കൊലയാളി നിസാമിന്റെ വിചാരണ ഇന്ന് തുടങ്ങും, വധശിക്ഷവാങ്ങി നല്‍കാനുറച്ച് പ്രോസിക്യൂഷന്‍

പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങും. 108 സാക്ഷികളുള്ള, വിവാദ വ്യവസായി മുഹമ്മദ് നിസാം പ്രതിയായ കേസില്‍ ആദ്യ രണ്ട് സാക്ഷികളെയാണ് തിങ്കളാഴ്ച വിസ്തരിക്കുക. ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമല്‍ 11ാം സാക്ഷിയാണ്. നവംബര്‍ ഏഴ് വരെ 104 സാക്ഷികളെ വിസ്തരിക്കും.
നവംബര്‍ 30ന് വിധി പറയുന്ന വിധമാണ് വിചാരണയുടെ സമയക്രമം തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രബോസിനെ ഇടിക്കാനുപയോഗിച്ച ആഡംബര വാഹനമായ ഹമ്മര്‍ കാര്‍ കഴിഞ്ഞ ദിവസം കോടതി വളപ്പിലത്തെിച്ചു. ജഡ്ജ് കെ.പി. സുധീറാണ് വാദം കേള്‍ക്കുന്നത്. ഒന്നു മുതല്‍ 11 വരെ സാക്ഷികളുടെ വിസ്താരം ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ദിവസവും ഉച്ചകഴിഞ്ഞ് കോടതി സമയം തുടങ്ങി വൈകീട്ട് അഞ്ച് വരെയായിരിക്കും വിചാരണ.
കഴിഞ്ഞ ജനുവരി 29നാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാര്‍, ആക്രമണം കണ്ട് ഓടിയത്തെിയ താമസക്കാര്‍ എന്നിവരടക്കമാണ് സാക്ഷികള്‍. തുടര്‍ച്ചയായി നടക്കുന്ന വിചാരണക്കിടെ നവംബര്‍ അഞ്ചിന് ഒഴിവുനല്‍കിയിട്ടുണ്ട്. വിചാരണതീയതി നിശ്ചയിച്ചിട്ടില്ലാത്ത സാക്ഷികളെ ഈ ദിവസം പരിഗണിച്ചേക്കും. ദിവസം രണ്ട് മുതല്‍ പത്ത് വരെ സാക്ഷികളെ വിസ്തരിക്കും. 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ അമല്‍ അടക്കം 12 പ്രധാന സാക്ഷികളുടെ മൊഴി നിര്‍ണായകമാണ്. ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പന്ത്രണ്ടാം സാക്ഷിയാണ്.
കൊലപാതകം, അതിക്രമിച്ചു കയറി അപായപ്പെടുത്താന്‍ ശ്രമം, ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ നിസാമിനെതിരെ ചുമത്തിയിട്ടുണ്ട്. നിസാം മൂന്ന് തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതിയടക്കം തള്ളിയിരുന്നു. കണ്ണൂര്‍ ജയിലിലായിരുന്ന നിസാമിനെ ഞായറാഴ്ച രാത്രിയോടെ വിയ്യൂരിലത്തെിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിചാരണ നടക്കുന്ന ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിക്കും ജഡ്ജ് കെ.പി.സുധീര്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു എന്നിവര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. കോടതി പരിസരത്ത് പൊലീസ് നിരീക്ഷണവും സേനയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha