കെ എസ് ആർ ടി സി യുടെ കൊടുംചതി: നെട്ടോട്ടമോടി യാത്രക്കാർ... മൂന്ന് ദിവസത്തെ സർവീസുകൾ വെട്ടിച്ചുരുക്കി:- ഞായറാഴ്ച ഓർഡിനറി സർവീസുകൾ പൂർണമായും ഒഴിവാക്കും- കെ.എസ്.ആർ.ടി.സി മരണത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയാണ് സർവീസ് നിർത്തലാക്കലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്

ദിവസ വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ തുടങ്ങിയതോടെ കെഎസ്ആർടിസിയിൽ ഡീസൽ വിതരണം മുടങ്ങി. എണ്ണക്കമ്പനികൾക്ക് പണമടയ്ക്കുന്നത് നിർത്തിവച്ചതോടെ മൂന്ന് ദിവസത്തെ കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്. ഓർഡിനറി സർവീസുകൾക്കാണ് ഇന്നും ശനി ഞായർ ദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 50 ശതമാനവും ശനിയാഴ്ച 25 ശതമാനവും സർവീസുകൾ മാത്രമാണ് നടത്തുക. ഞായറാഴ്ച ഓർഡിനറി സർവീസുകൾ പൂർണമായും ഒഴിവാക്കും. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകൾക്ക് കൈമാറിയിരിക്കുന്നത്.
നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്.
പ്രതിദിനം നാല് ലക്ഷത്തി പതിനായിരം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടി വാങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് പൊതുമേഖല എണ്ണ കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത്. കൂടുതല്‍ തുകയ്ക്ക് ഡീസല്‍ വാങ്ങേണ്ടി വരുന്നതോടെ പ്രതിദിനം പത്തൊമ്പത് ലക്ഷം രൂപ അധികമായി നല്‍കേണ്ടിവരും. ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലുള്ള കോര്‍പറേഷന്റെ അടച്ചുപൂട്ടലിന് ഇത് വഴിവെക്കുമെന്ന് കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം പണമില്ലാത്തതുകൊണ്ടല്ല ഐ.ഒ.സി.യിലെ തൊഴിലാളിയൂണിയനുകളുടെ സമരം കാരണമാണ് ഡീസല്‍ പ്രതിസന്ധിയുണ്ടായതെന്നാണ് കെഎസ്ആര്‍ടിസി. അധികൃതരുടെ വാദം.
കൊട്ടാരക്കര ഡിപ്പോയിൽ 33 ഓർഡിനറി സർവീസ് ഡീസൽ ക്ഷാമത്തെ തുടർന്ന് തടസ്സപ്പെട്ടു. ഡിപ്പോയിലെ 67 ഓർഡിനറി ബസുകളിൽ 33 ബസുകളും സർവീസ് നടത്തിയില്ല. കൊല്ലം, പുനലൂർ, പത്തനാപുരം, അടൂർ, ആയൂർ, പാരിപ്പള്ളി ചെയിൻ സർവീസുകളും മുടങ്ങി. ബസുകൾ ഇല്ലാത്തത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ വലച്ചു. അതേ സമയം ഡീസല്‍ പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് എത്തി.
കെ.എസ്.ആർ.ടി.സി മരണത്തിലേക്ക് അടുക്കുകയാണ്. അതിന്റെ സൂചനയാണ് സർവീസ് നിർത്തലാക്കൽ. ലാഭത്തിലുള്ള സർവീസുകൾ സ്വിഫ്റ്റിലാക്കി.കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 5 ഇരട്ടിയായി ഉയർന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണ്.കെ എസ് ആർ ടി സിയെ അടച്ചുപൂട്ടാനാണ് നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























