എകെജി സെന്റര്‍ ആക്രമണത്തിൽ പൊലീസ് ഒത്തുകളി സംശയിക്കുന്ന വിവരങ്ങള്‍ പുറത്ത്, തട്ടുകടക്കാരനെ കേന്ദ്രീകരിച്ച അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ചതില്‍ ദുരൂഹത, കസ്റ്റഡിയിലെടുത്ത യുവാവിന് സി.പി.എം നേതാവുമായി അടുപ്പം, ഒന്നരദിവസത്തെ കസ്റ്റഡിക്കുശേഷം വിട്ടയച്ചത് ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിൽ....!

സി.പി.എം സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എ.കെ.ജി സെന്റര്‍ ആക്രമണ സംഭവത്തില്‍ പൊലീസ് അട്ടിമറി സംശയിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവസമയത്ത് അതുവഴി കടന്നുപോയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ച അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ചതില്‍ ദുരൂഹത ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം. സ്ഫോടകവസ്ത് എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ കൃത്യമായ വിവരം ലഭിക്കും മുമ്പ് വിട്ടയച്ചു.
സി.പി.എം നേതാവുമായി ഇയാള്‍ക്ക് അടുപ്പമുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഒന്നരദിവസത്തെ കസ്റ്റഡിക്കുശേഷം ഉന്നത ഉദ്യോഗസ്ഥന് ഇടപെട്ട് വിട്ടയച്ചതെന്നാണ് ആരോപണംം. ഇയാളുടെ ഫോണ്‍ വിളി ഉള്‍പ്പെടെ അന്വേഷിക്കേണ്ടതില്ലെന്ന നിര്‍ദേശം പ്രത്യേക സംഘത്തിന് ലഭിച്ചെന്നും അതോടെയാണ് കേസില്‍ രണ്ടു പ്രതികളുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഒരാള്‍ മാത്രമേയുള്ളൂവെന്ന നിഗമനത്തിലെത്തിയതെന്നും ആക്ഷേപമുണ്ട്.
സംഭവത്തിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് രണ്ടുപേരെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. ആദ്യത്തേത് സ്ഫോടക വസ്തു എറിഞ്ഞയാളും രണ്ടാമത്തേത് ആക്രമണത്തിന് മുമ്പും ശേഷവും അതുവഴി പോയ സ്കൂട്ടര്‍ യാത്രികനുമാണ്.രണ്ടാം ദിവസം സ്കൂട്ടര്‍ യാത്രികനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ജനറല്‍ ആശുപത്രി പരിസരത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു യാത്രികന്.
തട്ടുകടയിലേക്ക് എ.കെ.ജി സെന്ററിന് സമീപത്തെ ടാപ്പില്‍നിന്ന് വെള്ളമെടുക്കാന്‍ എത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, സ്ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് അത് കൈമാറിയത് ഇയാളാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം.തുടര്‍ന്ന് കേസില്‍ രണ്ട് പ്രതികളുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു. പിന്നീടാണ് ഒരാള്‍ മാത്രമേയുള്ളൂയെന്ന നിഗമനത്തിലെത്തിയത്.
എന്നാല്‍, പൊലീസ് ആക്ഷേപങ്ങള്‍ തള്ളി. തട്ടുകടക്കാരനെ സംശയിക്കാനുള്ള തെളിവ് കിട്ടിയില്ലെന്നും അയാള്‍ എന്നും അതുവഴി പോകുന്ന ആളാണെന്ന് ഉറപ്പായതിനാലാണ് വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു.ജൂണ്‍ 30ന് രാത്രിയാണ് എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. സംഭവം നടന്ന് ഒരുമാസമാകാറായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചെങ്കിലും തുടർ നടപടികൾ അനിശ്ചിതത്വത്തിലാണ്.
https://www.facebook.com/Malayalivartha