മലപ്പുറത്ത് ബേക്കറി കടയുടെ ഗ്രിൽ തകർത്ത് 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്ലേറ്റുകളും മോഷ്ടിച്ച് കടന്നുകളഞ്ഞു:- ഇരുന്നൂറോളം ഓട്ടോകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 24കാരൻ അറസ്റ്റിൽ

മുഖം മറച്ചെത്തി ബേക്കറിയിൽ നിന്ന് ചോക്ലേറ്റും പലഹാരങ്ങളും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. താനൂര്‍ ജ്യോതി കോളനിയില്‍ കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്‌ലം എന്ന 24 വയസ്സുകാരനെയാണ് താനൂര്‍ എസ് ഐ ആര്‍ ബി കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്.
മലപ്പുറത്ത് താനാളൂര്‍ പകരയില്‍ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോര്‍ എന്ന ബേക്കറിയിലാണ് രാത്രി 12മണിക്കും പുലര്‍ച്ചെ 1. 30നും ഇടയ്ക്ക് മോഷണം നടന്നത്. നിരവധി സിസിടിവികള്‍ പരിശോധിച്ചതില്‍ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു.
നമ്പര്‍ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 200 കണക്കിന് ഓട്ടോകള്‍ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഡ്രൈവര്‍ ആയ പ്രതി രാത്രി മുഖം മറച്ച് കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്ലേറ്റുകളും മോഷണം നടത്തി ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു.
കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതിയെ എസ് ഐ കൃഷ്ണ ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസിര്‍മാരായ സലേഷ്, മുഹമ്മദ് കുട്ടി സി പി ഒ മാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരുടെ സംഘം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























