തലസ്ഥാന ജില്ലാ താലൂക്ക് സര്‍വ്വെയരെ 10,000 രൂപ കൈക്കൂലിക്കെണിവച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പു കേസില്‍ പ്രതിയായ സര്‍വ്വെയര്‍ ഗിരീഷിനെ റിമാന്റ് ചെയ്ത് തിരുവനന്തപുരം വിജിലന്‍സ് കോടതി

തലസ്ഥാന ജില്ലാ താലൂക്ക് സര്‍വ്വെയരെ 10,000 രൂപ കൈക്കൂലിക്കെണിവച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പു കേസില്‍ പ്രതിയായ സര്‍വ്വെയര്‍ ഗിരീഷിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു.
14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലിലേക്കാണ് പ്രതിയെ ജഡ്ജി ജി.ഗോപകുമാര്‍ റിമാന്റ് ചെയ്തത്. ജൂലൈ 26 വൈകിട്ട് 6 മണിക്കാണ് കിഴക്കേക്കോട്ട ട്രാന്‍സ്‌പോര്‍ട്ട് ഭവന് അടുത്ത് വച്ച് സര്‍വെയരെ കെണിവച്ച് കുടുക്കി അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് ഓഫീസില്‍ വച്ച് കറന്‍സി നോട്ടു നമ്പരുകള്‍ രേഖപ്പെടുത്തി ഫിനോഫ്തലിന്‍ പൊടി വിതറി എന്‍ട്രസ്റ്റ്‌മെന്റ് മഹസറില്‍ വിവരിച്ച് സര്‍വ്വെയര്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്ന് നിര്‍ദേശിച്ച് പ്രവാസിയായ പരാതിക്കാരന് നല്‍കിയ കെണിപ്പണമായ 10,000 രൂപ സര്‍വ്വെയറില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് കേസ്. കെണിപ്പണവും പ്രവാസിയുമൊത്ത് വിജിലന്‍സ് സംഘം നേരത്തേ പറഞ്ഞുറപ്പിച്ച ട്രാന്‍സ്‌പോര്‍ട്ട് ഭവനടുത്തെത്തി.
പ്രവാസിയെ സ്ഥലത്ത് നിര്‍ത്തി വിജിലന്‍സ് സംഘം മറഞ്ഞു നിന്നു. സര്‍വ്വെയര്‍ കെണിപ്പണം കൈപ്പറ്റിയെന്ന സിഗ്‌നല്‍ ലഭിച്ചയുടന്‍ വിജിലന്‍സ് സംഘം സര്‍വ്വയരെ വളഞ്ഞു. ചോദ്യം ചെയ്ത ശേഷം കെണിപ്പണം വീണ്ടെടുത്തു. വിജിലന്‍സ് കൊണ്ടു വന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ ഗിരീഷിന്റെ കൈവിരലുകള്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. കെണിപ്പണം ഗിരിഷ് കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് വിജിലന്‍സ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൈക്കൂലി നല്‍കുന്നതും ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും കുറ്റകരമാണെങ്കിലും കൈക്കൂലി ട്രാപ്പ് അറസ്റ്റ് കേസില്‍ കൈക്കൂലി നല്‍കുന്നയാള്‍ക്ക് ഡെക്കോയി വിറ്റ്‌നസ് (വശീകരണ സാക്ഷി ) എന്ന നിയമ പരിരക്ഷയുണ്ട്. അതിനാല്‍ പരാതിക്കാരനെതിരെ പൊതുസേവകനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലനില്‍ക്കില്ല. ട്രാപ്പ് അല്ലാത്ത സംഭവത്തില്‍ പൊതുസേവകനെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ആ വ്യക്തിക്കെതിരെ പൊതുസേവകന്റെ പരാതിയില്‍ കേസെടുക്കാവുന്നതാണ്.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ പ്രവാസിക്ക് മുരുക്കുംപുഴയിലുള്ള 2 ഏക്കര്‍ പുരയിടത്തില്‍ 1 ഏക്കര്‍ പുരയിടം ഗള്‍ഫിലായിരുന്ന സമയത്ത് 35 വര്‍ഷങ്ങള്‍ക്കുമുന്‍പ് മരണപ്പെട്ട സഹോദരിയുടെ മകന്റെ പേരിലേയ്ക്ക് വ്യാജ രേഖകള്‍ ചമച്ച് മാറ്റിയിരുന്നു. കൊറോണയെ തുടര്‍ന്ന് തിരികെ നാട്ടിലെത്തിയ പരാതിക്കാരന്‍ പ്രസ്തുത 1 ഏക്കര്‍ ഭൂമി തിരികെ തന്റെ പേരിലാക്കുന്നതിന് കലക്ടര്‍ക്ക് അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ താലൂക്ക് സര്‍വ്വെയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
അതുപ്രകാരം താലൂക്ക് സര്‍വ്വെ ഓഫീസിലെത്തി കാര്യം തിരക്കിയപ്പോള്‍ പ്രസ്തുത ഫയല്‍ താലൂക്ക് സര്‍വ്വയര്‍ ആയ ഗിരീഷിന്റെ പക്കലാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് പല പ്രാവശ്യം ഗിരീഷിനെ കണ്ടെങ്കിലും വിവിധ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ 10,000 രൂപ കൈക്കൂലി തന്നാല്‍ വേഗത്തില്‍ ശരിയാക്കി തരാമെന്ന് ഗിരീഷ് പറയുകയും ഈ വിവരം പ്രവാസി വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha