മോഷണം നടന്നത് മുകൾ നിലയിലെ ബന്ധുക്കൾ പോലും അറിഞ്ഞില്ല, മെഡിക്കൽ ഷോപ്പ് ഉടമയുടെ വീട്ടിൽ കവർച്ച, 25 പവനും ബാഗിൽ സൂക്ഷിച്ച 25000 രൂപയുമായി മോഷ്ടാക്കൾ കടന്നു

മെഡിക്കൽ ഷോപ്പ് ഉടമയുടെ വീട്ടിൽ കവർച്ച. 25 പവനും ബാഗിൽ സൂക്ഷിച്ച 25000 രൂപയുമായി മോഷ്ടാക്കൾ കടന്നു. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം.പേഴയ്ക്കാപ്പിള്ളിയിൽ മെഡിക്കൽ ഷോപ് നടത്തുന്ന തൃക്കളത്തൂർ സൊസൈറ്റിപ്പടി കൽപന മന്ദിർ വീട്ടിൽ വസന്ത രാജിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
രാത്രി ഉറങ്ങാൻ നേരത്ത് കട്ടിലിൽ കിടക്കയ്ക്കടിയിൽ ഊരിവച്ച മാലയും ഏലസ്സുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കമ്മലുകളും ഉൾപ്പെടെ 25 പവനും കട്ടിലിന്റെ സമീപം ബാഗിൽ സൂക്ഷിച്ച 25000 രൂപയുമാണ് നഷ്ടപ്പെട്ടത്.വീടിന്റെ മുകളിലെ നിലയിൽ ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും മോഷണം ഇവർ അറിഞ്ഞിരുന്നില്ല.
പ്രസവ ശുശ്രൂഷകൾക്കായി വസന്ത രാജിന്റെ മരുമകളും ഭാര്യയും എറണാകുളത്തെ ആശുപത്രിയിലായിരുന്നു.വസന്ത രാജ് പ്രഭാത സവാരിക്ക് പോകുമ്പോൾ വീട്ടിൽ ആളുണ്ടെങ്കിലും വീട് പുറത്തു നിന്നു പൂട്ടാറുണ്ട്. താക്കോൽ പതിവായി വീടിനു മുന്നിലെ തൂണിനു സമീപമാണു വയ്ക്കാറുള്ളത്.
പ്രഭാത സവാരി കഴിഞ്ഞെത്തിയപ്പോൾ വീടിന്റെ പിറകിലെ വാതിൽ തുറന്ന നിലയിലായിരുന്നു. കിടക്കയുടെ അടിയിൽ വച്ചിരുന്ന മാല കാണാതായതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണു മോഷണം നടന്ന വിവരം അറിയുന്നത്. ഡിവൈഎസ്പി മുഹമ്മദ് റിയാസ് നേതൃത്വത്തിൽ പൊലീസും ആലുവയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ശാസ്ത്രീയാന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
https://www.facebook.com/Malayalivartha























