അതിജീവതയ്ക്ക് ഗൂഡ ലക്ഷ്യം!പിന്നിൽ അവരാണ്.. ദിലീപ് നല്ല നടൻ..നടിക്കെതിരെ മന്ത്രി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. മാത്രമല്ല, കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണ്. അത് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തും.
നടിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വസ്തുതാപരമായ പിന്‍ബലമുണ്ടെന്ന് കരുതുന്നില്ല. അതിന് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ടെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു. ഇതെല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അതിനെതിരേ ആരോപണമുന്നയിക്കുന്നത് ബാലിശമാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുചില താത്പര്യങ്ങള്‍ വെച്ച് ഇവരെ ആരോ ഉപയോഗിക്കുന്നതാണെന്നും ആന്റണി രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വിവാദ പരാമർശവുമായി മുൻമന്ത്രി എംഎം മണി. നടിയെ ആക്രമിച്ച സംഭവം നാണം കെട്ട കേസാണെന്ന് മണി പറഞ്ഞു. പ്രതിസ്ഥാനത്ത് നിൽക്കുന്ന നടൻ ഭരണ മുന്നണിയുമായി ചേർന്ന് കേസ് അട്ടിമറിയ്‌ക്കാൻ ശ്രമിക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നേതാവിന്റെ പ്രതികരണം.
കുറേ നാളായിട്ട് ഇതൊരു നാണംകെട്ട കേസായിട്ടാണ് തനിക്ക് തോന്നുന്നത്. പ്രതിസ്ഥാനത്തുള്ളയാൾ നല്ല നടനായി ഉയർന്നുവന്ന ആളാണ്. ഇതിലെല്ലാം ആ നടൻ എങ്ങനെ ഇടപെട്ടു എന്നതിനെക്കുറിച്ച് വ്യക്തമാകുന്നില്ല. കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മണി പറഞ്ഞു.
ഇത് കോടതിയുടെ പരിഗണനയിൽ ഉള്ള കേസാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ എല്ലാം തീരുമാനിക്കേണ്ടത് കോടതിയാണ്. കേസിന് പിന്നിൽ പുറത്ത് പറയാൻ കൊള്ളാത്ത നിരവധി കാര്യങ്ങൾ ഉണ്ട്. വിശദമായി പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഇതൊന്നും ഇപ്പോ താൻ പറയുന്നില്ലെന്നും മണി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























