തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...

ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി. ശബരിമലയിൽ ചൊവ്വാഴ്ച കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ക്യൂനിന്നശേഷമാണ് ഭക്തര്‍ക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തുന്നത്. കനത്ത തിരക്കിനിടെ കുടിവെള്ളം പോലും ലഭിക്കാതെ നിരവധി ഭക്തർ കുഴഞ്ഞുവീണതായി റിപ്പോർട്ടുണ്ട്.
തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി. തീർഥാടകർ ബാരിക്കേഡിനു പുറത്തിറങ്ങി സന്നിധാനത്തേക്ക് ഒഴുകിയത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് കാഴ്ചക്കാരായി മാറി. സന്നിധാനത്ത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണ്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിനു കത്ത് നൽകി. സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറെ അദ്ദേഹം വിളിച്ചു വരുത്തി. തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്. കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെയാണ് ദുരിതം.
തീർഥാടന ഒരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും പൊലീസും കാട്ടിയ അനാസ്ഥയാണ് തീർഥാടനം കുളമാക്കിയത് എന്നാണ് ആക്ഷേപം. ദർശനം നടത്താൻ കഴിയാതെ ആയിരങ്ങളാണ് മലയിറങ്ങുന്നത്. വെയിലേറ്റ് വലയുന്നവരിൽ കുട്ടികൾ അടക്കമുണ്ട്. തിരക്കിനിടെ പമ്പയിൽ കൊയിലാണ്ടി സ്വദേശിയായ സതി എന്ന സ്ത്രീ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധിം നീളുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്കു കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ഉണ്ടാകേണ്ട ക്രമീകരണം നിലയ്ക്കൽ മുതൽ ആരംഭിക്കാനാണ് നീക്കം.
സന്നിധാനത്തെ തിരക്കു കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് നിലയ്ക്കലിൽ നിന്ന് തീർഥാടകരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് പലരും ദർശനം നടത്തിയത്. തിരക്ക് കാരണം സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ വന്ന തമിഴ്നാട്, കർണാടക സ്വദേശികളായ തീർഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മടങ്ങുന്നത്. പല സംഘങ്ങളായി എത്തിയ നൂറോളം പേരാണ് ഇങ്ങനെ മടങ്ങിയത്. ശബരിമല പാതയിൽ കണമലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. മിനി ബസ് റോഡിൽ മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha























