കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹം...

കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നാരുവാമൂട് സ്വദേശി കിരണിനെ ജൂലൈ 9നാണ് കാണാതായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് കിരണിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു എന്നായിരുന്നു കേസ്. കേസില്‍ ഒന്നാം പ്രതിയായ സഹോദരി ഭര്‍ത്താവ് ആഴിമല സ്വദേശി രാജേഷ് ഇന്ന് കീഴടങ്ങിയിരുന്നു. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് അച്ഛന്‍. കിരണ്‍ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാണെന്നും കിരണിന്റെ അച്ഛന്‍ പറഞ്ഞു.
വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. എന്താണു സംഭവിച്ചതെന്നു പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.
ജൂലൈ 13ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പൊലീസും കിരണിന്റ ബന്ധുക്കളും കുളച്ചലിലെത്തിയിരുന്നു. തുടര്‍ന്നാണ് കിരണിന്റെ മൃതദേഹം പിതാവ് തിരിച്ചറിഞ്ഞത്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പൊലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചത്.
പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























