ആദിവാസി കൈയേറ്റം എന്നത് അട്ടപ്പാടിയുടെ ശാപം... മുത്തച്ഛന്റെ സ്വത്തായ നാലേക്കറിനായി പത്തുവര്‍ഷത്തോളമായി കേസ് നടത്തുന്നുവെന്ന് നഞ്ചിയമ്മ

മുത്തച്ഛന്റെ സ്വത്തായ നാലേക്കറിനായി പത്തുവര്‍ഷത്തോളമായി കേസ് നടത്തുന്നുവെന്ന് ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മ. അട്ടപ്പാടിയിലെ തന്റെ നാലേക്കര്‍ കൈയേറിയതിനെതിരെ ഏതറ്റം വരെ നിയമനടപടിക്ക് പോകാന്‍ തയാറാണ്. തൃശൂരില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് അട്ടപ്പാടിയില്‍ ഒരു വ്യക്തി കൈയേറിയത്. ഞങ്ങള്‍ ആ ഭൂമിയില്‍ കയറുമ്പോള്‍ ആ വ്യക്തി തടുക്കുകയും തന്റെ ഭൂമിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനെതിരെ കേസ് കൊടുത്തിട്ടുണ്ട്.
തൊഴിലുറപ്പില്‍ നിന്ന് കിട്ടുന്ന പണം കൂട്ടിവെച്ചാണ് പത്തുവര്‍ഷത്തോളമായി കേസ് നടത്തിവരുന്നതെന്ന് അവര്‍ പറഞ്ഞു. ആദിവാസി കൈയേറ്റം എന്നത് അട്ടപ്പാടിയുടെ ശാപമാണ്. എല്ലായിടത്തും കൈയേറ്റമാണ്. ഞങ്ങളുള്‍പ്പെടെ കേസ് നടത്തി എത്രയോ പണം നഷ്ടമാകുന്നു. മാമന്റെ അച്ഛന്‍, മാമന്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ ഏട്ടന്‍, ഇപ്പോഴിതാ ഞങ്ങള്‍ പെണ്ണുങ്ങളാണ് ഇപ്പോള്‍ കേസ് നടത്തുന്നത്.
ഞങ്ങളുടെ ഭൂമിയില്‍ കയറാന്‍ സമ്മതിക്കുന്നില്ല. പൊലീസും എത്തി ഇപ്പോള്‍ കേസില്‍ ഒരു തീരുമാനമാകട്ടെ എന്ന് പറഞ്ഞ് വിലക്കുന്നു. ഞങ്ങളുടെ ഭൂമിക്ക് എല്ലാ രേഖകളും കൈയിലുണ്ട്. ആഗസ്റ്റ് രണ്ടിന് കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നറിയാം തീരുമാനം.
കോടതിയിലും സര്‍ക്കാറിലുമാണ് ഞങ്ങളുടെ പ്രതീക്ഷ. ദൈവം വിചാരിക്കുന്നപോലെയേ കാര്യങ്ങള്‍ നടക്കൂ. എന്റെ മാത്രം കാര്യമല്ല, അട്ടപ്പാടിയിലെ കൈയേറ്റത്തിന് ഇരയായവരുടെ പ്രതീക്ഷ 'നിങ്ങളി'ലാണ്. അല്ലാതെ യുദ്ധത്തിനോ സമരത്തിനോ പോരാട്ടത്തിനോ ഞങ്ങള്‍ തയ്യാറല്ല. പുതുതലമുറക്ക് അത്തരം കാര്യങ്ങളിലൊന്നും താല്‍പര്യമില്ല താനും. പക്ഷേ അവര്‍ കൈയേറി മരം നട്ടാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ തടുക്കും.
പല മന്ത്രിമാരും കലക്ടറും അവാര്‍ഡ് കിട്ടിയ ശേഷം വന്നു കണ്ടെങ്കിലും ഈ വിഷയം അവരോട് അവതരിപ്പിക്കാനായില്ല. ഇനി അവതരിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. അട്ടപ്പാടിയില്‍ കൃഷി ചെയ്യാന്‍ പ്രധാന തടസം ആനയും പന്നികളുമാണ്. സര്‍ക്കാര്‍ അവയുടെ ശല്യം ഒഴിവാക്കിത്തരാം എന്ന് ഉറപ്പുനല്‍കുകയാണെങ്കില്‍ വീണ്ടും കൃഷി ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്.
മുമ്ബ് റാഗി, ചാമി, പച്ചമുളക്, തക്കാളി എന്നിവയൊക്കെ കൃഷിചെയ്തിരുന്നു. അന്നത്തെ കുട്ടികള്‍ക്ക് അതിന്റെ ഉശിര് ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഞങ്ങള്‍ പണിചെയ്തുകൊണ്ടുവരുന്ന പണം കൊണ്ട് അരി വാങ്ങിവെച്ച്‌കൊടുക്കണം. അവര്‍ക്ക് ഉശിര് ഇല്ലതാനും. കൃഷി ഇല്ലാതായതോടെ പെണ്ണുങ്ങള്‍ തൊഴിലുറപ്പിന് പോയി കിട്ടുന്ന കാശ് കൊണ്ടാണ് കുടുംബം പുലരുന്നതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha