തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അലർട്ട്...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ന്യൂനമർദം രൂപപെട്ടിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരള തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
കിഴക്കന്‍ മേഖലയിലും മധ്യ,തെക്കന്‍ ജില്ലകളിലും കഴിഞ്ഞ ദിവസം മഴ തകൃതിയായി പെയ്തു. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ഇന്നലെ വൈകിട്ട് ലഘു മേഘവിസ്‌ഫോടനം ഉണ്ടായി. കുന്ദമംഗലത്ത് ഇന്ന് അര മണിക്കൂറില്‍ 5 സെ.മി മഴ രേഖപ്പെടുത്തി. ലഘു മേഘവിസ്‌ഫോടനമായി (Mini cloudburst) ഇത് കണക്കാക്കാം. ഒരു മണിക്കൂര്‍ ഒരു പ്രദേശത്ത് 5 സെ.മി മഴ ലഭിച്ചാല്‍ ലഘു മേഘവിസ്‌ഫോടനവും 10 സെ.മി മഴ ലഭിച്ചാല്‍ മേഘവിസ്‌ഫോടനവുമായാണ് (cloudburst ) കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha
























