പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങൾ തുടർക്കഥ; സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മരിച്ചത് മൂന്ന് പേർ, വിദഗ്ധപഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍! 2020-ലും 21-ലുമായി പേ വിഷബാധയേറ്റ് മരിച്ചത് 16 പേർ, കാരണം ചികഞ്ഞ് വിദഗ്ധർ

സംസ്ഥാനത്ത് പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിദഗ്ധപഠനം വേണമെന്ന് വ്യക്തമാക്കി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നുപേരാണ് മരിച്ചത്. തൃശ്ശൂരില്‍ ഒരു പോസ്റ്റ് വുമണും പാലക്കാട് കോളേജ് വിദ്യാര്‍ഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുമാണ് ഇത്തരത്തിൽ മരിച്ചത്. അതായത് ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്നുമരണങ്ങളുമുണ്ടായത്.
അങ്ങനെ കുത്തിവെപ്പെടുത്തശേഷമുള്ള മരണങ്ങള്‍ കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വാക്സിന്റെ ഗുണമേന്മയില്ലായ്മയാണോ, സൂക്ഷിച്ചതിലെ പ്രശ്‌നമാണോ, കുത്തിവെച്ചതിലെ പിഴവാണോ കാരണമെന്ന് ഇതുവരെ വിശദമായി പരിശോധിക്കപ്പെട്ടിട്ടുമില്ല. അതുകൊണ്ട് തന്നെ പൊതുജനാരോഗ്യ വിദഗ്ധന്‍, മൈക്രോബയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സമിതിയുണ്ടാക്കി ഗൗരവമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരത്തിൽ മരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇതൊരു ഒറ്റപ്പെട്ട നിസ്സാരസംഭവമായി കാണാന്‍ കഴിയില്ലെന്ന് പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. സുല്‍ഫി നൂഹു ചൂണ്ടിക്കാണിക്കുന്നു. ''വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് ആരോപണമുയരുന്നത്. പക്ഷേ, അതാണോ കാരണമെന്ന് കണ്ടെത്തണമെങ്കില്‍ പഠനം വേണം. യഥാര്‍ഥകാരണം കണ്ടെത്താതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കണം. വളരെ ഗൗരതരമായ പ്രശ്‌നമാണിത്.'' - എന്നും അദ്ദേഹം പറയുന്നു.
അതേസമയം സംസ്ഥാനത്ത് തെരുവുപട്ടികള്‍ പെരുകുന്നതിനാല്‍ കടിയേല്‍ക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേല്‍ക്കുന്നവരുടെ എണ്ണവും ഇതോടൊപ്പം കൂടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ 16,000 കുപ്പി മരുന്ന് കേന്ദ്ര ഡ്രഗ് ലാബില്‍ ഗുണമേന്മ പരിശോധന നടത്താത്തതാണ്. ആ ബാച്ചില്‍പ്പെട്ട മരുന്നുകള്‍ നല്‍കിയതുകൊണ്ടാണ് ഫലമില്ലാതെപോയതെന്നും സംശയം ഉയരുന്നുണ്ട്.
കൂടാതെ ശരിയായ താപനിലയിലല്ല മരുന്ന് സൂക്ഷിച്ചതെങ്കില്‍ പ്രയോജനം ലഭിക്കാതെപോവും. തൊലിയിലാണ് കുത്തിവെക്കേണ്ടത്. മറ്റ് ഇന്‍ജക്ഷനുകള്‍പോലെ ഇത് കുത്തിവെക്കരുത് എന്നതും വ്യക്തമാണ്. വാക്സിനെ പ്രതിരോധിക്കുന്ന രീതിയില്‍ വൈറസിന് എന്തെങ്കിലുംതരത്തിലുള്ള ജനിതകമാറ്റം സംഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. പക്ഷേ, ജനിതകമാറ്റത്തിന് വളരെ കുറഞ്ഞ സാധ്യതയേ കാണുന്നുള്ളൂ. അതുകൊണ്ടാണ് അധികൃതർ വിദഗ്ധപഠനം നിര്‍ദേശിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha























