ഇനി നമ്പര്‍ വണ്‍... 17 പാര്‍ട്ടികളുടെ പിന്തുണയോടെ യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ സഖ്യം കളത്തിലിറക്കിയപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല; ദ്രൗപദി മുര്‍മു എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ 17 പാര്‍ട്ടികള്‍ നാലും നാല് വഴിയ്ക്കായി

ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം മണത്തതാണ്. പഴയ ബിജെപിക്കാരനായ യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. മാത്രമല്ല 17 പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി കൂടിയാണ്. എന്നാല്‍ ദ്രൗപദി മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ എല്ലാം തീര്‍ന്നു. 17 പാര്‍ട്ടികള്‍ നാലും നാല് വഴിയ്ക്കായി. ദ്രൗപദി മുര്‍മുവിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.
ദ്രൗപദി മുര്‍മു എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് ഉടലെടുത്ത ഭിന്നതയ്ക്ക് ഇനിയും പരിഹാരമായില്ല. പ്രതിപക്ഷ നിരയിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് പ്രധാനമായും ആശയകുഴപ്പത്തിന്റെ കാരണം. ജെഎംഎം ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ നിലപാട് തീരുമാനിക്കാന്‍ ജെഎംഎം ഇന്ന് യോഗം ചേരും. ഈ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വ്യക്തമാകുന്നത്.
ജെഎംഎം ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കാനുള്ള സാധ്യത പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ തള്ളിക്കളയുന്നില്ല. 17 പാര്‍ട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചത്. ആദ്യം ഉടലെടുത്ത ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറാണ് യശ്വന്ത് സിന്‍ഹയുടെ പേര് മുന്നോട്ടുവച്ചത്. മത്സരിക്കാന്‍ തൃണമൂലില്‍ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിന്‍ഹ അംഗീകരിച്ചിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ നിര ഉയര്‍ത്തിക്കാട്ടിയ ശരത് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറിയതോടെയാണ് യശ്വന്ത് സിന്‍ഹയ്ക്ക് നറുക്ക് വീണത്.
എന്നാല്‍ ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപദി മുര്‍മുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ നിരയില്‍ ചില വിള്ളലുകള്‍ ഉണ്ടായത്. പ്രതിപക്ഷത്തെ ചില നേതാക്കളെ നേരില്‍വിളിച്ച് ദ്രൗപദി മുര്‍മു പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ പിന്തുണ ഉറപ്പാക്കാന്‍ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ് യശ്വന്ത് സിന്‍ഹ. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി എത്തിയ ശേഷം ഈ മാസം 27ന് അദ്ദേഹം പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ, ജെഡിയു, എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പമാണ് ദ്രൗപദി മുര്‍മു ഇന്നലെ പത്രികാ സമര്‍പ്പണത്തിന് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുര്‍മുവിനെ നാമനിര്‍ദേശം ചെയ്തു. 50 പേര്‍ പിന്തുണ അറിയിച്ച് പ്പുവെച്ചു. നാല് സെറ്റ് നാമനിര്‍ദേശ പത്രികയാണ് മുര്‍മു സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ച ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി പിന്തുണ ഉറപ്പിക്കാനുള്ള നടപടികള്‍ തുടങ്ങാനാണ് എന്‍ഡിഎയുടെ നീക്കം.
മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം സമൂഹത്തിലെ എല്ലാ വിഭാഗവും രാജ്യവ്യാപകമായി അംഗീകരിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മന്ത്രിമാരായ ജഗന്നാഥ് സാരകയും തുകുനി സാഹുവും മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് പത്രികയില്‍ ഒപ്പുവയ്ക്കുമെന്നും ബിജെഡി നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് ട്വിറ്ററില്‍ കുറിച്ചു.
ബിജെഡിയും വൈഎസ്ആര്‍സിപിയും പിന്തുണ അറിയിച്ചതോടെ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള ആകെ വോട്ടുമൂല്യത്തില്‍ എന്‍ഡിഎ മുന്നിലാണ്. ബിജെപിയോട് ഇടഞ്ഞുനില്‍ക്കുമ്പോഴും മുര്‍മുവിന് വോട്ടുചെയ്യുമെന്ന് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. യുപിഎക്കൊപ്പമുള്ള ജെഎംഎമ്മും അനിശ്ചിതത്വത്തിലാണ്. ജാര്‍ഖണ്ഡില്‍ നിര്‍ണായക വോട്ടുബാങ്കായ സന്താള്‍ വിഭാഗക്കാരിയാണ് മുര്‍മു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനും സന്താള്‍ വിഭാഗക്കാരനാണ്. മഹാരാഷ്ട്രയില്‍ ശിവസേന നേരിടുന്ന പ്രതിസന്ധിയും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ഇതോടെ മുര്‍മുവിന്റെ വിജയം ഉറപ്പിച്ചു.
https://www.facebook.com/Malayalivartha























