മേയർക്ക് പരാതിക്കൊപ്പം ഐ ലവ് യു ; പരാതിക്കാരന്റെ സംശയം മാറ്റാൻ മേയറുടെ സെൽഫി ; നഗരസഭ ജനങ്ങളിലേക്ക് എന്ന ക്യാമ്പയിൻ കൈയ്യടി നേടുമ്പോൾ

നഗരസഭ ജനങ്ങളിലേക്ക് എന്ന കാമ്പയിന്റെ ഭാഗമായി വാട്സാപ്പില്‍ മേയർക്ക് വരുന്ന പരാതികൾക്കിടയിലാണ് രസകരമായ സംഭവങ്ങൾ. കവടിയാര്‍ പാര്‍ക്ക് പൊളിച്ചിട്ടിരിക്കുന്നത് കൊണ്ട് കളിക്കാന്‍ കഴിയാത്ത സങ്കടം പറഞ്ഞ രണ്ടാം ക്ലാസുകാരന്‍ വ്യാസ് മേയറോട് ഐ ലവ് യു വും പറഞ്ഞു. ബുധനാഴ്ച രാത്രി പതിനൊന്നോടെ പാര്‍ക്ക് സന്ദര്‍ശിച്ച ശേഷമാണ് മേയര്‍ വ്യാസിനു മറുപടി നല്‍കിയത്. ഉടനെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം വ്യാസിനെ പാര്‍ക്കില്‍ കൊണ്ടുപോകാമെന്ന് മേയര്‍ ഉറപ്പും നല്‍കി.
കള്ളത്തരങ്ങൾ ഒരുപാട് നടക്കുന്ന കാലമായതിനാൽ വാട്സാപ്പിലേക്ക് അയച്ച പരാതിക്ക് മറുപടിനല്‍കുന്നത് ശരിക്കും മേയര്‍ തന്നെ ആണോയെന്ന് പരാതിക്കാരന് സംശയം. മറുപടിയായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ നൽകിയത് തന്റെ സെല്‍ഫി.
മേലാംകോട് വാര്‍ഡില്‍നിന്നുള്ള പരാതി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി വാട്സാപ്പില്‍ മറുപടി നൽകിയ മേയറോടാണ് പരാതിക്കാരൻ സംശയം ഉന്നയിച്ചത്. തുടർന്ന് സെല്‍ഫി ഇട്ടുള്ള മേയറുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ആവുകയും ചെയ്തു.
മേയറുടെ വാട്സാപ്പിലെത്തുന്ന പരാതികൾക്ക് കഴിയുന്നത് വേഗം പരിഹാരം കാണുന്നുമുണ്ട്. ഈഞ്ചയ്ക്കല്‍ ബസ് സ്റ്റോപ്പ് വൃത്തിഹീനമായി കിടക്കുന്നതായുള്ള പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അവിടം വൃത്തിയാക്കി. കുമാരപുരം പൊതുജനം റോഡ് കാടുപിടിച്ചുകിടക്കുന്നത് ലൊക്കേഷന്‍ സഹിതമാണ് പരാതിയായി ലഭിച്ചത്. ഇതും അടുത്ത ദിവസം തന്നെ കോര്‍പ്പറേഷനിലെ ജീവനക്കാരെത്തി വൃത്തിയാക്കി. സമീപത്തെ വീട്ടില്‍നിന്നു മലിനജലം ഒഴുകിയെത്തുന്നു എന്നതായിരുന്നു കുളത്തൂരില്‍ നിന്നുള്ള റാണിയുടെ പരാതി. സമീപവാസിക്ക് നോട്ടീസ് നല്‍കുകയും പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു.
കണ്ണാശുപത്രിക്കു സമീപം സ്ത്രീ പ്ലാസ്റ്റിക് കത്തിക്കുന്നുവെന്ന പരാതിയെത്തി നിമിഷങ്ങള്‍ക്കകം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം സ്ഥലത്തെത്തി. പ്ലാസ്റ്റിക് കത്തിക്കരുതെന്നും അവ കോര്‍പ്പറേഷന്റെ ശേഖരണകേന്ദ്രങ്ങളില്‍ കൈമാറണമെന്നും നിര്‍ദേശം നല്‍കി.
ഇപ്പോള്‍ നഗരസഭ ജനങ്ങളിലേക്ക് എന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് മേയര്‍ നേരിട്ട് പരാതികളും അപേക്ഷകളും സ്വീകരിക്കുകയാണ്. കോര്‍പ്പറേഷന്റെ 11 സോണല്‍ ഓഫീസുകളില്‍ മേയര്‍ നേരിട്ടെത്തി പരാതി സ്വീകരിച്ച് പരിഹാരം കാണുകയാണ്. ശ്രീകാര്യം, വിഴിഞ്ഞം, സോണല്‍ ഓഫീസുകളിലെ കാമ്പയിന്‍ കഴിഞ്ഞു. സെപ്റ്റംബര്‍ 16-ന് കടകംപള്ളി സോണല്‍ ഓഫീസില്‍ നടക്കുന്ന പരിപാടിയോടെ കാമ്പയിന്‍ സമാപിക്കും.
വിഴിഞ്ഞം സോണല്‍ ഓഫീസില്‍ നടത്തിയ കാമ്പയിനില്‍ അഞ്ഞൂറിലേറെ പരാതികളും അപേക്ഷകളും ലഭിച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. വാട്സാപ്പിലേക്ക് എത്തുന്ന പരാതികള്‍ എല്ലാം രാത്രി വൈകിയാലും ഓഫീസില്‍ ഇരുന്നുതന്നെ നോക്കും. പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയശേഷം മാത്രമേ ഓഫീസില്‍ നിന്നും ഇറങ്ങാറുള്ളൂവെന്നും മേയര്‍ പറയുന്നു.
https://www.facebook.com/Malayalivartha




















