നന്ദാവനം എ.ആര്‍.ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാർ തമ്മിലടി; ഡ്യൂട്ടിക്കിടെ മദ്യപിച്ച് തമ്മിലടിച്ച പോലീസുകാര്‍ക്കെതിരേ കേസെടുത്ത് അധികൃതർ

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച് തമ്മിലടിച്ച പോലീസുകാര്‍ക്കെതിരേ കേസെടുത്തു. നന്ദാവനം എ.ആര്‍.ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലാല്‍കുമാര്‍, ഷാജി എന്നിവരുടെ പേരിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ഇരുവരും നന്ദാവനം എ.ആര്‍. ക്യാമ്പിനുള്ളില്‍ മദ്യപിച്ച് ബഹളം വക്കുകയും തമ്മിലടിക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്യാമ്പിലെ ഡ്രൈവര്‍മാരായ ഇവര്‍ ഡ്രൈവർ ബാരക്കില്‍ വെച്ചാണ് മദ്യപിച്ചതും പിന്നീട് തമ്മിലടിച്ചതും. സംഭവത്തിൽ രണ്ടുദിവസത്തിനകം ഇവര്‍ക്കെതിരേ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന. ഡ്യൂട്ടിക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുക്കുന്നത്.
അതേസമയം മുമ്പും എ.ആര്‍.ക്യാമ്പില്‍ പോലീസുകാര്‍ മദ്യപിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ പതിവായി അതൊക്കെ സാധാരണ കേസാക്കി ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴത്തെ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.
https://www.facebook.com/Malayalivartha