തിരുപ്പതിയപ്പാ ശരണം... വിവാഹം വലിയ വാര്‍ത്തയായതിന് പിന്നാലെ നയന്‍താരയ്ക്ക് പുകിലായി കേസ്; തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനിടെ നടി രണ്ട് നിയമലംഘനങ്ങള്‍ നടത്തിയതായി ദേവസ്വം ബോര്‍ഡ്; സംവിധായകന്‍ വിഘ്‌നേഷ് ശിവനെയും കാത്തിരിക്കുന്നത് വക്കീല്‍ നോട്ടീസ്

നയന്‍താരയുടേയും വിഗ്നേശ്വര്‍ ശിവന്റേയും വിവാഹം തെന്നിന്ത്യ ആഘോഷിച്ചതാണ്. ഇപ്പോഴിതാ നയന്‍താരയേയും സംവിധായകന്‍ വിഘ്‌നേഷ് ശിവനെയും കാത്തിരിക്കുന്നത് വക്കീല്‍ നോട്ടീസാണ്. തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിന്റെ വകയായാണ് താരദമ്പതികള്‍ക്ക് ലഭിക്കുന്ന വക്കീല്‍ നോട്ടീസ്.
വ്യാഴാഴ്ച വിവാഹിതരായ ഇരുവരും വിവാഹ ചടങ്ങുകള്‍ക്ക് ശേഷം തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ദര്‍ശന സമയത്ത് നയന്‍താര ക്ഷേത്രത്തിലെ രണ്ട് പ്രധാന നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ പേരിലാണ് താരത്തിനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുന്നതെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ വാര്‍ത്തയോടൊപ്പം വക്കീല്‍ നോട്ടീസും ചര്‍ച്ചയാകുകയാണ്. ദര്‍ശനം നടത്തുന്ന സമയത്ത് ക്ഷേത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള മാട തെരുവില്‍ ചെരുപ്പ് ധരിച്ച് നടന്നതാണ് നയന്‍താര ചെയ്ത ഒരു നിയമലംഘനം. ദര്‍ശനത്തിന് എത്തിയപ്പോള്‍ കൂടെ സ്വന്തം ഫോട്ടോഗ്രാഫര്‍മാരെ കൂടെ കൂട്ടിയതാണ് രണ്ടാമത്തെ നിയമലംഘനം.
ക്ഷേത്ര നിയമം അനുസരിച്ച് സ്വകാര്യ ഫോട്ടോഗ്രാഫര്‍മാരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാറില്ല. നയന്‍താര മാട തെരുവില്‍ ചെരുപ്പണിഞ്ഞ് വലംവയ്ക്കുന്നതിന്റെയും സ്വകാര്യ ഫോട്ടോഗ്രാഫര്‍മാരോടൊപ്പം ഫോട്ടോഷൂട്ട് നടത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും നരസിംഹ കിഷോര്‍ വ്യക്തമാക്കി.
ചെരുപ്പണിഞ്ഞ സംഭവത്തെകുറിച്ച് നയന്‍ താരയോട് സംസാരിച്ചെന്നും എല്ലാവരോടും മാപ്പപേക്ഷിച്ച് ഒരു വീഡിയോ നടി ഉടന്‍ പുറത്തുവിടുമെന്ന് അറിയിച്ചതായും നരസിംഹ കിഷോര്‍ പറഞ്ഞു. എന്നിരുന്നാലും തങ്ങള്‍ നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ വക്കീല്‍ നോട്ടീസിന് മറുപടി പറയേണ്ട അവസ്ഥയായി.
അതേസമയം നയന്‍താരയുടെ വിവാഹ വാര്‍ത്തകള്‍ ഇപ്പോഴും ആഘോഷിക്കുകയാണ്. വിവാഹശേഷം ചെന്നൈയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരുക്കിയ വിരുന്ന് സല്‍ക്കാരത്തില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിച്ചെത്തിയിരുന്നു.
ഇതുവരെ കിട്ടിയ സപ്പോര്‍ട്ട് വളരെ വലുതാണെന്നും തുടര്‍ന്നും ഈ സപ്പോര്‍ട്ടുണ്ടാകണമെന്നും നയന്‍താര പറഞ്ഞു. ഈ ഹോട്ടലില്‍ വച്ചായിരുന്നു ആദ്യം നയന്‍താരയോട് കഥ പറഞ്ഞതെന്നായിരുന്നു വിഘ്‌നേശ് ശിവന്‍ പറഞ്ഞത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കും പോസ് ചെയ്ത ശേഷമായിരുന്നു താരദമ്പതികളുടെ മടക്കം.
കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് തിരുപ്പതി ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വ്യാഴാഴ്ച രാവിലെ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുപ്പതി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. കടുത്ത ദൈവ വിശ്വാസികളായ ഇരുവരും വിവാഹം കഴിഞ്ഞ് ആദ്യം പോയതും തിരുപ്പതിയിലായിരുന്നു. വിവാഹത്തിന് മുമ്പും വിക്കിയും നയനും ഒന്നിച്ച് ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിവാഹ ശേഷം നടന്ന തിരുപ്പതി ദര്‍ശനത്തിന് ശേഷമാണ് വിവാദവും വക്കീന്‍ നോട്ടീസും.
"
https://www.facebook.com/Malayalivartha