മുന്നറിയിപ്പ് കിട്ടിയാൽ ഉടൻ ഇറങ്ങണം! പൊലീസ് സ്റ്റേഷനുകൾക്ക് മുന്നറിയിപ്പ്! 6 ജില്ലകൾ വെള്ളത്തിനടിയിൽ! അസമിൽ മഹാ പ്രളയം

അടിയന്തര സാഹചര്യം നേരിടാൻ ജെ.സി.ബി., ബോട്ടുകൾ മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കിവെക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. സംസ്ഥാന കൺട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.അതേസമയം അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് മഴ കനക്കുന്നതിനൊപ്പം തന്നെ കെടുതിയും വർധിക്കുന്നുണ്ട്.കനത്തമഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകൾ കൂടി ഉയർത്തി.കരമന, കിള്ളിയാർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയിൽ കൊട്ടാരക്കര പുലമൺതോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചു.
അതേ സമയം അസമിൽ പ്രളയക്കെടുതി വിതച്ച് കനത്ത മഴ. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ആറ് ജില്ലകൾ വെള്ളത്തിനടിയിലായി. ജില്ലകളിലെ 25,000ൽ അധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. മൂന്ന് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ദിമാ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി അസമിലും അയൽ സംസ്ഥാനങ്ങളായ മേഘാലയയിലും അരുണാചൽ പ്രദേശിലും തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്. ഈ സാഹചര്യത്തിൽ നിരവധി നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും കോപ്പിലി നദിയിലെ വെള്ളം അപകടനില കവിയുകയും ചെയ്തിരുന്നു. ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷമായതിനാൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
ബോർഖോല മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ജില്ലാ ഭരണകൂടം അസം റൈഫിൾസിനെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്തി അസം റൈഫിൾസ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു. മഴയിൽ ദിമ ഹസാവോ ജില്ലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനാൽ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
കരസേന, പാരാ മിലിട്ടറി സേനകൾ, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവർ സംയുക്തമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും തകർന്നു. അതേസമയം ദുരിതം അനുഭവിക്കുന്ന അസമിന് വെള്ളപ്പൊക്ക നിയന്ത്രണ ഫണ്ടിൽ നിന്നും കേന്ദ്രം 125 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha