അധ്യാപികയായ യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അധ്യാപികയായ യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതി അറസ്റ്റു ഭയന്ന് സംസ്ഥാനം വിട്ടെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ ഒളിവില്‍ പോയത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, പരാതി ഉയര്‍ന്നയുടന്‍ തന്നെ സിവിക് തമിഴ്‌നാട്ടിലേക്ക് കടന്നെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലാണ് സിവിക് താമസിച്ചു വന്നത്. ഇവിടേക്ക് പലതവണ അന്വേഷണസംഘം ചെന്നെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സിവികിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാള്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുകയാണ്. ഫോണ്‍ സ്വിച്ച് ഓഫാക്കിയാണ് പ്രതി മുങ്ങിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സിവിക് ചെന്നെത്താന്‍ ഇടമുള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണെന്നും ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
അതോടൊപ്പം തന്നെ ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ഇതിനിടെ പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുമുണ്ട്. മറ്റു സാക്ഷികളില്‍നിന്നുളള മൊഴിയെടുപ്പ് പുരോഗമിച്ചുവരുകയാണ്. സംഭവ സ്ഥലത്ത് അധ്യാപികയെ എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha