'നിസാമുദ്ദിൻ എക്സ്പ്രസ്സിന് തീയിട്ടത് കൊണ്ട് എന്ത് നേട്ടമാണ് തൊഴിൽ തേടുന്നവർക്ക് ഉണ്ടാകുക? ഹരിയാനയിലും സെക്കന്ദരാബാദിലും ഒക്കെ പ്രക്ഷോഭം ട്രെയിനുകൾ കത്തിക്കുന്നതും റെയിൽവേ സ്റ്റേഷൻ തീയിടുന്നതും ഒക്കെയായി മാറുകയാണ്...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

സായുധ സേനയിലേക്ക് യൂവാക്കളെ ആകർഷിക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ്. പലയിടത്തും പ്രതിഷേധക്കാർ അക്രമാസക്തരാവുകയും ട്രെയിൻ അടക്കമുള്ള തീവച്ച് നശിപ്പിക്കുകയും ചെയ‌്തു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. ഇതിനെതിരെ മുൻനിർത്തി അഭിപ്രായം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അഗ്നിപഥ് പദ്ധതിക്കെതിരെ വടക്കേ ഇന്ത്യയിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. അഗ്നിപഥിനെ അഗ്നി കൊണ്ട് നേരിടുന്ന ഈ പ്രക്ഷോഭത്തിന് തൊഴിലവസരം നഷ്ടപ്പെടുന്ന യുവതയുടെ വികാരമോ വിചാരമോ അല്ല നിലവിൽ കാണുന്നത്. പൊതുമുതൽ നശിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രക്ഷോഭം രാജ്യത്തെ സേവിക്കാൻ കൊതിക്കുന്നവരുടേത് എന്ന് എങ്ങനെ അവകാശപ്പെടാനാകും? നിസാമുദ്ദിൻ എക്സ്പ്രസ്സിന് തീയിട്ടത് കൊണ്ട് എന്ത് നേട്ടമാണ് തൊഴിൽ തേടുന്നവർക്ക് ഉണ്ടാകുക? ഹരിയാനയിലും സെക്കന്ദരാബാദിലും ഒക്കെ പ്രക്ഷോഭം ട്രെയിനുകൾ കത്തിക്കുന്നതും റെയിൽവേ സ്റ്റേഷൻ തീയിടുന്നതും ഒക്കെയായി മാറുകയാണ്.
കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ പ്രതി നിരവധി ആശങ്കകളുണ്ട്. ശരിയാണ്. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കഴിഞ്ഞ രണ്ടു വർഷമായി നിർത്തി വെച്ചിരുന്ന സർക്കാർ ഇപ്പോൾ നാല് വർഷത്തെ കരാർ തൊഴിലാളികളായി യുവജനങ്ങളെ അതിർത്തിയിലേക്ക് ക്ഷണിക്കുന്നത് പലരിലും ആശങ്കകൾ ഉളവാക്കും. നാല് വർഷത്തെ കരാർ തൊഴിൽ കൊണ്ട് സൈന്യത്തിന് എന്ത് കാര്യക്ഷമത ലഭ്യമാകും എന്നതിൽ സന്ദേഹമുണ്ടാകും. അത് സ്വാഭാവികം. കരാർവല്ക്കരണം സൈന്യത്തിനു ബാധകമാക്കണോ എന്നതും ചർച്ചയിൽ വരണം. ശരി തന്നെയാണ്. എന്നാൽ ഈ പദ്ധതിക്ക് നിലവിലുള്ള റിക്രൂട്ട് മെന്റുമായോ സജീവ സായുധ സേനയുമായോ യാതൊരു ബന്ധവുമില്ല എന്നാണ് അറിയുന്നത്. 17-നും 23 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് നിശ്ചിത കാലയളവിൽ ടൂർ ഓഫ് ഡ്യൂട്ടി നൽകുക എന്നതാണ് ഈ പദ്ധതിയെങ്കിൽ . അങ്ങനെ അവർക്ക് സായുധ പരിശീലനവും ആർമി ജോബിന്റെ പരിചയവും ലഭിക്കുമെങ്കിൽ അത് നല്ലതാണെന്ന അഭിപ്രായമുണ്ട്.
ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ അത് പൊതുജനസമക്ഷം നെല്ലും പതിരും തിരിച്ച് എത്തിക്കാൻ പലപ്പോഴും ഈ സർക്കാർ പരാജയപ്പെടുന്നുണ്ട്. കാർഷിക ബില്ലിലൊക്കെ അത് പ്രകടവുമായിരുന്നു. ഇത്തരം പരാജയങ്ങളാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് അത് ക്ഷുദ്ര ശക്തികൾ ഏറ്റെടുത്ത് കലാപത്തിലെത്തിക്കും.
ഭരണപക്ഷത്തിൻ്റെ തീരുമാനങ്ങളോട് എതിർപ്പും വിയോജിപ്പും ആകാം. അഗ്നിപഥ് വിഷയത്തിൽ മേജർ രവിയുടെ അഭിപ്രായം കണ്ടിരുന്നു. രാജ്യ സേവനം സ്തുത്യർഹമായി നടത്തിയ. ഒരു NSG കമാൻഡോ ഓഫീസറായിരുന്ന അദ്ദേഹത്തിന് ആധികാരികമായി ഈ വിഷയത്തെ കാണാനാകും. അതു കൊണ്ട് തന്നെ അഗ്നിപഥിൻ്റെ de - merit അദ്ദേഹം പറയുകയും ചെയ്തു. ആ ഒരു പ്രസ്താവന ഒരു പരിധി വരെ ശരിയാണെന്ന് തോന്നുകയും ചെയ്തു. ഇതു പോലെയുള്ള പ്രസ്താവനകൾ ഈ വിഷയത്തിന്മേൽ നടത്തേണ്ടതും ( മെറിറ്റ് ആയാലും ഡിമെറിറ്റ് ആയാലും) അഭിപ്രായങ്ങൾ പറയേണ്ടതും രാജ്യ സേവനം തടത്തിയ മനുഷ്യരാണ്. അല്ലാതെ ആർമി എന്തെന്നോ ദേശസുരക്ഷ എന്തെന്നോ അറിയാത്ത വെറും രാഷ്ട്രീയ അടിമകളല്ല. കൊടി പിടിക്കാനും സിന്ദാബാദ് വിളിക്കാനും പോയിട്ട് ഒടുക്കം ജീവിതത്തിൽ ഒന്നുമാവാതെ പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് നാലു വർഷം ; അതും ജീവിതത്തിൻ്റെ ഒരു പ്രൈം ടൈമിൽ രാജ്യത്തെ സേവിക്കാൻ പോകുന്നത്.
ഏതൊരു വിഷയത്തിനും മെറിറ്റും ഡി-മെറിറ്റും ഉണ്ടാകും. അവ വിശകലനം ചെയ്ത് ജനാധിപത്യ രീതിയിൽ എതിർക്കുകയോ അനുകൂലിക്കുകയോ ആവാം. അല്ലാതെ പൊതുമുതലുകൾക്ക് തീയിട്ട് പ്രക്ഷോഭം കലാപമാക്കി മാറ്റുകയല്ല വേണ്ടത്. നിലവിലെ പ്രക്ഷോഭം കാണുമ്പോൾ ഇത് രാജ്യത്തെ സ്നേഹിക്കുന്ന യുവതയുടെ അല്ല മറിച്ച് രാജ്യവിരുദ്ധ ശക്തികൾ ഹൈജാക്ക് ചെയ്ത പ്രക്ഷോഭമായി തോന്നുന്നുണ്ട്. അഗ്നിപഥിനെ അനുകൂലിക്കുന്നവർ സ്വന്തം വീട്ടിലേയൊ അടുപ്പമുള്ളവരുടെ വീട്ടിലെയോ 17-23 വയസ്സു പ്രായമുള്ള കുട്ടികളെ രാജ്യസേവനത്തിനായി വിടുക. തുടക്കം സ്വന്തം വീടുകളിൽ നിന്നുമാകട്ടെ! പ്രതികൂലിക്കുന്നവർ വിടണ്ടാ. തീർന്നല്ലോ പ്രശ്നം.
ആർമി റിക്രൂട്ട്മെൻ്റ് ഒക്കെ നടക്കുമ്പോൾ തീർത്തും സ്വകാര്യമായ ചോയ്സ് ആണല്ലോ രാജ്യ സേവനം. ആരും തള്ളിപ്പിടിച്ച് വിടുന്നതല്ലല്ലോ. അതു പോലെ തികച്ചും പേഴ്സണൽ ആയ ചോയ്സ് മുന്നിലുള്ളപ്പോൾ എന്തിന് ഇത്രയും വിനാശകരമായ പ്രക്ഷോഭം ? പൊതുമുതൽ നശിപ്പിച്ചിട്ട്, സാധാരണ ജനങ്ങളുടെ ഗതാഗത മാർഗ്ഗങ്ങളെ തടഞ്ഞിട്ട്. റെയിൽവേ സ്റ്റേഷനുകൾ തീ ഇട്ടിട്ട് സൈനിക സുരക്ഷ ഉറപ്പാക്കാനാണ് ഈ സമരം എന്ന് പറയുന്നതിനോട് തീർത്തും വിയോജിപ്പ് 'അതു പോലെ ഈ പദ്ധതിയിൽ പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന സന്ദേഹങ്ങളെ ദുരീകരിക്കാതെ, ആ സന്ദേഹത്തിനു കാരണം സ്വന്തം പാർട്ടിയുടെ എടുത്തു ചാട്ടം എന്നത് മനസ്സിലാക്കാതെ ആശങ്കകൾ പങ്കു വയ്ക്കുന്ന മനുഷ്യരെ ദേശദ്രോഹികൾ ആക്കുന്ന ഭക്ത അടിമകളോടും വിയോജിപ്പ്!
https://www.facebook.com/Malayalivartha























