നാളെ സത്യപ്രതിജ്ഞാചടങ്ങ് നടക്കാനിരിക്കെ, ബിഹാർ മന്ത്രിസഭയിലേക്കും നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കും സമവായമുണ്ടാക്കാൻ ശ്രമം... ജെ.ഡി.യുവിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു

നാളെ സത്യപ്രതിജ്ഞാചടങ്ങ് നടക്കാനിരിക്കെ, ബിഹാർ മന്ത്രിസഭയിലേക്കും നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കും സമവായമുണ്ടാക്കാൻ ശ്രമം തുടരുന്നു. നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് ബി.ജെ.പിയും ജെ.ഡി.യുവും അവകാശവാദമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ സഭയിൽ ബി.ജെ.പി നേതാവ് നന്ദ് കിഷോർ യാദവായിരുന്നു സ്പീക്കർ. ജെ.ഡി.യുവിന്റെ നരേന്ദ്ര നാരായൺ യാദവ് ഡെപ്യൂട്ടി സ്പീക്കറും.
ജെ.ഡി.യുവിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സ്പീക്കർ പദവി ഏത് കക്ഷിക്കെന്നതും പ്രധാനപ്പെട്ട മന്ത്രിമാരുടെ വകുപ്പുകളുമാണ് ചർച്ചാ വിഷയം. സ്പീക്കർ സ്ഥാനത്തേക്ക് ജെ.ഡി.യു വിജയ് ചൗധരിയെയും ബി.ജെ.പി പ്രേം കുമാറിനെയുമാണ് പരിഗണിക്കുന്നത്.
ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെയും ആറു വരെ പുതുമുഖങ്ങൾ മന്ത്രിസഭയിലുണ്ടാകും. ജെ.ഡി.യു പ്രസിഡന്റ് ഉമേഷ് സിങ് കുശ്വാഹ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിതീഷ് കുമാർ രാജി സമർപ്പിക്കും. നിലവിലെ നിയമസഭയും ബുധനാഴ്ച പിരിച്ചുവിടും. ജെ.ഡി.യുവും ബി.ജെ.പിയും നിയമസഭാ കക്ഷി നേതാക്കളെയും ബുധനാഴ്ചയാണ് തെരഞ്ഞെടുക്കുക. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ എൽ.ജെ.പി (ആർ.വി), ജിതൻ റാം മഞ്ജിയുടെ എച്ച്.എ.എം-എസ്, ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എം എന്നീ കക്ഷികളുടെ പ്രതിനിധികളും പുതിയ മന്ത്രിസഭയിലുൾപ്പെടും. എൽ.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനം ലഭിച്ചേക്കും.ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha























