കോട്ടൺഹിൽ സ്കൂൾ വിഷയത്തിൽ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ്, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുത്. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ല.
ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറഞ്ഞു. ഹെഡ്മാസ്റ്റർക്ക് എതിരായ പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രധാന അധ്യാപകനെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രധാനാധ്യാപകന് എതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നിൽ പരാതികള്‍ എത്തിയിരുന്നു. ചാരായക്കേസിൽ സസ്‌പെൻഷനിൽ ആയിരുന്നുവെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. 2020ല്‍ ചാരായം കടത്തിയ കേസില്‍ പോലീസ് പുറത്തു വിട്ട ഫോട്ടോയടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടത്.
ഇടതുപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി എ നേതാവായ വിന്‍സെന്റിന്റെ കേസില്‍ അധികൃതര്‍ കണ്ണടച്ചതിനാലാണ് സസ്‌പെന്‍ഷന് ശേഷം കോട്ടണ്‍ഹില്‍ പോലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി എത്താന്‍ കഴിഞ്ഞതായി ആരോപിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടണ്‍ഹില്‍ സ്കൂളില്‍ പരാതിക്കാസ്പദമായ സംഭവം നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി.
https://www.facebook.com/Malayalivartha