പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് ഹോബിയാക്കിയ ഡെലിവറി ബോയിയെ പോലീസ് പിടികൂടിയത് സാഹസികമായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച് അറസ്റ്റിലായ യുവാവ് സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്. മൂവാറ്റുപുഴ രണ്ടാര്‍ അഴയിടത്തേല്‍ നസീബ് (27)നെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയായിരുന്നു പ്രതിയുടെ സ്ഥിരം അക്രമമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 16 നാണ് വടയാർ മുട്ടുങ്കൽ റോഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി പ്രതി നസീബ് കടന്നുപിടിച്ചത്.
ബൈക്കില്‍ വിതരണം ചെയ്യാനുള്ള സാധനങ്ങളുമായി വരുകയായിരുന്ന നസീബ് സൈക്കിളില്‍ പോവുകയായിരുന്ന പെൺകുട്ടികളെ അടുത്തെത്തി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടികൾ കുതറി മാറി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. രക്ഷപെട്ട പെൺകുട്ടികൾ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
മൂവാറ്റുപുഴയിലെ ചെരുപ്പുകടയിൽ ജീവനക്കാരനാണ് നസീബ്. വ്യാപാര സ്ഥാപനങ്ങളിൽ ചെരുപ്പിന്റെ ഓർഡറെടുത്ത് സാധനങ്ങൾ എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് ഇയാൾ ഇടറോഡുകളിൽ വച്ച് പെൺകുട്ടികളെ ആക്രമിച്ചിരുന്നത്.
ഇത്തരത്തിൽ കടുത്തുരുത്തി വൈക്കം മേഖലകളിൽ ഇയാൾ നിരവധി കുട്ടികളെ ശല്യം ചെയ്തിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൂവാറ്റുപുഴയിൽ നിന്ന് ഇയാളെ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha