കുട്ടി സഖാക്കളുടെ ബിരിയാണി പ്രലോഭനം, സ്കൂൾ വിദ്യാർത്ഥികളെ രക്ഷിതാക്കൾ അറിയിക്കാതെ എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് പരാതി, ഇടത് അനുഭവികളായ ചില അധ്യാപകർ ഇതിന് കൂട്ട് നിന്നെന്ന് കോൺഗ്രസ് ആരോപണം, മുഖ്യനെ നടുക്കി പരാതിയും

പാലക്കാട് സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയതായി
പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് പരാതി. രക്ഷിതാക്കൾ അറിയിക്കാതെയാണ് കുട്ടികളെ ഇത്തരത്തിൽ സമരത്തിന് കൊണ്ടുപോയത്.
പാലക്കാട് കലക്ടറേറ്റ് മാർച്ചിലാണ് പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാർത്ഥികളെ സംഘടന പരിപാടിയ്‌ക്ക് കൊണ്ടുപോയെന്ന് ചൂണ്ടിക്കാണിച്ച് കുട്ടികളുടെ രക്ഷിതാക്കൾ എസ്എച്ച്ഒയ്‌ക്ക് പരാതി നൽകി.വിദ്യാർത്ഥികളെ കൊണ്ടുപോയവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.സംഭവത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.
അടുത്തുള്ള കോളജിലെ ചേട്ടന്മാർ തങ്ങളെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു. രക്ഷിതാക്കളോ അധ്യാപകരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടികൾ വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും സ്കൂളിൽ എത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുട്ടികളെ സമരത്തിനായി കൊണ്ടുപോയെന്ന് മനസ്സിലായി.
തുടർന്ന് രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധം നടത്തി. സമര പരിപാടി കഴിഞ്ഞ് മടങ്ങിവരവെ എസ്എഫ്ഐ പ്രവർത്തകരും രക്ഷിതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.സ്കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകർ കൂട്ട് നിന്നാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസും രക്ഷിതാക്കളും പരാതി നൽകിയിരിക്കുകയാണ്.
അധ്യാപകർ കുട്ടികൾ എത്താത്ത വിവരം മറച്ചുവെച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി.ഇടത് അനുഭാവമുള്ള ചില അധ്യാപകരുടെ പിന്തുണയോടെയാണ് കുട്ടികളെ എസ്എഫ്ഐ കൊണ്ടുപോയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
സ്കൂളിൽ ഇന്ന് അടിയന്തിര പിടിഎ യോഗം നടക്കും.അതേസമയം, മുൻകൂട്ടി അനുവാദം വാങ്ങിയാണ് കൊണ്ടുപോയതെന്നാണ് എസ്എഫ്‌ഐ പാലക്കാട് ജില്ല കമ്മിറ്റി പ്രതികരിച്ചത്.എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാർച്ച്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha