മണിക്കൂറുകൾ ക്യൂ നിന്നിട്ടും ദർശനമില്ല, അയ്യപ്പന്മാർ മടങ്ങി; തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം; എൻഡിആര്‍എഫിന്‍റെ സംഘം സന്നിധാനത്ത്

പത്ത് മണിക്കൂറോളം ക്യൂ നിന്നിട്ടും ശബരിമല ദർശനം സാദ്ധ്യമാകാതെ വന്ന അയ്യപ്പഭക്തരിൽ ചിലർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി. പന്തളത്തെത്തിയ സേലത്ത് നിന്നുള്ള 37 അംഗ സംഘം ക്ഷേത്ര ദർശനം നടത്തി തേങ്ങയുടച്ച് മാലയൂരി നെയ്‌തേങ്ങയിലെ നെയ്യ് കൊണ്ട് ക്ഷേത്രത്തിൽ അഭിഷേകം നടത്തി മടങ്ങി. ബംഗളൂരുവടക്കം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരും പന്തളത്ത് ദർശനം നടത്തി വഴിപാടുകൾ നടത്തി മടങ്ങുകയാണുണ്ടായത്.
ഇതോടെ ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ശബരിമലയില്‍ കേന്ദ്ര സേനകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ വീഴ്ച സംഭവിച്ചു എന്നാണ്. മുന്‍ വര്‍ഷങ്ങളില്‍ ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ കേന്ദ്ര സേനകളാണ് ക്ഷേത്രത്തിന് സുരക്ഷ ഒരുക്കിയിരുന്നത്. തീര്‍ത്ഥാടനത്തിന്റെ തുടക്കം മുതല്‍ ഈ സേനകളുടെ സേവനം ഉറപ്പാക്കിയിരുന്നതാണ്. നിരീക്ഷണ ടവറുകളിലും ക്ഷേത്രത്തിന് ചുറ്റും സായുധരായ ഇവരുടെ കര്‍ശന നിരീക്ഷണം ഉണ്ടായിരുന്നു. പതിനെട്ടാം പടിക്ക് താഴെ ബങ്കര്‍ ഒരുക്കി സുസജ്ജരായി സൈനികര്‍ മുന്‍വര്‍ഷങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. വലിയ നടപ്പന്തലില്‍ പതിനെട്ടാം പടിയുടെ നേരെയുമാണ് ആര്‍എഎഫും എന്‍ഡിആര്‍എഫും ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യം നിലനില്‍ക്കുന്ന ഈ വര്‍ഷം കേന്ദ്ര സേനകളുടെ സേവനം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ മുന്‍കൂട്ടി നടപടി സ്വീകരിച്ചില്ല.
തീര്‍ത്ഥാടനത്തിന് മുന്നൊരുക്കങ്ങളും ആസൂത്രണവും നടത്താത്ത ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും സര്‍ക്കാരിന്റെ അലംഭാവവും മൂലം മണ്ഡല കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ശബരീശ ഭക്തര്‍ക്ക് സമാനതകളില്ലാത്ത ദുരിതം ആണ് നൽകിയത്. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് മുഖ്യകാരണം. തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാണ് സംശയം. ദര്‍ശനം കിട്ടാതെ ഭക്തര്‍ തിരിച്ചുപോകുന്ന അവസ്ഥ സര്‍ക്കാര്‍ തുടക്കത്തില്‍ത്തന്നെ സൃഷ്ടിച്ചത് ഇതിനാണ് എന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ചൂണ്ടി കാട്ടുന്നു.
നിയന്ത്രിതമായ തിരക്കിനെ തുടര്‍ന്ന് ദര്‍ശനം പാതിവഴി അവസാനിപ്പിച്ച് ഭക്തര്‍ മടങ്ങുന്നു, തിക്കിലും തിരക്കിലും കുടിവെള്ളം ലഭിക്കാതെ കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ തളര്‍ന്നുവീണു. അപ്പാച്ചിമേട്ടില്‍ തളര്‍ന്നുവീണ തീര്‍ത്ഥാടക മരിച്ചു. പമ്പയില്‍ നിന്നു വലിയ നടപ്പന്തല്‍ വരെയെത്താന്‍ വേണ്ടി വന്നത് ആറു മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ. നിലയ്‌ക്കലില്‍ കുടിവെള്ളമില്ല, വിരിവയ്‌ക്കാന്‍ ഇടമില്ല. വാഹനങ്ങള്‍ പമ്പയ്‌ക്ക് കടത്തി വിടാത്തതിനാല്‍ പാര്‍ക്കിങ്ങും തകിടം മറിഞ്ഞു. വെര്‍ച്വല്‍ ക്യൂവിലൂടെ 70,000 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 25,000 പേരും ഉള്‍പ്പെടെ പ്രതിദിനം 95,000 ഭക്തര്‍ക്ക് സുഗമ ദര്‍ശനം ഒരുക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. കണക്കിലധികം ഭക്തരെ സ്‌പോട്ട് ബുക്കിങ്ങിലൂടെ കടത്തിവിട്ടതാണ് സന്നിധാനത്ത് തിരക്കും ദുരിതവുമുണ്ടാക്കിയത്. അതിനിടെ തിരക്കു നിയന്ത്രണാതീതമായതോടെ ഭക്തര്‍ ബാരിക്കേഡുകള്‍ ചാടിക്കടന്നു. ബാരിക്കേഡുകള്‍ ഒടിഞ്ഞു. വലിയ നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതിനാല്‍ ദര്‍ശനം കഴിഞ്ഞ അയ്യപ്പന്മാരുടെ മടക്ക യാത്രയ്‌ക്കും തടസം നേരിട്ടു. ഉച്ചയ്ക്ക് 12മണിയോടെ തിരക്ക് നിയന്ത്രണാതീതമായി. ഉച്ചപൂജ കഴിഞ്ഞ് വൈകിട്ട് 3ന് നട തുറന്നശേഷമാണ് തിരക്കിന് അല്പം ശമനമുണ്ടായത്.
https://www.facebook.com/Malayalivartha























