ആക്ഷന്‍പ്ലാന്‍ റെഡി... തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോറ്റ് തുന്നംപാടി അടിച്ച് തകരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി; കമ്മ്യൂണിസ്റ്റുകാരെപ്പോലും ഞെട്ടിപ്പിച്ച് കോണ്‍ഗ്രസ് മിന്നും വിജയം നേടിയതോടെ വീണ്ടും ചിറക് മുളയ്ക്കുന്നു; തൃക്കാക്കര മോഡല്‍ പകര്‍ത്താന്‍ സംസ്ഥാനത്തും ചിന്തന്‍ ശിബിരം

ഇത്രയൊന്നും ആരും പ്രതീക്ഷിച്ചില്ല. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് എല്ലാവരും വിധിയെഴുതിയതാണ്. അങ്ങനെയെങ്കില്‍ ഇതോടെ കോണ്‍ഗ്രസ് തീര്‍ന്നേനെ. കൂട്ടത്തല്ലുമായി കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായേനെ. അപ്രതീക്ഷിത വിജയത്തോടെ വലിയ ആവേശമാണ് ഉണ്ടായത്. തൃക്കാക്കര വിജയത്തില്‍നിന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ കോണ്‍ഗ്രസ്.
14നും 15 നും ചേരുന്ന കെപിസിസിയുടെ 'നവസങ്കല്‍പ് യോഗ'ത്തില്‍ വിശദ ചര്‍ച്ച നടത്തും. കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളില്‍ താഴെത്തട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനം ഇല്ലെന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പാടേ പിന്നോട്ടടിച്ചത്. ഭേദപ്പെട്ട സംഘടനാ സംവിധാനമുള്ള എറണാകുളം ജില്ലയില്‍ അതു സംഭവിച്ചില്ല.
തിരഞ്ഞെടുപ്പ് ഉന്നമിട്ടുള്ള തുടര്‍ച്ചയായ സംഘടനാ പ്രവര്‍ത്തനം വേണമെന്ന നിര്‍ദേശമാണു പരിഗണിക്കുന്നത്. തൃക്കാക്കര മോഡല്‍ പാര്‍ട്ടി പൊതുവില്‍ പകര്‍ത്തണം എന്ന വികാരം ശക്തമാണ്. ഉദയ്പുരിലെ ചിന്തന്‍ ശിബിരം തിരഞ്ഞെടുപ്പു മേല്‍നോട്ടത്തിനു സ്ഥിരം സംവിധാനം ഉണ്ടാക്കിയതിനു സമാനമായി സംസ്ഥാന, ജില്ലാ തല സമിതികള്‍ വന്നേക്കാം.
ഭരണം, വികസനം, ആസൂത്രണം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകളും നയങ്ങളും രൂപീകരിക്കാന്‍ ഉതകുന്ന സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും ആലോചിക്കും. ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിന്റെ ചുവടു പിടിച്ച് സംസ്ഥാന ഘടകങ്ങളും തുടര്‍ചര്‍ച്ച നടത്തണമെന്ന എഐസിസി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ദ്വിദ്വിന സമ്മേളനം. തൃക്കാക്കര കണക്കിലെടുത്ത് നീട്ടിവച്ച സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലേക്കും കോണ്‍ഗ്രസ് വൈകാതെ കടക്കും. വോട്ടര്‍ പട്ടികകള്‍ ഡിസിസികളില്‍ പ്രസിദ്ധീകരിക്കുന്നതാണ് അടുത്ത ഘട്ടം. അതു കഴിഞ്ഞാല്‍ ബൂത്ത് മുതല്‍ തിരഞ്ഞെടുപ്പ്.
തൃക്കാക്കര വിജയത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ക്യാപ്റ്റനായി ചിത്രീകരിച്ചതിന്റെ പേരിലെ വിവാദം അവഗണിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തൃക്കാക്കരയിലേതു കൂട്ടായ വിജയമാണെന്നും വ്യക്തിപരമായ ക്രെഡിറ്റ് എടുക്കാനില്ലെന്നുമാണ് സതീശന്റെ നിലപാട്.
അതേസമയം തൃക്കാക്കരയിലെ വന്‍തോല്‍വി സിപിഎം രാഷ്ട്രീയമായും സംഘടനാപരമായും പരിശോധിക്കും. രണ്ടു തലങ്ങളിലും പാളിച്ച വന്നോ എന്ന സംശയമാണ് പ്രാഥമിക ചര്‍ച്ചകള്‍ നല്‍കുന്നത്. യുഡിഎഫിന്റെ പൊന്നാപുരം കൊട്ട എന്നു വിശേഷിപ്പിക്കപ്പെട്ട തൃക്കാക്കര തവിടുകൊട്ടാരമായി മാറുമെന്ന പ്രതീക്ഷയാണ് അവസാനം വരെ നേതാക്കള്‍ പ്രകടിപ്പിച്ചത്.
വോട്ടെണ്ണിയപ്പോള്‍ പാര്‍ട്ടിയുടെ അട്ടിമറി മോഹങ്ങള്‍ തവിടുപൊടിയായി. ന്യായീകരണങ്ങള്‍ക്കു മുതിരാതെ ജാഗ്രതയും തിരുത്തലും ഉണ്ടാകുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതും തോല്‍വിയുടെ ആഘാതം തിരിച്ചറിഞ്ഞു തന്നെ. സില്‍വര്‍ലൈന്‍ പോലെയുള്ള വിവാദ വികസന പദ്ധതികളുടെ കാര്യത്തില്‍ അവധാനതയോടെ നീങ്ങാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നു യുഡിഎഫിനു ലഭിച്ച പടുകൂറ്റന്‍ ഭൂരിപക്ഷം.
സ്ഥാനാര്‍ഥി നിര്‍ണയം, സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച രീതി തുടങ്ങിയ കാര്യങ്ങളിലെല്ലാം ഉയര്‍ന്ന മുറുമുറുപ്പുകള്‍ പാര്‍ട്ടി നേതൃത്വത്തിനു പരിശോധിക്കേണ്ടി വരും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡോ. ജോ ജേക്കബ് നേടിയതിലും 2224 വോട്ട് ഡോ. ജോ ജോസഫിനു കിട്ടിയതു മാത്രമാണു സിപിഎമ്മിനുള്ള ആശ്വാസം. അന്ന് എല്‍ഡിഎഫ് വോട്ടുകള്‍ ട്വന്റി ട്വന്റിക്കും യുഡിഎഫിനും ചോര്‍ന്നു പോയതിന്റെ പേരിലാണു തൃക്കാക്കരയില്‍ അന്വേഷണവും അച്ചടക്ക നടപടികളും ഉണ്ടായത്. സംഘടനയിലെ പുഴുക്കുത്തുകള്‍ മാറ്റിയശേഷം മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിച്ചു സിപിഎം ജോലി ചെയ്തത് 2000 വോട്ടു കൂടുതല്‍ പിടിക്കാന്‍ ആയിരുന്നില്ല.
യുഡിഎഫിന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുക, ഒത്തു വന്നാല്‍ നേരിയ ഭൂരിപക്ഷത്തിന് അട്ടിമറി എന്നതായിരുന്നു ലക്ഷ്യം. അത് നടന്നില്ല.
"
https://www.facebook.com/Malayalivartha























