ഇതാണ് ഭാഗ്യം എന്ന് പറയുന്നത്... നേരിട്ടു കാണാത്ത ലോട്ടറിയിലൂടെ 75 ലക്ഷം നേടി ഹെല്‍ത്ത് നഴ്‌സ് കെ.ജി. സന്ധ്യമോള്‍; ഫോണില്‍ പറഞ്ഞതനുസരിച്ച് എടുത്തുവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അതിന്റെ അവകാശിയെ വിളിച്ചറിയിച്ച് സാജനും സത്യസന്ധത തെളിയിച്ചു

ഭാഗ്യം വരുന്ന ഒരു വഴി ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. മാത്രമല്ല ആ തുക കിട്ടാനും യോഗമുണ്ടാകണം. തൊടുപുഴയിലാണ് ഭാഗ്യം യുവതിയെ തേടിയെത്തിയത്. നേരിട്ടു കാണാത്ത ലോട്ടറിയിലൂടെ 75 ലക്ഷം രൂപയാണ് ലഭിച്ചത്.
കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഹെല്‍ത്ത് നഴ്‌സ് കെ.ജി. സന്ധ്യമോള്‍ക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ഫോണില്‍ പറഞ്ഞതനുസരിച്ച് എടുത്തുവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അതിന്റെ അവകാശിയെ വിളിച്ചറിയിച്ച് ടിക്കറ്റ് കൈമാറിയ മൂപ്പില്‍ക്കടവ് വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസും സത്യസന്ധതയുടെ പ്രതീകമായി.
കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥാണ് സന്ധ്യയുടെ ഭര്‍ത്താവ്. മൂന്നു മാസം മുന്‍പ് സന്ധ്യ ചില്ലറ മാറാന്‍ ലോട്ടറിക്കടയില്‍ എത്തിയപ്പോഴാണ് ആദ്യമായി സാജനെ പരിചയപ്പെടുന്നത്. അന്ന് ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമില്ല. പിന്നീടു വല്ലപ്പോഴും സാജന്‍ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കും. അക്കാര്യം സന്ധ്യയെ അറിയിക്കും. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം സന്ധ്യ കൃത്യമായി നല്‍കും.
ഇന്നലെയും സാജന്‍ വിളിക്കുമ്പോള്‍ അത് ഒന്നാം സമ്മാനത്തിന്റെ കാര്യം പറയാനാണെന്നു കരുതിയതേയില്ല. കാരണം മാറ്റിവച്ച ടിക്കറ്റിന്റെ നമ്പര്‍ ഏതാണെന്നുപോലും സന്ധ്യ ശ്രദ്ധിച്ചിരുന്നില്ല. ഒന്നാം സമ്മാനത്തിന്റെ വിവരം മഞ്ജു ലക്കി സെന്ററില്‍നിന്നാണ് സാജനെ വിളിച്ചറിയിച്ചത്. അതോടെ നാട്ടിലെ താരമായി സന്ധ്യയും സാജനും മാറി.
ലോട്ടറിയടിച്ചാല്‍ ആ തുക കയ്യില്‍ കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലോട്ടറിയെടുക്കുന്നവര്‍ അറിയണം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാനാകും. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.
വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. ഒരു ലക്ഷം രൂപവരെ ഭാഗ്യശാലിക്ക് ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് മാറ്റിയെടുക്കാം. എന്നാല്‍ വലിയ തുക സമ്മാനം അടിച്ചാല്‍ നടപടി ക്രമങ്ങള്‍ ഇങ്ങനെയാണ്.
1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയില്‍ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആവശ്യമാണ്.
3. സ്റ്റാമ്പ് രസീത് ഫോറാത്തില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം.
4. പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ക്കാണ് സമ്മനം ലഭിച്ചതെങ്കില്‍, ഒരു ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കള്‍ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ആണിത്.
5. ഒന്നില്‍ കൂടുതല്‍ പേര്‍ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കില്‍, ഇവരില്‍ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏര്‍പ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തില്‍ ഇയാള്‍ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha