പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിയുമ്പോൾ ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു: കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഫസ്ന തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു

നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ സംഭവത്തിൽ മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് ഫസ്‌നയ്ക്ക് അറിവുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. തെളിവ് നശിപ്പിക്കാൻ ഫസന ശ്രമിച്ചു എന്നും പോലീസ് വ്യക്തമാക്കുന്നു.
അറസ്റ്റ് ഒഴിവാക്കുന്നതിനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ ഫസ്ന അവിടെ നിന്ന് ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പോലീസ് പിടിയിലായത്. ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്ന് ചാലിയാർ പുഴയിലേക്ക് ഒഴുക്കിയ ദിവസം രാത്രി ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചുവെന്ന് പോലീസ് പറയുന്നു.
2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് പോയത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആയിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം. എന്നാല്‍ ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല.
ഷാബാ ഷരീഫിനെ ഒളിവിൽ പാർപ്പിച്ച നിലമ്പൂർ മുക്കട്ടയിലെ സ്ഥിരം താമസക്കാരിയാണ് ഫസ്ന. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബ ഷരീഫ് മരിച്ചു. മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളാൻ ഷൈബിൻ അഷ്‌റഫ് കൂട്ടുകാരുടെ സഹായം തേടിയിരുന്നു. എന്നാല്‍ വാഗ്‌ദാനം ചെയ്‌ത പ്രതിഫലം നല്‍കാൻ അഷറഫിന് കഴിഞ്ഞില്ല. തുടര്‍ന്ന് 2022ൽ ഈ കൂട്ടുപ്രതികള്‍ ഷൈബിൻ അഷ്‌റഫിനെ ബന്ദിയാക്കി പണം കവരുകയായിരുന്നു.
കവർച്ചാക്കേസിൽ പരാതിയുമായി ഷൈബിൻ പോലീസിനെ സമീപിച്ചതോടെ പ്രതികളായ മൂന്നു പേർ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.ഇവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് പാരമ്പര്യ വൈദ്യന്റെ കൊലപാതക വിവരം പുറത്താകുന്നത്. പ്രതികൾ നൽകിയ പെൻഡ്രൈവിൽ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
പിന്നാലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫ്, സഹായത്തിനെത്തിയ വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരും കേസില്‍ അറസ്റ്റിലാവുകയായിരുന്നു. ഫസ്നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ മറ്റു പ്രതികളെ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് പലതവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടും ഹാജരായില്ലെന്നും പോലീസ് പറയുന്നു. ഇതിനെ തുടർന്നാണ് ഒളിവിൽ പോകാൻ ശ്രമിച്ച ഫസ്നയെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha