കൊച്ചിയിൽ ഓണക്കിറ്റിനെ ചൊല്ലി തർക്കം, റേഷൻ കടക്കാരന് മർദ്ദനം, അക്രമത്തിൽ പ്രതിഷേധിച്ച് റേഷൻ കടകൾ അടച്ചിടും

കൊച്ചിയിൽ കിറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ റേഷൻ കടക്കാരന് മർദ്ദനം. ആലുവ കീഴ്മാടാണ് സംംഭവം. അക്രമത്തിൽ പരിക്കേറ്റ റേഷൻ കടയിലെ സെയിൽസ്മാൻ അബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റ് ആവശ്യപ്പെട്ട റേഷൻ കാർഡുടമയോട് കിറ്റ് പൂർണമായി എത്തിയില്ലെന്നും എത്തിയത് തീർന്നുവെന്നും അറിയിച്ചപ്പോൾ ഷമീർ എന്നയാളുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ റേഷൻ എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ എ എം യൂസഫ്, എ ആർ ഉണ്ണികൃഷ്ണൻ, ദിലീപ് മലയാറ്റൂർ, വി ടി തോമസ് അയ്യമ്പുഴ എന്നിവർ പ്രതിഷേധിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ കീഴ്മാട്ടിലെ റേഷൻ കടകൾ അടച്ചിടും.
അതേസമയം, സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി നൽകുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓഗസ്റ്റ് 23 മുതൽ 27 വരെ മഞ്ഞ, പിങ്ക് റേഷൻകാർഡ് ഉടമകൾക്കായിരുന്നു ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്.
27ന് മാത്രം 7,18,948 കിറ്റുകൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വാങ്ങാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























