കോട്ടയം ഗാന്ധിനഗറിൽ രണ്ടര ലക്ഷം രൂപ വിലയുള്ള അറവുമാടുകൾ മോഷണം പോയി; മാടുകളെ മോഷ്ടിച്ചത് മതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ; ഗാന്ധിനഗറിലെ വ്യാപക മോഷണത്തിൽ ഭയന്ന് നാട്ടുകാർ

കോട്ടയം ഗാന്ധിനഗറിൽ പുരയിടത്തിൽ കെട്ടിയിരുന്ന രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് അറവുമാടുകൾ മോഷണം പോയി. സംക്രാന്തിയിൽ നിന്നും ഗാന്ധിനഗർ ഭാഗത്തേയ്ക്കുള്ള റോഡരികിൽ പ്രവർത്തിക്കുന്ന ബേബിയുടെ ഉടമസ്ഥതയിലുള്ള അറവുശാലയിലേയ്ക്കായി എത്തിച്ചിരുന്ന മൂന്നു മാടുകളെയാണ് മോഷണം പോയത്.
റെയിൽവേ ട്രാക്കിലൂടെ നടത്തിക്കൊണ്ടു പോയ മാടുകളെ അടിച്ചിറ ക്രഷറിനു സമീപത്തു നിന്നും ലോറിയിൽ കയറ്റിക്കൊണ്ടു പോയതായി വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംക്രാന്തി - മെഡിക്കൽ കോളേജ് റോഡിൽ പെട്രോൾ പമ്പിനു സമീപത്തെ പുരയിടത്തിലാണ് ബേബിയുടെ അറവുശാലയിലേയ്ക്കുള്ള ഏഴു മാടുകളെ കെട്ടിയിരുന്നത്. മതിൽ കെട്ടിയ പുരയിടത്തിൽ ഗേറ്റുണ്ട്.
ഈ ഗേറ്റ് പൂട്ടിയ ശേഷം രാത്രിയിലാണ് ജീവനക്കാർ വീട്ടിലേയ്ക്കു പോയത്. ഇതിനു ശേഷമാണ് മതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയത്. തുടർന്നു, മാടുകളെ കെട്ടഴിച്ച് കൊണ്ടു പോകുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ മാടുകളെ നടത്തിക്കൊണ്ടു പോയ സംഘം അടിച്ചിറയിലെ ക്രഷർ യൂണിറ്റിന് സമീപം എത്തിച്ച് ഉയർന്ന സ്ഥലത്ത് നിന്നും ലോറിയിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതിനു സമീപത്തു തന്നെയുള്ള പുരയിടത്തിൽ പതിനാലോളം മാടുകൾ നിൽക്കുന്നുണ്ടായിരുന്നു. ഇവിടെ മാടുകളുടെ സുരക്ഷയ്ക്കായി ക്യാമറയും സ്ഥാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ നിന്നും മാടുകളെ മോഷ്ടിച്ചിട്ടില്ല. മുൻപ് ഇതേ പുരയിടത്തിൽ നിന്നും മോട്ടോർ മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടിലെ ഒൻപത് കടകളിൽ മോഷ്ടാവ് കയറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗാന്ധിനഗറിലും മോഷണം നടന്നിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























