സുപ്രീം കോടതിയിൽ നിന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പണി പാഴ്സലായി എത്തുമെന്ന് ഡൽഹിയിൽ നിന്നും വാർത്ത; സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും!

സുപ്രീം കോടതിയിൽ നിന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പണി പാഴ്സലായി എത്തുമെന്ന് ഡൽഹിയിൽ നിന്നും വാർത്തകൾ. ഇ.ഡിയുടെ നീക്കത്തിൽ അസ്വസ്ഥനായ മുഖ്യമന്ത്രി ഇ ഡിയെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലിച്ചില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. മുദ്രവെച്ച കവറിലാകും മൊഴി കൈമാറുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരളസര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് ഇ.ഡിയുടെ നീക്കം. മൊഴി പരസ്യമാക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നീക്കം.
ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും, ശിവശങ്കറും ഉള്‍പ്പെടയുള്ള ചില ഉന്നതര്‍ക്കും എതിരെ ഗൗരവ സ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാം എന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവര്‍ പ്രതികളായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള 610/2020 നമ്പര്‍ കേസാണ് ബംഗളുരുവിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. ദല്‍ഹിയില്‍ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പ്രതിയായ സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ദല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടന്നത്.
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേരള പോലീസും, ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇ ഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി സന്ദീപ് നായരേ ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി ഹര്‍ജിയില്‍ അവകാശപ്പെടുന്നു. കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും പിണറായി സർക്കാരിൻ്റെ അടിമകളാണെന്നാണ് ഇ.ഡി. പറയുന്നത്.
ആരു പറഞ്ഞാലും പിന്നോട്ടില്ലെന്ന നിലപാടാണ് ഇ ഡി സ്വീകരിക്കുന്നത്. കാരണം പിണറായിക്കെതിരെ അവരുടെ വിരോധം അത്രമേൽ ആഴത്തിലുള്ളതാണ്. പിണറായിയും സർക്കാരും ചേർന്ന് തങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്തതായി ഇ. ഡി വിശ്വസിക്കുന്നു.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതാണ് ഇ ഡിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നടപടിയെന്ന് ഇ.ഡി. മനസിലാക്കി. രണ്ടു കേസുകളും ഹൈക്കോടതി പിന്നീട് റദ്ദാക്കി.കേസ് റദ്ദാക്കാതിരുന്നെങ്കിൽ ഉദ്യോഗസ്ഥർ നിയമ വലയിൽ അകപ്പെടുമായിരുന്നുവെന്ന് ഇ.ഡി.കരുതുന്നു. ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ ജസ്റ്റിസ് വി.കെ മോഹനൻ കമ്മിഷനെ നിയോഗിച്ചതും ഇ.ഡി യെ പ്രകോപിപ്പിച്ചു. സീനിയർ ഐ.എ എസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറെ സർവീസിൽ തിരിച്ചെടുത്തതും ഇഡിയെ പ്രകോപിപ്പിച്ചു. ഉന്നത പദവിയിലിരുന്ന് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് ഇ.ഡി കരുതുന്നു. സ്വപ്നയെ കേസിൽ കുരുക്കി മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റിക്കാൻ ശ്രമിക്കുന്നതും കേന്ദ്ര ഏജൻസിയെ പ്രകോപിപ്പിക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസ് ബംഗളുരുവിലേക്ക് മാറ്റണം എന്നാവശ്യപെട്ട് ഇ.ഡി.സുപ്രിം കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയെ കുരുക്കണമെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ്. കേസ് കോടതി പരിഗണിക്കുമ്പോൾ മുഖ്യമന്ത്രിക്കെതിരെ പ്രതികൂല പരാമർശം ഉണ്ടായാൽ അദ്ദേഹം സ്ഥാനം രാജിവയ്ക്കേണ്ടി വരും.മുമ്പ് പ്രതികൂല പരാമർശങ്ങളുടെ പേരിൽ മന്ത്രിമാർ രാജിവച്ച ചരിത്രം കേരളത്തിലുണ്ടായിട്ടുണ്ട്. എന്തിന് ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയായിരുന്ന കെ റ്റി. ജലീൽ രാജി വച്ചത്.
കേന്ദ്ര സർക്കാരിൻ്റെ ദീർഘകാല ലക്ഷ്യമാണ് പിണറായിയെയും കുടുംബത്തെയും കുടുക്കുക എന്നത്.അതിനാണ് കേസന്വേഷണവും വിചാരണയുമൊക്കെ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത്. കർണാടകം ഭരിക്കുന്നത് ബി ജെ പിയാണ്. കർണാടകത്തിൽ കേസ് നടത്തിയാൽ ബി ജെ പി അതിന് മേൽനോട്ടം വഹിക്കും. ഒരു കാരണവശാലും പിണറായിക്ക് അതിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. സുപ്രീം കോടതിയിൽ തന്നെ ഇ.ഡി ഹർജി സമർപ്പിച്ചത് ഇതിനു വേണ്ടിയാണ്. വിചാരണ ബംഗളുരുവിലേക്ക് മാറ്റാൻ നിർദ്ദേശം കിട്ടിയാലും അത് മുഖ്യമന്ത്രിയെ ദോഷകരമായി ബാധിക്കും.
പിണറായിക്ക് വരുംവരായ്കകളെ ക്കുറിച്ച് ശരിയായ ബോധ്യമുണ്ട്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് സതീശൻ്റെ പക്ഷം ചേർന്ന് കേന്ദ്ര ഏജൻസികളെ പിണറായി വിമർശിച്ചത് ഈ സാഹചര്യത്തിലാണ്. തന്നെയും കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് വരുത്തി തീർക്കുകയാണ് പിണറായിയുടെ ലക്ഷ്യം. സോണിയയും രാഹുലും അനുഭവിക്കുന്നതിന് സമാനമാണ് തന്നെ അനുഭവമെന്ന് വരുത്താൻ മുഖ്യമന്ത്രി ശരിക്കും പണിപ്പെടുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാനത്ത് സമരങ്ങൾ സംഘടിപ്പിക്കാനും സി പി എം ആലോചിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ ഇന്ത്യയിലെ എണ്ണപ്പെട്ട അഭിഭാഷകരെ തന്നെ രംഗത്തിറക്കാനാണ് ഇ ഡി പദ്ധതിയിടുന്നത്. സ്റ്റാൻ്റിംഗ് കൗൺസലിന് പകരം പുറത്തു നിന്നും അഭിഭാഷകരെ സുപ്രീം കോടതിയിലെത്തിക്കാൻ ഇ.ഡി. ആലോചിക്കുന്നു. സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടയിൽ മുഖ്യമന്ത്രിക്കെതിരെ കോടതി അവിശ്വാസം രേഖപ്പെടുത്തിയാൽ അദ്ദേഹത്തിന് തൽസ്ഥാനം രാജിവയ്ക്കേണ്ടി വരും. സുപ്രീം കോടതിയുടെ ഉത്തരവായതിനാൽ അപ്പീൽ നൽകാനും കഴിയുകയില്ല.
സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അന്വേഷണങ്ങൾ നടത്താൻ നിലവിൽ സാധ്യതകൾ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ ഉടമസ്ഥതയിലുളള എക്സാലോജിക്കിന്‍റെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില രേഖകൾ നേരത്തെ തന്നെ ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതുമായി കൂട്ടിയിണക്കി അന്വേഷണം തുടരാം. ബിലീവേഴ്സ് ചർച്ച് അടക്കം മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുയർന്ന സ്ഥാപനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു.. ഇതിന്‍റെ ചുവടുപിടിച്ച് വീണാ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്നാണ് ഇ.ഡി കരുതുന്നത് . ഇതുണ്ടാക്കുന്ന രാഷ്ട്രീയ കോലാഹലം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരും കണക്കുകൂട്ടുന്നു. ഇതുവഴി പറ്റുമെങ്കിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്താമെന്നാണ് ഇ.ഡി.കരുതുന്നത്.
നാളെ മുഖ്യമന്ത്രിയെ വരെ ഇ ഡി ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളികളയാനാവില്ല. വീണാ വിജയൻ്റെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയാൽ അന്വേഷണം മുഖ്യമന്ത്രിയിലെത്തും.
സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരൻ ഷാജ് കിരണിന് എൻഫോഴ്സ്മെന്‍റ് നോട്ടീസ് നൽകിയത് ഇതിനു വേണ്ടിയാണ്. കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരൺ ഇടനിലക്കാരനായി എത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മാത്രവുമല്ല ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചും ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു.
ഏതായാലും സമാധാനത്തിൻ്റെ നാളുകളല്ല പിണറായിയെ കാത്തിരിക്കുന്നത്. തനിക്കൊന്നും സംഭവിക്കില്ലെന്ന് പിണറായി ഊറ്റം കൊള്ളുന്നതിൽ അർത്ഥമില്ല. മടിയിൽ കനമില്ല എന്ന ബോർഡ് നാടുനീളെ സ്ഥാപിച്ച ശേഷം മടിയിൽ കനം കൂട്ടുകയാണ് മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത്. തന്നെ ഇ.ഡി. ബാംഗ്ലൂരിലേക്ക് വിളിപ്പിച്ചാൽ സോണിയ ഗാന്ധിയെ വരെ ഇറക്കി സി പി എം സമരം ചെയ്യും. എന്നാൽ തനിക്ക് തന്ത്രപരമായ പാളിച്ച സംഭവിച്ചെന്ന് പിണറായി സമ്മതിക്കുന്നുണ്ട്. അന്വേഷണ ഏജൻസികളെ വെറുപ്പിച്ചതാണ് പിണറായിക്ക് ബുദ്ധിമുട്ടായത്. ബി ജെ പിയെയും ശത്രുപക്ഷത്ത് നിർത്തി. അവസാന നിമിഷം എല്ലാം നേരെയാക്കാൻ ശ്രമിച്ചാൽ വിജയിക്കുന്നതെങ്ങനെ?
മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കുന്നതിന് മുമ്പും ശിവശങ്കറെയും ഇ. ഡി മുറുക്കും .ശിവശങ്കറെ ഐ എ എസ് കസേരയിൽ നിന്നും താഴെയിറക്കുക എന്നതാണ് കേന്ദ്ര ഏജൻസികളുടെ നോട്ടം. സെക്രട്ടേറിയറ്റിലെ കസേരയിലിരുന്ന് സ്വർണ്ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശിവശങ്കറിൻ്റെ നീക്കം ഒരിക്കലും കേന്ദ്ര ഏജൻസികൾ അംഗീകരിക്കുകയില്ല.
മുഖ്യമന്ത്രിയെ ബംഗളുരുവിലേക്ക് വിളിപ്പിച്ചാൽ ചിത്രം മാറും. അങ്ങനെ സംഭവിക്കുമെങ്കിൽ എത്ര മണിക്കൂർ മുഖ്യമന്ത്രിക്ക് കസേരയിലിരിക്കാൻ കഴിയുമെന്ന് പറയാനാവില്ല. മുഖ്യമന്ത്രിയാകട്ടെ എന്തിനും തയ്യാറായി നിൽക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പം പഴയ കഥാനായകൻമാരായ ശ്രീരാമകൃഷണനും ജലീലുമൊക്കെ മുഖ്യമന്ത്രിയുടെ പിന്നിൽ തന്നെയുണ്ട്. ബംഗളുരുവിൽ തടവിൽ കഴിയുന്ന മറ്റൊരു പ്രമുഖൻ അബ്ദുൾ നാസർ മദനി യാണ്.
https://www.facebook.com/Malayalivartha