നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു മുപ്പത്തൊന്ന് ആണ്ടുകൾക്ക് മുമ്പ് വരെ; മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലര്‍ന്ന നോട്ടങ്ങളും ഏറ്റുവാങ്ങി 1991 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്; നിർണ്ണായകമായ പോസ്റ്റ് പങ്കു വച്ച് അഞ്ചു പാർവതി

നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു മുപ്പത്തൊന്ന് ആണ്ടുകൾക്ക് മുമ്പ് വരെ . മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലര്‍ന്ന നോട്ടങ്ങളും ഏറ്റുവാങ്ങി 1991 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്. നിർണ്ണായകമായ പോസ്റ്റ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ് . പാർവതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു മുപ്പത്തൊന്ന് ആണ്ടുകൾക്ക് മുമ്പ് വരെ . മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലര്‍ന്ന നോട്ടങ്ങളും ഏറ്റുവാങ്ങി 1991 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്. വഞ്ചീശ മംഗളത്തിന്റെ ചേണുറ്റശീലുകൾ ഇരുപുറവും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ സുഗന്ധം തേകാനെത്തുന്ന ഓർമ്മകളാണ് മഹാരാജാവും ഇളയരാജാവുമെങ്കിൽ ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് മഹാരാജാവും ഇളയരാജാവും പ്രൗഢഗംഭീരമായ ഒരു പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
രാജവാഴ്ചയുടെ നന്മതിന്മകള്‍ നേരിട്ടനുഭവിച്ചറിയാന്‍ അവസരം കിട്ടാതെ ജനാധിപത്യത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന തിരുവനന്തപുരത്തെ തലമുറയ്ക്കു് ജീവിച്ചിരുന്ന കൗതുകമായിരുന്നു ശ്രീചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവും ശ്രീ ഉത്രാടംതിരുന്നാൾ മാർത്താണ്‌ഡവർമ്മയും. എന്റെ അമ്മുമ്മയ്ക്കൊക്കെ കണ്‍ കണ്ടദൈവമായിരുന്നു മഹാരാജാവും ഇളയരാജാവും .നൂറ്റാണ്ടുകളുടെ സഞ്ചിത സംസ്ക്കാരത്തിന്റെ പ്രതീകമാണ് ഞങ്ങൾക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂർ രാജകുടുംബവും. ആചാരങ്ങളോടും വിശ്വാസങ്ങളോടും എന്തിന്, ചരിത്രത്തോടുപ്പോലും നന്ദികേടുകാട്ടുന്നതില്‍ ഒരുതരം ഭ്രാന്തമായ വ്യഗ്രതപ്രകടിപ്പിക്കുന്ന പ്രത്യയശാസ്ത്രം നാടുഭരിക്കുന്ന ഇന്ന് ഭരണാധികാരി എന്നാൽ എന്തായിരിക്കണം എന്ന കാലത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് തിരുവിതാംകൂർ രാജവംശ ചരിത്രം.
ഒരു മഹാപൈതൃകത്തിന്റെ പ്രൗഢവിശുദ്ധിയിൽ മുങ്ങിനില്‍ക്കുന്ന കവടിയാര്‍ കൊട്ടാരത്തിന്റെ അടുത്ത് താമസിക്കുന്ന നന്തൻകോടുകാരിയായ എനിക്ക് രാജകുടുംബത്തിലെ അംഗങ്ങൾ ഒരിക്കലും രാജപരമ്പരപ്രമേയമാക്കുന്ന ചലച്ചിത്രങ്ങളിലും കഥകളിലും വർണ്ണിക്കുന്ന തരത്തിൽ പ്രൗഢതയുടെയും ആഢംബരത്തിന്റെയും പ്രതീകമായിരുന്നില്ല. മറിച്ച് എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകങ്ങളായിരുന്നു .
കവടിയാറിലെ ക്രൈസ്തവ സ്കൂളുകളായ നിർമ്മലഭവനിലെയും ക്രൈസ്റ്റ്നഗറിലെയും വിദ്യാർത്ഥികളായിരുന്നു രാജകുടുംബത്തിലെ കുട്ടികളിൽ മിക്കവരും. പേരിനൊപ്പം ചേർത്തിരുന്ന വർമ്മയെന്ന വാലിൽ മാത്രമായിരുന്നു അവരിലെ രാജപാരമ്പര്യം നിലനിന്നിരുന്നത്. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഹൃദയമിടിപ്പുകളെ നിയന്ത്രിച്ചിരുന്ന കൊട്ടാരത്തിൽ നിന്നും വരുന്നവരാണ് തങ്ങളെന്ന് അവരൊരിക്കലും പറയുകയോ കാണിക്കുകയോ ചെയ്തിട്ടില്ല.
ഭൂതകാലം അദൃശ്യസാന്നിദ്ധ്യമായി കവടിയാര്‍ കുന്നില്‍ മുഴങ്ങിനില്ക്കുന്നുണ്ട് ഇന്നും. രാജവീഥിയിൽ ഇന്നും നഷ്ടപ്രതാപത്തോടെ നില്ക്കുന്ന വിളക്കുക്കാലുകൾക്ക് പറയാനുണ്ട് ഒരുപാട് കഥകൾ. ജനാധിപത്യത്തിന്റെ ചുവപ്പന്‍ പ്രകടനമുണ്ടാക്കിയ ഗതാഗതച്ചൊരുക്കില്‍ കുരുങ്ങി രാജവീഥിയില്‍ ചലനമററുകിടന്ന വാഹനങ്ങൾക്കിടയിൽ എത്രയോ വട്ടം കണ്ടിട്ടുണ്ട് ശംഖുമുദ്രപതിപ്പിച്ച ചന്ദനനിറത്തിലുളള ആ ബെന്‍സ്‌കാറും അതിനുളളില്‍ തൊഴുകൈയോടെ ഇരിക്കുന്ന ഒരു വൃദ്ധനെയും. ക്ലിഫ്ഹൗസിൽ നിന്നും വെള്ളയമ്പലത്തിലേയ്ക്ക് പോകുന്ന സ്റ്റേറ്റ്കാറിനും അകമ്പടികാറുകൾക്കും വഴിയൊതുങ്ങിക്കൊടുക്കുന്ന നമ്പര്‍ വണ്‍ പ്രസിഡന്‍സ് കാർ ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് പുതുമയില്ലാത്ത കാഴ്ചയായിരുന്നു.
ഒരു ജന്മത്തില്‍ രണ്ടു ജീവിതം ജിവിക്കേണ്ടിവന്ന ഒരു രാജർഷി ഞങ്ങളുടെ മാത്രം സ്വന്തമാണ്. ചെങ്കോലേന്തി നാടുവാണ മഹാരാജാവായും വോട്ടവകാശം രേഖപ്പെടുത്തി ജനാധിപത്യകടമ നിര്‍വഹിക്കാന്‍ ചെല്ലുന്ന പൗരനായും ശ്രീപത്മനാഭന്റെ മക്കൾ ഒരാളെ കണ്ടിട്ടുണ്ട്. അതാണ് ഞങ്ങളുടെ പൊന്നുതമ്പുരാൻ. തിരുവിതാംകൂര്‍ കൊച്ചിയിലെ രാജപ്രമുഖന്‍, പൗരമുഖ്യന്‍, ഇന്ത്യാരാജ്യത്തിലെ പൗരന്‍– ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയപ്പോഴും രാഷ്ട്രീയമാറ്റത്തിന്റെ കൊടും നൊമ്പരം തൊഴുകൈയോടെ ഏറ്റുവാങ്ങിയ മഹാതിശയനാണ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ്.
ജനാധിപത്യം പെരുമ്പറകൊട്ടിയ കാലം മുതൽ ആള്‍ക്കൂട്ടങ്ങളില്‍നിന്നും പബ്ളിസിറ്റിയില്‍ നിന്നുമെല്ലാം അകന്നുമാറി പ്രാര്‍ത്ഥനയിലും വായനയിലും ജീവകാരുണൃപ്രവർത്തനങ്ങളിലും മാത്രം മുഴുകിജീവിച്ചവരാണ് മഹാരാജാവും ഇളയരാജാവും മറ്റു രാജകുടുംബാംഗങ്ങളും. തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള മറ്റെല്ലാകാര്യവും മറവിയിലാണ്ടുപോയാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തിയെ വരും തലമുറകള്‍ നന്ദിപുരസ്സരം ഓര്‍ക്കുകതന്നെ ചെയ്യും എന്ന് മഹാത്മാഗാന്ധി പറഞ്ഞ ക്ഷേത്രപ്രവേശനവിളംബരത്തെക്കാളും ഓരോ തിരുവനന്തപുരത്തുകാരന്റെയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന കാണുന്ന നൂറുകൂട്ടം കാര്യങ്ങൾ തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവനയായി ഇവിടുണ്ട്.
രാജഭരണം അവസാനിക്കുകയും മുന്‍രാജാക്കന്മാര്‍ക്ക് നല്‍കിവന്ന `പ്രിവിപഴ്‌സ്’ നിര്‍ത്തലാക്കുകയും ചെയ്‌ത് പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ രാജവംശം തിരുവനന്തപുരത്തുകാരെ സംബന്ധിച്ച് ഇന്നും രാജകുടുംബം തന്നെയാണ്. എല്ലാ കൊല്ലവും ജൂലായ് 20 എന്ന തീയതി എത്തുമ്പോൾ , പഞ്ചവടിയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ആ കുറിയ വൃദ്ധൻ്റെ കരുണാർദ്രമായ മുഖം തന്നെയാണ്. ഒപ്പം എന്റെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അനന്തശായിയായ ആ തിരുരൂപമാണ്. പിന്നെ വീട്ടിനടുത്തെ കവടിയാർ കുന്നും കൊട്ടാരവും കൂട്ടുകാരിയായ അഞ്ജനാവർമ്മയുമാണ്.
രാജപ്രൗഢിയുടെ പെരുമയോതുന്ന രാജവീഥിയും അതിലൂടെ പായുന്ന ആനവണ്ടിയുമാണ്.ശംഖുമുഖവും ആറാട്ടും മുറജപവും ലക്ഷദീപവും കിഴക്കേകോട്ടയും കനകകുന്നും മൃഗശാലയും യൂണിവേഴ്സിറ്റി കോളേജും കേരളസർവ്വകലാശാലയും ഹജൂർക്കച്ചേരിയുമൊക്കെ സ്വകാര്യ അഹങ്കാരമാകുമ്പോൾ വിസ്മയമാകുന്നത് തൊണ്ണൂറ് കഴിഞ്ഞ അമ്മുമ്മയും അവരുടെ രക്തത്തിലലിഞ്ഞ രാജഭക്തിയും. !ഒരു സുവര്‍ണ്ണയുഗത്തിന്റെ അവസാനത്തെ കണ്ണിയെ അടുത്തറിയാൻ കഴിഞ്ഞ, ഒരിക്കല്‍ സിംഹാസനാരൂഢനായി രാജ്യംവാണ പൊന്നുതമ്പുരാനെയും പിന്നെ ഒരു സാധാരണ പൗരനായി നമ്മുടെയിടയില്‍ ജീവിച്ച കുറിയ മനുഷ്യനെയും അവരോളം മനസ്സിലാക്കിയവർ വേറെ കാണിലല്ലോ !
.
https://www.facebook.com/Malayalivartha