സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം, അച്ഛന്റേത് കുഴഞ്ഞു വീണുള്ള മരണമെന്ന് മകൻ, ബന്ധുക്കളുമായി ഉണ്ടായ പ്രശ്നങ്ങളാണ് ഭർത്താവിന്റെ മരണത്തിനു ഇടയാക്കിയതെന്ന് ഭാര്യ, ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹതയെന്ന പരാതിയിൽ തുടർ നടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം...!

തിരുവനന്തപുരത്ത് അറുപത്തിയൊമ്പതുകാരന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.ആറയൂർ ഇടത്തറവിള ജെ.ഒാ ഭവനിൽ ജസ്റ്റസിന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ രാവിലെ 10.30ന് വീട്ടുവളപ്പിൽ സംസ്കരിച്ച സ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹം സമീപത്ത് ഒരുക്കിയ താൽക്കാലിക ഷെഡിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീണ്ടും സംസ്കരിച്ചു.
വീടും സ്ഥലവും എഴുതി നൽകുന്നതു സംബന്ധിച്ച് പിതാവും മകനും തമ്മിൽ വഴക്ക് നടന്നിരുന്നു. ഇതിന് ശേഷം പിതാവ് കുഴഞ്ഞുവീണു എന്നാണ് മകൻ ബിനുകുമാർ പൊലീസിനു നൽകിയ മൊഴി.കഴിഞ്ഞ എട്ടാം തീയതി രാവിലെ ആണ് ജസ്റ്റസിന്റെ മരണം.എന്നാൽ വീട്ടിൽ താമസിക്കുന്ന ബന്ധുക്കളുമായി ഉണ്ടായ പ്രശ്നങ്ങളാണ് ജസ്റ്റസിന്റെ മരണത്തിനു ഇടയാക്കിയതെന്ന് ഭാര്യ ഒാമന അറിയിച്ചതിനെ തുടർന്ന് സഹോദരൻ ബെനഡിക്ട് ആണ് പാറശാല സ്റ്റേഷനിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് പൊലീസ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
മരിച്ച ജസ്റ്റസ് ഹൃദ്രോഗിയാണ്. ജസ്റ്റസിന്റെ ഭാര്യ നൽകിയ ആദ്യ മൊഴി പിന്നീട് മാറ്റിയതായും പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർ അന്വേഷണം സംബന്ധിച്ച് തീരുമാനം എടുക്കുക ഉള്ളൂ എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ശ്രീകാന്ത്, എക്സിക്യുട്ടിവ് മജിസ്ട്രേറ്റ് അരുൾ, ഫോറൻസിക് സർജൻമാരായ ഡോ അജിത്, ശാലിനി, ഇൻസ്പെക്ടർമാരായ പ്രസാദ്, ബിജു തുടങ്ങിയവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
https://www.facebook.com/Malayalivartha


























