ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ വില്പനയും നിര്‍മ്മാണവും വിതരണവും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശമുള്ള ഈതലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എ.എല്‍ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും കര്‍ശന വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഹാറിലാണ് ഈ കഫ് സിറപ്പ് നിര്‍മ്മിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്ക് തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിന് പോലും കാരണമായേക്കാമെന്നും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. അടുത്തിടെ വിഷമയമുള്ള കഫ് സിറപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ രാജ്യത്ത് കുട്ടികള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
ആല്‍മണ്ട് കിറ്റ് സിറപ്പിന്റെ വില്പന ഉടനടി നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ മരുന്ന് കൈവശമുള്ളവര്‍ അവ സുരക്ഷിതമായി ഒഴിവാക്കാന്‍ അധികൃതരെ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് വിശദമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതികള്‍ അറിയിക്കുന്നതിനോ വിശദീകരണം ലഭ്യമാക്കുന്നതിനോ 9445865400 എന്ന വാട്‌സാപ്പ് നമ്പരില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























