റിട്ട. കോളേജിയേറ്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന് കല്ലു കെട്ടി കിണറ്റിലിട്ട കേസ്... ബംഗാള്‍ സ്വദേശി ആദം അലിയെ റിമാന്റ് ചെയ്തു , പബ്ജി കളിക്കടിമയായി തോറ്റതില്‍ മൊബൈല്‍ അടിച്ചു പൊട്ടിച്ചു, വീട്ടമ്മയെ തല്ലിയെന്നും സിം തമ്പാനൂര്‍ എത്തിക്കാന്‍ കൂട്ടുകാരനോട് നിര്‍ദേശിച്ച പ്രകാരം സിംകാര്‍ഡുമായി എത്തിയപ്പോഴേക്കും അലി ട്രെയിനില്‍ കയറിയിരുന്നു,വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി ചെന്നൈക്ക് കടക്കുകയായിരുന്നു, സംഭവമിങ്ങനെ....

കേശവദാസപുരത്ത് റിട്ട. കോളേജിയേറ്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന ശേഷം കല്ലു കെട്ടി കിണറ്റില്‍ തള്ളിയ കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ആദം അലി (21) യെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു. പോലീസിനെ കുറിച്ച് പരാതിയില്ലെന്ന് പ്രതി ബോധിപ്പിച്ചു.
പ്രഥമദൃഷ്ട്യാ കേസുള്ളതിനാലും കൊലപാതകവും കവര്‍ച്ചയും ജാമ്യമില്ലാ വകുപ്പായതിനാലും കൊലപാതകക്കുറ്റം സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസായതിനാലും കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു. ആഗസ്റ്റ് 7 പട്ടാപ്പകലാണ് നാടിനെ നടുക്കിയ ക്രൂരപാതകം നടന്നത്.വീട്ടമ്മയുടെ അയല്‍പക്കത്തുള്ള വാടക വീട്ടില്‍ 5 അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം താമസിക്കുകയായിരുന്നു അലി. കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുവദിച്ചിരുന്നു.
കേശവദാസപുരം മോസ്‌ക് ലെയിന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെയാണ് (68) ഞായറാഴ്ച രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജുക്കേഷനില്‍നിന്ന് വിരമിച്ചവരാണ്. വര്‍ക്കലയിലെ മകളെ കാണാന്‍ ദിനരാജ് പോയപ്പോഴായിരുന്നു കൊലപാതകം. ശരീരത്തിലണിഞ്ഞിരുന്ന 7 പവന്‍ സ്വര്‍ണ്ണമാണ് മോഷണം പോയത്.
പബ്ജി ഗെയിമിനടിമയായി സ്ഥിരമായി ക്ഷിപ്ര കോപ പ്രകൃതക്കാരനായിരുന്നു അലി. കൊലയ്ക്ക് രണ്ടു നാള്‍ മുമ്പ് പബ്ജി കളിയില്‍ തോറ്റതില്‍ വച്ച് ക്ഷിപ്ര കോപിയായ ആദം അലി സ്വന്തം മൊബൈല്‍ ഫോണ്‍ അടിച്ചു പൊട്ടിച്ചിരുന്നു. അയല്‍വാസിയായ വീട്ടമ്മയെ തല്ലിയെന്നും സിം തമ്പാനൂര്‍ എത്തിക്കണമെന്നും കൂട്ടുകാരനോട് നിര്‍ദേശിച്ച പ്രകാരം സുഹൃത്ത് സിം കാര്‍ഡുമായി എത്തിയപ്പോഴേക്കും അലി ട്രെയിനില്‍ കയറിയിരുന്നു.
വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി ചെന്നൈക്ക് കടക്കുകയായിരുന്നു. 8-ാം തീയതി തിങ്കളാഴ്ച തമിഴ്‌നാട് പോലീസ് തടഞ്ഞുവെച്ച് കേരളാ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് റെയില്‍വേ പൊലീസ് പിടികൂടിയത്. കൊലപാതകശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഞായറാഴ്ച വൈകീട്ട് ചെന്നൈ എക്‌സ്പ്രസില്‍ ചെന്നൈയിലേക്ക് പോയ ആദം ആലിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേരള പൊലീസിന് ലഭിച്ചു. ഇയാളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ സിറ്റി മെഡിക്കല്‍ കോളേജ് പൊലീസ് തിങ്കളാഴ്ച രാവിലെ ചെന്നൈ പൊലീസിന് കൈമാറി.
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് മറ്റൊരു ട്രെയിനില്‍ കൊല്‍ക്കത്തയിലേക്ക് പോകാന്‍ ശ്രമിക്കവെ ഉച്ചക്ക് രണ്ടോടെ ആര്‍.പി.എഫിന്റെ വലയിലായത്. ഇയാളെ ചെന്നൈയില്‍ ചെന്ന് കസ്റ്റഡിയിലെടുത്തത് മെഡിക്കല്‍ കോളജ് സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ്.
അന്വേഷണത്തില്‍ സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ വിവരം ലഭിച്ചു.
തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വിയില്‍നിന്ന് ഞായറാഴ്ച ഉച്ചക്ക് ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്ന ദൃശ്യം ലഭിച്ചു. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റക്കാണ് കൃത്യം ചെയ്യുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വൈകീട്ട് 4.15ന് ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ വിവരം ലഭിച്ചു. 5.15 ലെ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
അയല്‍വീട്ടിലെ സ്ത്രീയെ തല്ലി, ഇനി ഇവിടെ നില്‍ക്കുന്നില്ല. വെള്ളം എടുക്കുന്നതിനെ ചൊല്ലി മനോരമയുമായി വഴക്കിട്ടതായും ദേഷ്യംവന്ന് താന്‍ ആ സ്ത്രീയെ തല്ലിയെന്നും ആദം ആലി പറഞ്ഞതായി കൂടെ താമസിച്ചവര്‍ പൊലീസിന് മൊഴി നല്‍കി. സംഭവം പ്രശ്‌നമാകുമെന്നതിനാല്‍ ഇനി താനിവിടെ നില്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ സ്ഥലംവിട്ടത്. പബ്ജി ഗെയിമില്‍ തല്‍പരനായിരുന്ന ആദം രണ്ട് ദിവസം മുമ്പ് കളിയില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഫോണ്‍ തകരാറിലായതോടെ സിം ഊരി മാറ്റി. എന്നാല്‍, പോകുന്നതിനിടയില്‍ സിം എടുക്കാന്‍ മറന്നു.
ഉള്ളൂരിലെത്തിയ ഇയാള്‍ യാത്രക്കാരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുമ്പ് ആദം സ്ഥലംവിട്ടെന്ന് ഒപ്പമുള്ളവര്‍ മൊഴി നല്‍കി. അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പാണ് ആദം അലിയും സംഘവും കേരളത്തിലെത്തിയത്. മനോരമയുടെ വീട്ടില്‍നിന്നായിരുന്നു ഇവര്‍ വെള്ളമെടുത്തിരുന്നത്. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് ഞായറാഴ്ച ഉച്ചയോടെ മനോരമയെ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha




















