പഴേ കളരിയാ... തള്ളുന്നതേ നിങ്ങള്‍ കണ്ടുള്ളൂ ശേഷം ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി ഫര്‍സീന്‍ മജീദ്; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകളില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ രംഗത്തെത്തി ഫര്‍സീന്‍ മജീദ്

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ അതിക്രമം ഇപ്പോള്‍ മാറി മറിയുകയാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ എസ്.അനില്‍കുമാര്‍, പഴ്‌സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.
വധശ്രമം, ഗൂഢാലോചന എന്നിവയുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് വലിയതുറ പൊലീസ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ലെനി കുരാക്കറുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് നടപടി.
അതേസമയം വിമാനത്തില്‍ ഇ.പി.ജയരാജന്‍ തള്ളുന്ന ദൃശ്യങ്ങളേ പുറത്തു വന്നിട്ടുള്ളൂ എന്നും അതിനു ശേഷം തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് ആരോപിച്ചു.
മര്‍ദനം കണ്ട് വിമാനത്തിലുണ്ടായിരുന്നവര്‍ പോലും നിലവിളിച്ചുപോയി. അതിനു നേതൃത്വം നല്‍കിയത് ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗവും ഗണ്‍മാനുമാണെന്ന് ഫര്‍സീന്‍ മജീദ് പറഞ്ഞു.
ജയരാജനെതിരെ കേസെടുക്കുന്നതിലേക്കു നയിച്ച സ്വകാര്യ അന്യായത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്. ജൂണ്‍ 13 ന് കണ്ണൂര്‍, തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത, വാദികളായ ഫര്‍സീന്‍ മജീദിനെയും നവീന്‍കുമാറിനെയും അറിയാവുന്ന ഇ.പി.ജയരാജന്‍ അവര്‍ ധരിച്ച വസ്ത്രത്തെക്കുറിച്ച് ഉറക്കെ അഭിപ്രായപ്രകടനം നടത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നു. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത് സീറ്റ് ബെല്‍റ്റ് അഴിക്കാനുള്ള നിര്‍ദേശം നല്‍കുന്ന ലൈറ്റ് തെളിഞ്ഞ്, വിമാനത്തിന്റെ വാതിലുകള്‍ തുറന്ന ശേഷം മുഖ്യമന്ത്രി പുറത്തേക്കിറങ്ങാന്‍ എഴുന്നേറ്റു.
അപ്പോള്‍ വാദികള്‍ സമാധാനപരമായി എഴുന്നേറ്റു നിന്ന് 'യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ്' എന്നും 'പ്രതിഷേധം പ്രതിഷേധം' എന്നും മുഖ്യമന്ത്രിയോടുള്ള രാഷ്ട്രീയമായ പ്രതിഷേധം നിയമപരമായ രീതിയില്‍ അറിയിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട ഇ.പി.ജയരാജന്‍ 'സിഎമ്മിന്റെ മുന്നില്‍ വച്ചു പ്രതിഷേധിക്കാന്‍ നീയൊക്കെയാരെടാ?' എന്ന് ആക്രോശിച്ച് വിമാനത്തിന്റെ മുന്നിലേക്ക് ഓടിവന്ന് അസഭ്യം പറഞ്ഞ് മര്‍ദിക്കുകയും തള്ളി താഴെയിട്ട് ആക്രമിക്കുകയും ചെയ്തു.
ഫര്‍സീനെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ കഴുത്തു ഞെരിച്ചു. ഫര്‍സീനും നവീനും ഗുരുതരമായി പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരെയും മുഖ്യമന്ത്രിയുടെയും പ്രതികളുടെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിച്ച് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വലിയതുറ പൊലീസ് കേസെടുത്തു.
ജയരാജനും സംഘവും ചെയ്ത നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ച് ജൂണ്‍ 13 ന് സംഭവം നടന്നയുടന്‍ പൊലീസ് എത്തിയപ്പോഴും മെഡിക്കല്‍ കോളജില്‍ വച്ചും പരാതിപ്പെട്ടെങ്കിലും ഇതുവരെയും പൊലീസ് നടപടിയെടുത്തില്ല. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന വാദികള്‍ ജാമ്യം ലഭിച്ചയുടന്‍ പൊലീസിലും നടപടിയെടുക്കാത്തതിനാല്‍ ജൂലൈ 6 ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. അതിലും നടപടിയെടുത്തില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
"
https://www.facebook.com/Malayalivartha