നീണ്ട ആറ് വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ, കുടുംബത്തിലെ മറ്റൊരാളുമായി സൂര്യപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് അടിക്കടി വഴക്ക്:- രാവിലെ വീട്ടിലെത്തി ഫോൺ പരിശോധിച്ചപ്പോൾ 'ആ കാഴ്ച' സുജീഷിന്റെ സമതല തെറ്റിച്ചു: തർക്കത്തിനിടെ കയ്യിലെ വളപൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് സൂര്യപ്രിയ, തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി സുജീഷ്....

ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. പ്രണയത്തിൽ നിന്ന് പിൻവാങ്ങിയെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ മേലാർകോട് ശിവദാസൻ്റെ മകൾ സൂര്യപ്രിയയെ അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് ചീകോട് സുജീഷ് കൊലപ്പെടുത്തിയത്.
6 വർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സൂര്യപ്രിയ തന്നിൽ നിന്ന് അകലുകയാണെന്ന് സുജീഷ് സംശയിച്ചിരുന്നതായും ഇതേക്കുറിച്ച് തലേ ദിവസം രാത്രി ഫോണിലൂടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ തന്നെ സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തി മൊബൈൽ വാങ്ങി പരിശോധിച്ചു. ഇതോടെ വീണ്ടും തർക്കമായി. പിന്നീട് തോർത്ത് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നാണ് സുജീഷ് നൽകിയ മൊഴി.
കൃത്യത്തിനൊടുവിൽ പ്രതി സൂര്യപ്രിയയുടെ മൊബൈലുമായി ബൈക്കിൽ 8 കിലോമീറ്റർ അകലെയുള്ള ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സമീപവാസികളും സൂര്യപ്രിയയുടെ മരണവിവരം അറിയുന്നത് തന്നെ. സുജീഷ് വീട്ടിൽ എത്തിയ സമയം ആരും ഉണ്ടായിരുന്നില്ല. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും ഗീതയുടെ സഹോദരൻ രാധാകൃഷ്ണനുമാണ് ഇവിടെ താമസിക്കുന്നത്. ഗീത തൊഴിലുറപ്പ് ജോലിയ്ക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് സുജീഷ് എത്തി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
കോളേജ് പഠന കാലത്ത് തുടങ്ങിയതായിരുന്നു ഇരുവരുടെയും പ്രണയം. സൂര്യയ്ക്ക് കുടുംബത്തിലെ മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുവരും ഫോണിലൂടെ വഴക്കുണ്ടാക്കിയത്. മൊബൈലിൽ ചാറ്റ് ചെയ്തത് ഉൾപ്പെടെ കണ്ടതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമാവുകയായിരുന്നു. സൂര്യപ്രിയ കൈയിലെ വളകൾ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുജീഷ് പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് സുജീഷ് വീട്ടീലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം സൂര്യയുടെ മൊബൈൽ ഫോണുമായി ബൈക്കിൽ ആലത്തൂർ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സേലം കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ് മാനാണ് സുജീഷ്.
അതേ സമയം, സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽപെൺകുട്ടികൾ അതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് . പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും ഞെട്ടലോടെയാണ് കേരളം സമൂഹം കേട്ടതെന്നും ഡിവൈഎഫ്ഐയുടെ പ്രസ്താവനയില്‍ പറയുന്നു.സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയിൽ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത്.
നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവത്കരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകൾ തുടരുമെന്നും കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാനും സൂര്യപ്രിയക്ക് നീതി ലഭിക്കാനും സംഘടന ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha






















