റൺവേയിൽ ടച്ച് ചെയ്ത വിമാനം ഉടൻ വീണ്ടും പറന്ന് ഉയർന്നു, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ആദ്യ ശ്രമത്തിൽ ലാൻഡ് ചെയ്യാൻ കഴിയാത്തത് യാത്രക്കാരിൽ ഭീതി പരത്തി...!

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ടാണ് വിമാനം ആദ്യ ശ്രമത്തിൽ ലാൻഡ് ചെയ്യാൻ കഴിയാത്തത് യാത്രക്കാരിൽ ഭീതി പരത്തിയത്. ചെന്നൈയിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായിരുന്നു വിമാനം. ഇൻഡിഗോ വിമാനത്തിനാണ് ആദ്യ ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയാതെ വന്നത്.
കൃത്യസമയത്ത് റൺവേയുടെ മുകളിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയും വിമാനം റൺവേയിൽ ടച്ച് ചെയ്ത ഉടൻ വീണ്ടും പറന്ന് ഉയരുകയുമായിരുന്നു. ആ സമയം വിമാനം കുലുങ്ങിയതായി യാത്രക്കാർ പറയുന്നു.
എന്നാൽ വിമാനം 14 മിനിറ്റിന് ശേഷം രണ്ടാമത്തെ ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. കാര്യമായ പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ലെന്നും മോശം കാലാവസ്ഥയാണെങ്കിൽ ലാൻഡ് ചെയ്യുന്ന സമയത്ത് ഇത്തരം സാഹചര്യം നേരിട്ടേക്കാമെന്നും എയർലൈൻ പ്രതിനിധിയും കിയാൽ അധികൃതരും പറഞ്ഞു.
‘അൺസ്റ്റെബിലൈസ്ഡ്’ എന്നാണ് അധികൃതർ ഇതിനെ വ്യക്തമാക്കിയത്. ശക്തമായ കാറ്റ്, മൂടൽ മഞ്ഞ്, പൈലറ്റിന് ലാൻഡിങ്ങിന് കഴിയാതെ വരിക തുടങ്ങിയ സാഹചര്യത്തിലാണ് അൺസ്റ്റെബിലൈസ്ഡ് ലാൻഡിങ് നടക്കുക.
അൺസ്റ്റെബിലൈസ്ഡ് ലാൻഡിങ് എന്നത് പലരും ആദ്യമായി കേൾക്കുന്നവരായിരിക്കാം.എന്താണ് ‘അൺസ്റ്റെബിലൈസ്ഡ് ലാൻഡിങ് എന്നത് വിശദമായി നോക്കാം...കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം റൺവേ കൃത്യമായി കാണാതിരിക്കുക, ശക്തമായ കാറ്റ്, മൂടൽ മഞ്ഞ് തുടങ്ങിയവ ഉണ്ടെങ്കിൽ റൺവേ വിസിബിലിറ്റി കുറയുന്ന സമയത്ത് സാധാരണ ലാൻഡിങ് നടക്കില്ല.
അത്തരം സാഹചര്യത്തിൽ പൈലറ്റ് റിസ്ക് എടുക്കാതെ മറ്റു വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാൻ ആണ് നിർദേശം നൽകുക.ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലാൻഡിങ്ങിന് ഒന്നു രണ്ടു തവണ ശ്രമിച്ചതിന് ശേഷമാണ് പലരും ഡൈവേർട്ട് ചെയ്യാൻ തയാറാകുക. പൈലറ്റിന് റൺവേയെകുറിച്ചുള്ള അജ്‍ഞതയും അൺസ്റ്റെബിലൈസ്ഡ് ലാൻഡിങ്ങിന് വഴിയൊരുക്കാറുണ്ട്.
https://www.facebook.com/Malayalivartha