പുരപ്പുറ സോളാർ സ്ഥാപിച്ച സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളെ വൈദ്യുതി അളവെടുപ്പിന്റെ മറവിൽ കൊള്ളയടിക്കാൻ ശ്രമം; കെ.എസ്.ഇ.ബിയുടെ നീക്കം തടഞ്ഞ് റെഗുലേറ്ററി കമ്മിഷൻ

പുരപ്പുറ സോളാർ സ്ഥാപിച്ച സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളെ വൈദ്യുതി അളവെടുപ്പിന്റെ മറവിൽ കൊള്ളയടിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം റെഗുലേറ്ററി കമ്മിഷൻ തടഞ്ഞതായി റിപ്പോർട്ട്. തൽക്കാലം നിലവിലുള്ള നെറ്റ് മീറ്ററിംഗ് തുടർന്നാൽ മതിയെന്നും, വേണമെങ്കിൽ പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വൈദ്യുതി മറ്റാർക്കെങ്കിലും വിൽക്കാനും അവകാശമുണ്ടായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കുകയുണ്ടായി. കമ്മിഷൻ ചെയർമാനായിരുന്ന പ്രേമൻ ദിനരാജ് കാലാവധി പൂർത്തിയാകുന്നതിനു തൊട്ടുമുമ്പാണ് സോളാർ ഉടമകളെ രക്ഷിക്കുന്ന ഉത്തരവിറക്കിയിരുന്നത്.
ഈ ഉത്തരവ് ആഗസ്റ്റ് ഒന്നു മുതൽ നടപ്പിലാകുന്നതായിരിക്കും.വീടുകളിലെ സോളാർ പാനലിൽ നിന്ന് കെ.എസ്.ഇ.ബി ലൈനിലേക്കും അതിൽ നിന്ന്ഗാർഹികാവശ്യങ്ങൾക്ക് വീട്ടിലേക്കും വരുന്ന വൈദ്യുതി ഒരു ബൈ ഡയറക്ഷണൽ മീറ്റർ ഉപയോഗിച്ച് അളക്കുന്നതാണ് നിലവിലെ നെറ്റ് മീറ്ററിംഗ് എന്നത്. വീട്ടുടമ അധികമായി തന്നെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം നിലവിലെ താരിഫ് പ്രകാരം പണമടച്ചാൽ മതിയാകും. വീട്ടുടമ കുറവ് വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കിൽ മിച്ചമുള്ള വൈദ്യുതിയുടെ വിലയായി യൂണിറ്റിന് 3.91രൂപ നിരക്കിൽ വീട്ടുടമയ്ക്ക് നൽകുന്നതാണ്.
എന്നാൽ കെ.എസ്.ഇ.ബി വീട്ടിലേക്ക് നൽകുന്ന വൈദ്യുതിയും, സോളാർ പാനലിൽ നിന്ന് കെ.എസ്.ഇ.ബിക്ക് നൽകുന്ന വൈദ്യുതിയും രണ്ടു മീറ്റർ ഉപയോഗിച്ച് അളക്കുന്ന ഗ്രോസ് മീറ്ററിംഗ് വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ പുതിയ നിലപാട് എന്നാണ് അറിയാൻ കഴിയുന്നത്. ഇതനുസരിച്ച്, വീട്ടുടമ സോളാറിൽ നിന്ന് നൽകുന്ന വൈദ്യുതിക്ക് 3.97രൂപ നിരക്കിൽ പണം നൽകുന്നതായിരിക്കും. വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് സബ്സിഡിയില്ലാത്ത നിരക്കിൽ വലിയ തുകയുടെ ബിൽ വരുംനെറ്റ് മീറ്ററിംഗ് സംവിധാനത്തിൽ കെ.എസ്.ഇ.ബി വൻ നഷ്ടം നേരിടുന്നുണ്ടെന്നാണ് ഗ്രോസ് മീറ്ററിംഗ് വേണമെന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എന്നാൽ ഇത് സംസ്ഥാനത്തെ പുരപ്പുറ സോളാർ പദ്ധതിയുടെ നട്ടെല്ലൊടിക്കുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം 11ന് റെഗുലേറ്ററി കമ്മിഷൻ എറണാകുളത്ത് നടത്തിയ തെളിവെടുപ്പിൽ തന്നെ സോളാർ ഉടമകൾ ചൂണ്ടിക്കാട്ടിയതും ഇതാണ്. ഒരു മെഗാവാട്ടിൽ കൂടുതൽ സ്ഥാപിത ശേഷിയുളള സോളാർ പ്ളാന്റ് ഉടമകൾക്ക് ഗ്രോസ് മീറ്ററോ,നെറ്റ് മീറ്ററോ തിരഞ്ഞെടുക്കാമെന്നും കമ്മിഷൻ ഉത്തരവിൽ ഉണ്ട്.
https://www.facebook.com/Malayalivartha