ജീവിതത്തോട് മല്ലടിച്ച് 26 കാരി; പെരിങ്ങമ്മല പഞ്ചായത്തിലെ പട്ടികവർഗ സങ്കേതത്തിലെ നാലുസെന്റ് ഭൂമിയിൽ കിടപ്പാടവും റേഷൻ കാർഡ് പോലും ഇല്ലാതെ നാലു പിഞ്ചുകുഞ്ഞുങ്ങളുമായി സംഗീത, കർണാടകയിൽ ജോലിക്കെന്നു പറഞ്ഞു പോയ ഭർത്താവിന്റെ വിവരം ഒന്നുമില്ല...

പാലോട് പെരിങ്ങമ്മല പഞ്ചായത്തിലെ പട്ടികവർഗ സങ്കേതത്തിലെ നാലുസെന്റ് ഭൂമിയിൽ കിടപ്പാടവും റേഷൻ കാർഡ് പോലും ഇല്ലാതെ നാലു പിഞ്ചുകുഞ്ഞുങ്ങളുമായി 26 കാരി ഓരോ ദിനവും കഷ്ടപ്പെട്ട് തള്ളിനീക്കുകയാണ്. കൊച്ചുവിള വാർഡിലെ പന്നിയോട്ട് കടവ് പട്ടികവർഗ ഊരിൽ സംഗീത എന്ന യുവതി 10 വയസിനു താഴെയുള്ള നാലു കുട്ടികളുമായി പട്ടിണിയിലും രോഗത്തിലുമാണ് കഴിയുന്നത്.
അതേസമയം ഭർത്താവ് കർണാടകയിൽ ജോലിക്കെന്നു പറഞ്ഞു പോയിട്ട് മാസങ്ങളായി ഒരു വിവരവുമില്ല എന്നാണ് അറിയാൻ കഴിയുന്നത്. പിന്നാലെ പാലോട് പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കുടുംബ ഓഹരിയിൽ നിന്ന് ലഭിച്ച നാലു സെന്റിൽ പ്ലാസ്റ്റിക് വലിച്ചു കെട്ടിയ കുടിലിലാണ് അഞ്ചംഗങ്ങൾ കഴിഞ്ഞുപോരുന്നത്. റേഷൻകാർഡില്ലാത്തതിനാൽ തന്നെ ലൈഫ് പദ്ധതിയിൽ ഇടം പിടിച്ചിരുന്നില്ല. തൊഴിലുറപ്പിനും പോകാൻ കഴിയുന്നില്ല. റേഷൻ കാർഡിനു അപേക്ഷ നൽകിയിട്ടുണ്ട് ലഭിച്ചിട്ടില്ല. സൗജന്യ റേഷനുമില്ല. മൂത്ത് മകൾ അഞ്ചാം ക്ലാസുകാരി സാന്ദ്ര ആറു വർഷമായി കിഡ്നിക്ക് തകരാർ മൂലം ചികിത്സയിൽ കഴിയുകയാണ്.
അതോടൊപ്പം തന്നെ സംഗീത ഇപ്പോൾ ഒരു ജോലിക്കും പോകുന്നില്ല. മാതാവ് ടാപ്പിങ് തൊഴിലാളിയാണ്. അവരുടെ സഹായവും സഹോദരങ്ങളും സുമനസ്സുകളും നൽകുന്നതും മൂലമാണ് ജീവിതം തള്ളിനീക്കുന്നത്. ഇവിടെ വൈദ്യുതി, ശുചിമുറി എന്നിവയുമില്ല. അമ്മയുടെ വീട്ടിലാണ് പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത്. വീട്ടിലെത്താൻ തന്നെ നല്ലൊരു വഴിയുമില്ലാത്ത അവസ്ഥ. വനാതിർത്തി ആയതിനാൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും ഇവർക്കുണ്ട്. ദയനീയ കാഴ്ചയാവുന്ന ഈ കുടുംബം പട്ടികവർഗ വകുപ്പിന്റെയും മറ്റു അധികാരികളുടെയും കണ്ണെത്താതെയോ എത്തിയിട്ടും കാണാതെയോ കനിവു തേടി കഴിയുകയാണ് ഇവർ.
https://www.facebook.com/Malayalivartha


























