മുഖ്യമന്ത്രിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ.... കാർണിവലിൽ അടിച്ചു! മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയിട്ടു....

പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാരൻ റോഡിലേക്ക് ചാടി വീണത്. സുരക്ഷാ ഉദ്യോഗസ്ഥർ ഒരു നിമിഷം അന്ധാളിച്ചുവെങ്കിലും വളരെ വേഗം പ്രതിഷേധക്കാരനെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പതിവ് വേഷം ഉപേക്ഷിച്ച് കള്ളിമുണ്ടും ധരിച്ചാണ് ഇയാൾ റോഡരികിൽ നിന്നത്. ഇതാണ് പൊലീസിന്റെ ശ്രദ്ധ ഇയാളിൽ പതിയാതിരുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പോക്കറ്റ് റോഡിൽ നിന്നു കയറിവന്ന അകമ്പടി വാഹനത്തിനു മുന്നിലേയ്ക്കാണ് ഇയാൾ എടുത്തു ചാടിയത്. അകമ്പടി വാഹനം നിർത്തിയതോടെ പിന്നാലെയെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനും നിർത്തേണ്ടി വന്നു. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാർ പ്രതിഷേധക്കാരനെ കണ്ട് വലതു ഭാഗത്തേയ്ക്കു വെട്ടിച്ചെങ്കിലും അവിടെ മതിലായിരുന്നതിനാൽ ഡ്രൈവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഈ സമയം കൊണ്ടാണ് മുഖ്യമന്ത്രി ഇരുന്ന സീറ്റിനു നേരെയുള്ള ചില്ലിനടുത്തേയ്ക്കെത്തി പ്രതിഷേധക്കാരൻ കരിങ്കൊടി കാട്ടിയതും ചില്ലിലിടിച്ചതും.
എറണാകുളം ജില്ലയിൽ നിരവധി ഇടങ്ങളിലാണ് മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. കാക്കനാട്ടും കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം ഇന്ന് കാണുവാൻ സാധിക്കുമായിരുന്നു. കാക്കനാട്ട് ഓടുന്ന കാറിനു മുന്നിലേക്കു കരിങ്കൊടി കാട്ടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാടി വീണതോടെ കാർ നിർത്തേണ്ടിവന്നു. സ്വര്‍ണ കള്ളക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കളമശേരിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ പി. ആന്‍റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം.
മുഖ്യമന്ത്രി പുതുതായി വാങ്ങിയ കിയ കാർണിവലിന് നേരായാണ് ഈ പ്രതിഷേധമുണ്ടായത്. 33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽകാന്തിന്റെ നിദ്ദേശപ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha



























