നിയമസഭക്കേസ്..... ആറു പ്രതികളും ഹാജരാകാന്‍ തലസ്ഥാനവിചാരണ കോടതിയുടെ അന്ത്യശാസനം.... കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ സെപ്റ്റംബര്‍ 14 ന് ഹാജരാകാനാണ് അവസാന അവസരം നല്‍കിയിരിക്കുന്നത്

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ 6 പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാന്‍ തലസ്ഥാനവിചാരണ കോടതിയുടെ അന്ത്യശാസനം.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍.രേഖയാണ് പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ സെപ്റ്റംബര്‍ 14 ന് ഹാജരാകാനാണ് അവസാന അവസരം നല്‍കിയിരിക്കുന്നത്. ഹാജരാകാന്‍ വീണ്ടും കൂടുതല്‍ സമയം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി േൈഹക്കാടതിയും തള്ളിയ സാഹചര്യത്തിലാണ് വിചാരണ കോടതിയുത്തരവ്.
പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി േൈഹക്കാടതിയുടെ പരിഗണനയിലായതിനാലാണ് കേസ് പല തവണ മാറ്റി വച്ചത്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തലിനായി എല്ലാ പ്രതികളും ഹാജരാകാന്‍ സിജെഎം ആര്‍. രേഖ 2021 ഡിസംബര്‍ മുതല്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു.
എല്ലാപ്രതികളും വിചാരണ നേരിടാനും ഉത്തരവിട്ടു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുള്ളതിനാല്‍ പ്രതികളെ വിചാരണ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പോലീസ് റിപ്പോര്‍ട്ടും സാക്ഷിമൊഴികളും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പോലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്.
വിടുതല്‍ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ കേസ് ശിക്ഷയില്‍ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ഈ ഘട്ടത്തില്‍ തെളിവുകള്‍ ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സാക്ഷി വിസ്താര വിചാരണയ്ക്കു ശേഷമാണ് തെളിവു മൂല്യം വിലയിരുത്തുന്നത്. പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടത്. കുറ്റ സ്ഥാപനത്തില്‍ 2 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ പോലീസ് കുറ്റപത്രവും സാക്ഷിമൊഴികളും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോര്‍ട്ട് ചാര്‍ജ് (കോടതി കുറ്റപത്രം) പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നത്.
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിയമസഭാ കൈയ്യാങ്കളി ദ്യശ്യങ്ങള്‍ വ്യാജമെന്നതടക്കമുള്ള പ്രതികളുടെ ഡിഫന്‍സ് വാദങ്ങള്‍ തള്ളി കൊണ്ടാണ് കോടതി ഉത്തരവ്. ഇത്തരം വാദങ്ങളെല്ലാം വിചാരണയില്‍ പരിഗണിക്കേണ്ട വിഷയങ്ങളാണെന്നും കോടതി വ്യക്തമാക്കി. നേരത്തേ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജി തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവ് പുറപ്പെടുവിച്ച മുന്‍ സിജെഎമ്മും നിലവില്‍ പോക്‌സോ കോടതി ജഡ്ജിയുമായ ആര്‍. ജയകൃഷ്ണന്‍ 2020 സെപ്റ്റംബര്‍ 22 ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വച്ച് പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം നാശനഷ്ടം വരുത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് ആണ് വിടുതല്‍ ഹര്‍ജിയില്‍ പ്രതികള്‍ വാദിച്ചിരുന്നത്. സുരക്ഷാ ജീവനക്കാരായ വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. തങ്ങള്‍ മാത്രമല്ല സ്പീക്കറുടെ ഡയസില്‍ കയറിയതെന്നും എം എല്‍ എ മാരായ സുനില്‍ കുമാര്‍ , ബി.സത്യന്‍ , തോമസ് ഐസക്ക് എന്നിവരടക്കം 20 ഓളം എം എല്‍ എ മാരും കയറിയെന്ന് പ്രതികള്‍ വാദിച്ചിരുന്നു. . അന്വേഷണത്തില്‍ പാളീച്ചകളുള്ളതിനാലും തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
തങ്ങള്‍ക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നാണ് കുറ്റവിമുക്തരാക്കല്‍ ഹര്‍ജിയില്‍ പ്രതികള്‍ പറയുന്നത്. തങ്ങള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ല. തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ല. വാച്ച് ആന്റ് വാര്‍ഡും പോലീസുകാരുമായ ഔദ്യോഗിക സാക്ഷികളല്ലാതെ 140 എം എല്‍ എ മാരെയും 21 മന്ത്രിമാരെയും സാക്ഷികളാക്കിയിട്ടില്ല. സി സി റ്റി വി ദൃശ്യങ്ങള്‍ ശരിയായും നിയമ പരമായ രീതിയിലും സാക്ഷ്യപ്പെടുത്തിയിട്ടില്ല.ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 65 ബി പ്രകാരം തൊണ്ടിമുതലായ ദൃശ്യ സിഡികള്‍ ഏത് ഡിവൈസില്‍ നിന്നാണെടുത്തതെന്ന സാക്ഷ്യപത്രം ഫോറന്‍സിക് റിപ്പോര്‍ട്ടിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടില്ല. അതിനാല്‍ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നും പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചത്.
സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കല്‍ ഹര്‍ജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു. സഭയിലെ കൈയ്യാങ്കളിക്ക് സാമാജികര്‍ക്ക് പരിരക്ഷയില്ലന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ട് 2020 ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പിന്‍വലിക്കല്‍ ഹര്‍ജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താന്‍ പ്രതികളോട് ഹാജരാകാന്‍ അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. അതേ സമയം സര്‍ക്കാര്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha