഴിഞ്ഞ വര്‍ഷത്തെ വായ്പ കണക്കില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കേരളം മറുപടി നല്‍കിയിട്ടുണ്ട്.
കിഫ്ബി കേരളത്തിലല്ലേ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ചോദ്യം. കിഫ് ബി രൂപീകരിച്ചത് തന്നെ കേരളത്തില്‍ സാമ്പത്തിക നടത്തിപ്പ് നടത്തുന്നതിന് വേണ്ടിയാണ്. യഥേഷ്ടം കടം വാങ്ങുന്ന കേരളം അതെല്ലാം കിഫ്ബിയുടെ തലയില്‍ കെട്ടി വയ്ക്കുന്നു. കിഫ് ബി യുടെ കടം കേരളത്തിന്റെ കടമല്ലെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും തള്ളി.
വായ്പ പ്രതിസന്ധി കേന്ദ്രം തത്കാലം പരിഹരിച്ചെങ്കിലും കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കും അകപ്പെടുക. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ കേരളം പരുങ്ങലിലാകും എന്ന അവസ്ഥയാണ്. കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം ആലോചിക്കുകയാണ് കേരളം.. ശമ്പള വിതരണത്തിനും പെന്‍ഷന്‍ വിതരണത്തിനുമായി ജൂണ്‍ ആദ്യം സംസ്ഥാനത്തിന് വേണ്ടത് 4500 കോടി രൂപയാണ്. മറ്റ് ചെലവുകള്‍ക്കും, ശന്പള പെന്‍ഷന്‍ വിതരണത്തിനുമായി രണ്ട് ഘട്ടങ്ങളിലായി 2000 കോടി രൂപ വീതം വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. ഇതിന്മേലാണ് കേന്ദ്രം തടസ്സം ഉന്നയിച്ചത്. ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനം തുകയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനാവുക. ഇതനുസരിച്ച് കേരളത്തിന് ഈ വര്‍ഷം 32450 കോടി രൂപ വായ്‌പെയെടുക്കാം. വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന് കേന്ദ്രം നല്‍കുന്ന തുക, സംസ്ഥാനത്തിന്റെ നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്.
ജൂലൈ മുതല്‍ കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം കിട്ടാതെയാകും. വായ്പ എടുക്കുന്നത് കൂടി മുടങ്ങിയാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകും. കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിര്‍ദ്ദേശത്തോടും സംസ്ഥാനത്തിന് കടുത്ത വിയോജിപ്പ് ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധിയില്‍ കണക്കാക്കാന്‍ കഴിയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്. വായ്പാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നവയുമുണ്ട്. ഈ സംസ്ഥാനങ്ങള്‍ സഹകരിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ ഒപ്പം കൂട്ടാനാവും കേരളത്തിന്റെ നീക്കം. വായ്പടെയുപ്പ് തടഞ്ഞ് കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേരളം ഇതിനകം മറുപടി നല്‍കിയിട്ടുണ്ട്. പ്രശ്‌നം രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന ധനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം ലഭിച്ചത് പ്രധാനമന്ത്രിയുടെ ഇടപെടല്‍ വഴിയാണ്.. 5000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി
20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കിയിട്ടില്ല. നിലവില്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. ധനമന്ത്രി ബാലഗോപാല്‍ ദീര്‍ഘകാലം രാജ്യസഭയില്‍ എം.പിയായിരുന്നെങ്കിലും അദ്ദേഹത്തിന് ഡല്‍ഹിയില്‍ മികച്ച ബന്ധങ്ങള്‍ കുറവാണ്. ചെറിയ കുട്ടികളുടെ അവസ്ഥയാണ് ബാലഗോപാലിനുള്ളത്. എന്തിനും ഏതിനും അദ്ദേഹം സമീപിക്കുന്നത് പിണറായി വിജയനെയാണ്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കാണാന്‍ പോലും ബാലഗോപാല്‍ തയ്യാറല്ല. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നാണ് ധനമന്ത്രിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാരുമായി നടത്തി കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ മുഖ്യമന്ത്രി അവസാനിപ്പിച്ചാല്‍ കേരളത്തിന്റെ കഥ കഴിയും. സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടാണെന്നാണ് സി പി എം വിശദീകരിക്കുന്നത്. ഇലക്ഷന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിടും.
https://www.facebook.com/Malayalivartha