കാവിക്കൂടാരത്തില്‍ തമ്മില്‍ തല്ല്, ചേരി തിരിഞ്ഞ് വി. മുരളീധരന്‍ പക്ഷവും പി.കെ. കൃഷ്ണദാസ് പക്ഷവും

തദ്ദേശ തെരഞ്ഞടുപ്പ് നേരിടാനിരിക്കെ ബിജെപിയില്‍ ഗ്രൂപ്പ് പോര്. പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കളെ തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ചു സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരനെ അനുകൂലിക്കുന്നവരും പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മറുപക്ഷവും തമ്മിലുള്ള കലഹമാണു കാവിക്കൂടാരത്തെ പിടിച്ചുലയ്ക്കുന്നത്.
മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദനു വേണമെങ്കില്‍ \'മിസ്ഡ് കോള്‍\' മുഖേന അംഗത്വം പുതുക്കാമെന്ന മുരളീധരന്റെ പ്രസ്താവനയ്ക്കു ചുട്ടമറുപടിയുമായി മുകുന്ദന്‍ മൗനം ഭഞ്ജിച്ചു. താന്‍ ഇപ്പോഴും പാര്‍ട്ടി അംഗമാണെന്നും അതു പുതുക്കേണ്ട കാര്യമില്ലെന്നുമാണു മുകുന്ദന്റെ മറുപടി. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനു ഗവര്‍ണര്‍ പദവി നല്‍കാത്തതിനു പിന്നില്‍ അധികാരക്കൊതിയനായ മുരളീധരനാണെന്നു മുന്‍ സംസ്ഥാനാധ്യക്ഷന്‍ കെ. രാമന്‍പിള്ളയും തുറന്നടിച്ചതോടെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം വെട്ടിലായി.
രാജഗോപാല്‍ ഗവര്‍ണറായാല്‍ മറ്റു സ്ഥാനങ്ങളിലേക്കു തങ്ങളെ പരിഗണിക്കാതിരിക്കുമോ എന്ന ഭയമാണു മുരളീധരന്റെയും കൂട്ടരുടെയും നീക്കത്തിനു പിന്നിലെന്നു രാമന്‍പിള്ള പറഞ്ഞു. \'രാജഗോപാലിനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ ഇക്കൂട്ടര്‍ തയാറായില്ല. പണ്ട് ഞാനടക്കമുള്ള നേതാക്കള്‍ പലവട്ടം ആവശ്യപ്പെട്ടതനുസരിച്ചാണു രാജഗോപാലിനെ എം.പിയും കേന്ദ്രമന്ത്രിയുമാക്കിയത്. ദേശീയ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനായി സുരേഷ്‌ഗോപിയെ നിയമിക്കുമെന്ന വാഗ്ദാനംപോലും നടപ്പാക്കാന്‍ കഴിയാത്തവരാണ് എന്നെയും മുകുന്ദനെയും അപഹസിക്കുന്നത്. മുരളീധരനെപ്പോലുള്ള അധികാരക്കൊതിയന്‍മാര്‍ നേതൃത്വത്തിലുള്ളിടത്തോളം കേരളത്തില്‍ ബി.ജെ.പിക്കു മുന്നേറാനാകില്ല. എനിക്കും മുകുന്ദനുമെതിരേ സംസാരിക്കുന്നവര്‍ ഇരിക്കുന്ന സ്ഥാനമോര്‍ക്കണം. തലസ്ഥാനത്തെ മാരാര്‍ജി ഭവനടക്കം പണികഴിപ്പിച്ചതു ഞാനാണ്.
ചാനലുകളില്‍ ചെന്നിരുന്നു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ പ്രസ്ഥാനത്തിന്റെ ചരിത്രം മറക്കുന്നു. ഒന്നുമില്ലായ്മയില്‍നിന്നു ഞങ്ങളുടെ കൗമാരവും യൗവനവും പണയപ്പെടുത്തിയാണു പ്രസ്ഥാനം വളര്‍ത്തിയത്. ആ ഞങ്ങളോടാണു മിസ്ഡ് കോള്‍ അടിച്ച് അംഗമാകാന്‍ പറയുന്നത്. മിസ്ഡ് കോള്‍ അടിച്ച് ഏതു ക്രിമിനലിനും പാര്‍ട്ടി അംഗമാകാം. അത്തരത്തിലാണോ ഞങ്ങളോടു പെരുമാറേണ്ടതെന്നു നേതൃത്വം ചിന്തിക്കണം. ഇത്തരക്കാരുടെ കീഴിലാണു പ്രവര്‍ത്തിക്കേണ്ടതെങ്കില്‍ ബി.ജെ.പിയിലേക്കു മടക്കമില്ല. മുരളീധരനെപ്പോലെ അധികാരഭ്രമമുള്ളവര്‍ നേതൃത്വമൊഴിഞ്ഞാലേ മടക്കത്തെക്കുറിച്ച് ആലോചിക്കൂ.
ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തില്‍ സംഘടനാപ്രവര്‍ത്തനം തുടങ്ങി, രണ്ടുവട്ടം സംസ്ഥാനാധ്യക്ഷന്‍, അഞ്ചുതവണ ജനറല്‍ സെക്രട്ടറി, ദേശീയനിര്‍വാഹകസമിതിയംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ആരോടും പാര്‍ട്ടി അംഗത്വത്തിനായി അപേക്ഷിച്ചിട്ടില്ല. മുരളീധരന്റെ പ്രസ്താവന എന്നെ മാത്രമല്ല, ഒരുകാലഘട്ടത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതാണ്.
ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിങിനെയും ഉമാഭാരതിയേയും തിരികെയെത്തിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതു കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലമാണ്. കേരളത്തിലും പാര്‍ട്ടിയില്‍നിന്നകന്ന നേതാക്കളെ തിരികെക്കൊണ്ടുവരണമെന്നാണ് ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യം. എന്നാല്‍,അതിനൊന്നും ഇവിടുത്തെ നേതാക്കള്‍ക്കു താല്‍പര്യമില്ല. അതുകൊണ്ടാണ് എസ്.എന്‍.ഡി.പിയുമായുള്ള ഐക്യചര്‍ച്ചകളില്‍ സംസ്ഥാനനേതൃത്വത്തെ അടുപ്പിക്കാത്തത്. പാര്‍ട്ടിക്ക് ഇത്രയും അനുകൂലസാഹചര്യമുണ്ടായിട്ടും മുതലാക്കാന്‍ ഇവര്‍ക്കാകുന്നില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കൂടുതല്‍ സീറ്റ് കിട്ടുമെങ്കിലും വലിയൊരു മുന്നേറ്റം സാധ്യമാകില്ല. ആദ്യഘട്ടത്തിലെ മേല്‍കൈ ശാശ്വതികാനന്ദ വിഷയത്തില്‍ കളഞ്ഞുകുളിച്ചതു നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ്\' രാമന്‍പിള്ള തുറന്നടിച്ചു.
അതേസമയം, മുകുന്ദന്റെയും രാമന്‍പിള്ളയുടെയും പേരില്‍ വിവാദമുയര്‍ത്തി ബി.ജെ.പിയില്‍ അന്തഃഛിദ്രമുണ്ടാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നു വി. മുരളീധരന്‍ തൊടുപുഴയില്‍ പറഞ്ഞു. ഇടുക്കി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ നേതൃദാരിദ്ര്യമില്ല. കോണ്‍ഗ്രസിന്റെ ചില കുഴലൂത്തുകാരാണു മിസ്ഡ് കോള്‍ അംഗത്വം വിവാദമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha